വോട്ട് ബഹിഷ്‌കരണ ആഹ്വാനവുമായി മാവോയിസ്റ്റ് പോസ്റ്ററുകള്‍
റായ്പൂര്‍: ദന്തേവാഡയില്‍ ബി.ജെ.പി എം.എല്‍.എയെയും നാല് സുരക്ഷാ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയതിനു പിന്നാലെ ഛത്തിസ്ഗഡിലെ പലയിടങ്ങളിലും മാവോയിസ്റ്റുകളുടെ ഭീഷണിയിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ദന്തേവാഡ, ബിജാപ്പൂര്‍, സുക്മ, നാരായണ്‍പൂര്‍ ജില്ലകളിലാണ് വീടുകളുടെ ചുമര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വോട്ട് ബഹിഷ്‌കരണ മുന്നറിയിപ്പുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ചൂണ്ടിക്കാട്ടി മാവോയിസ്റ്റ് ദര്‍ബ ഡിവിഷന്‍ കമ്മിറ്റിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍. വീടുകള്‍ക്ക് പുറമെ പോസ്റ്റ് ഓഫിസുകള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുടെ ചുമരുകളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ക്കെതിരേയും മുന്നറിയിപ്പുണ്ട്.
കോര്‍പ്പറേറ്റുകള്‍ക്കായി രാജ്യത്തെ കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുകയാണ്. എന്നിട്ടാണ് അവര്‍ ദേശീയതയെക്കുറിച്ച് പറയുന്നതെന്നും പോസ്റ്ററുകളില്‍ ആരോപിക്കുന്നുണ്ട്. അതേസമയം ബി.ജെ.പി എം.എല്‍.എ ഭിമ മണ്ഡാവിയെയും നാല് സുരക്ഷാ ഉദ്യോഗസ്ഥരേയും കൊലപ്പെടുത്തിയ സംഭവത്തില്‍ നൂറോളം വരുന്ന മാവോയിസ്റ്റ് സംഘമായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. ഇവരുടെ വാഹന വ്യൂഹത്തിനുനേരെ ആക്രമണം നടന്ന സ്ഥലത്തു നിന്ന് മാവോയിസ്റ്റുകളില്‍ നിന്ന് നഷ്ടപ്പെട്ട ജി.പി.എസ് സംവിധാനം കണ്ടെടുത്തിട്ടുണ്ട്.
സ്‌ഫോടനത്തിന് പിന്നില്‍ ഇതിന്റെ സാന്നിധ്യവും ഉണ്ടായിട്ടുണ്ടെന്ന് പൊലിസ് പറയുന്നു. ദേവ. വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നും പൊലിസ് സംശയിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."