ആയുര്‍വേദ ആശുപത്രിയുടെ മറവില്‍ തട്ടിപ്പ് നടത്തുന്നതായി പരാതി
കല്‍പ്പറ്റ: കൂളിവയലില്‍ ആയൂര്‍വേദ ആശുപത്രിയുടെ മറവില്‍ ഡോക്ടറും മറ്റുള്ളവരും തട്ടിപ്പ് നടത്തുകയാണെന്ന് ആക്ഷന്‍കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആദിവാസികള്‍ ഉള്‍പ്പെടെ ഈ തട്ടിപ്പിന് ഇരയായിട്ടുണ്ട്. കൂളിവയല്‍ പിലാക്കണ്ടി അബ്ദുള്‍ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് ചികിത്സ നടത്തുന്നത്. ആദിവാസികളെ പ്രലോഭിപ്പിച്ച് സൗജന്യമായി ചികിത്സിച്ച് രോഗം ഭേദപ്പെടുത്തി തരാമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. ഇതിന്റെ പേരില്‍ സന്നദ്ധ സംഘടനകളില്‍ നിന്നും സിനിമാ പ്രവര്‍ത്തകരില്‍നിന്നും വ്യക്തികളില്‍ നിന്നും വ്യാപകമായി പണം സ്വരൂപിക്കുകയും ചെയ്തു. എന്നാല്‍ ആദിവാസികള്‍ക്ക് ഒരു ഗുണവും ലഭിച്ചില്ല. പതിമൂന്നുകാരന്റെ വളര്‍ച്ചാമുരടിപ്പ് മാറ്റാമെന്ന് പറഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യിക്കുകയും സ്‌പോണ്‍സര്‍മാരെ കിട്ടാതെ വന്നപ്പോള്‍ രോഗിയുടെ അമ്മയെ കൊണ്ട് വീട്ട് ജോലി എടുപ്പിക്കുകയും ചെയ്തു. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അരിവാള്‍ രോഗത്തിന് ചികിത്സയിലായിരുന്ന മറ്റൊരു രോഗിയെയും ഇത്തരത്തില്‍ കബളിപ്പിച്ചു. നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചത്. ഒരു വര്‍ഷത്തോളമായി കെട്ടിട ഉടമക്ക് വാടക പോലും നല്‍കിയിട്ടില്ല. രസീതില്ലാത്തതുകൊണ്ടാണ് വാടക നല്‍കാത്തതെന്ന ആരോപണം തെറ്റാണ്. കഴിഞ്ഞ ദിവസം വാടക ചോദിച്ചെത്തിയ സി.എച്ച് ഹംസ, മറിയം എന്നിവരെ പരുക്കേല്‍പ്പിച്ചു. ഈ സാഹചര്യത്തിലാണ് കെട്ടിട ഉടമയെ സഹായിക്കാന്‍ നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. വാര്‍ത്താസമ്മേളനത്തില്‍ പി.കെ ബാലസുബ്രഹ്മണ്യം, മൂസ കൂളിവയല്‍, എ കുങ്കിയമ്മ, എ കമല, സി.എച്ച് ഹംസ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."