'അപകടവഴി'യായി പള്ളുരുത്തി കളത്ര പാലം
പള്ളുരുത്തി: കളത്ര പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനം നിലച്ചത് അപകടങ്ങള്‍ക്ക് കാരണമായി മാറുന്നു. മഴ പെയ്തതോടെ പണിതീരാത്ത പാലത്തില്‍ നിന്നും ഇറങ്ങുന്ന ഇരുചക്രവാഹനങ്ങള്‍ തെന്നി കായലിലേക്ക് വീഴുന്നത് പതിവായി. എട്ടു മാസത്തോളമായി പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചിരിക്കയാണ്. പാലത്തിന്റെ അപ്രോച്ച് റോഡ് ബലപ്പെടുത്തിയിട്ടില്ല. ഇത് ദിനംപ്രതി താഴേക്ക് ഇരിക്കുകയാണ്. പാലത്തില്‍ നിന്നും താഴേക്ക് ചെമ്മണ്ണ് ഇട്ടിരിക്കയാണ്. മഴ ശക്തി പ്രാപിച്ചതോടെ ഇവ ചെളിയായിമാറി. ഇതോടെ ഇരുചക്രവാഹനങ്ങള്‍ പലതും കുത്തനെ ഇറങ്ങുമ്പോള്‍ തെന്നി പോകുകയാണ് .
മൂന്നോളം ബൈക്കുകള്‍ കായലിലേക്ക് വീണതായി പ്രദേശവാസികള്‍ പറഞ്ഞു. കാല്‍നട യാത്രീകരും ദുരിതം പേറുകയാണ്. ബണ്ടിനു കുറുകെ ഉരുക്കു റോപ്പുകള്‍ കെട്ടിയിരിക്കുന്നതും കാല്‍നടയാത്രക്കാരേയും ബൈക്ക് യാത്രീകരേയും ദുരിതത്തിലാക്കുന്നുണ്ട്. ഏറെ ബുദ്ധിമുട്ടിലായിരിക്കുന്നത് സ്‌ക്കൂള്‍ വിദ്യാര്‍ഥികളാണ്.
ഇരുകരകളിലുമായി എട്ടോളം സ്‌ക്കൂളുകളാണ് പ്രവര്‍ത്തിക്കുന്നത്. നുറുകണക്കിന് വിദ്യാര്‍ഥികളാണ് ഒരുകരയില്‍ നിന്നും മറുകരയിലേക്ക് പഠിക്കാനായി പോകുന്നത്. ഇവര്‍ക്ക് ഏറെ ദൂരം കറങ്ങി ചുറ്റി തിരിഞ്ഞു പോകേണ്ട അവസ്ഥയിലാണ്. കനത്ത മഴ ഇവര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. അടിയന്തിരമായി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ദുരിതം ഒഴിവാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."