തോക്ക് നിയന്ത്രണത്തിന് ന്യൂസിലന്‍ഡ് പാര്‍ലമെന്റിന്റെ അംഗീകാരം
വെല്ലിങ്ടണ്‍: ക്രൈസ്റ്റ് ചര്‍ച്ച് മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേന്‍ പ്രഖ്യാപിച്ച തോക്ക് നിയന്ത്രണ ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം.
പ്രഹരശേഷി കൂടിയ റൈഫിളുകളുടെയും സെമി ഓട്ടോമാറ്റിക്് തോക്കുകളുടെയും നിയന്ത്രണത്തിനാണ് പാര്‍ലമെന്റ് ഒരാള്‍ ഒഴികെയുള്ള മുഴുവന്‍ അംഗങ്ങളും പിന്തുണച്ചത്. ഒന്നിനെതിരേ 119 വോട്ടുകളുടെ പിന്‍ബലത്തിലാണ് ബില്ല് പാസാക്കിയത്. ഗവര്‍ണര്‍ ജനറലില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ നിയമം ഉടന്‍ പ്രാബല്യത്തില്‍വരും. ബില്ല് അവതരിപ്പിക്കുന്നതിന് മുന്‍പ് വൈകാരികമായ പ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയത്. ഭീകരാക്രമണത്തില്‍ ഇരകളായ നിരപരാധികള്‍ അവരുടെ വൈകല്യം ജീവിത കാലം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്നും ഇതാണ് നിങ്ങള്‍ പരിഗണിക്കേണ്ടതെന്നും ആര്‍ഡേന്‍ കണ്ണീരോടെ പാര്‍ലമെന്റില്‍ പറഞ്ഞു. ഈ ആയുധങ്ങള്‍ കൊല്ലാനായാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അംഗവൈകല്യം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരാണ് ഇരകള്‍. അതാണ് മാര്‍ച്ച് 15ന് സംഭവിച്ചതെന്ന് അവര്‍ പറഞ്ഞു. ബില്ല് പാസാക്കാന്‍ പാര്‍ലമെന്റിലെ ഭൂരിഭാഗം പേരും പിന്തുണച്ചെന്നും ഈ നിയമം പാസാക്കാന്‍ ഏറ്റവും ഉചിതമായ സമയമാണിതെന്നും വോട്ടെടുപ്പിന് ശേഷം ആര്‍ഡേന്‍ പറഞ്ഞു.
ന്യൂസിലന്‍ഡിലെ 1983 തോക്ക് നിയമത്തിലാണ് പാര്‍ലമെന്റ് മാറ്റംവരുത്തിയിരിക്കുന്നത്. നേരത്തെ നിരവധി തവണ ഈ നിയമത്തില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരുന്നു. ക്രൈസ്റ്റ് ചര്‍ച്ചില്‍ ഭീകരന്‍ ഉപയോഗിച്ചിരുന്നത് സെമി ഓട്ടോമാറ്റിക് തോക്കുകളായിരുന്നു. എ.ആര്‍ 15 ഉള്‍പ്പെടെയുള്ള തോക്കുകളായിരുന്നു ആസ്‌ത്രേലിയന്‍ പൗരനായ ഭീകരന്‍ ബ്രന്റന്‍ ടറന്റ് ഉപയോഗിച്ചത്. ഓണ്‍ലൈനില്‍ ഇദ്ദേഹം തോക്കിന്റെ ഉപയോഗങ്ങള്‍ വിശദീകരിക്കുന്ന മാഗസിനുകള്‍ പങ്കുവച്ചിരുന്നു. പുതിയ നിയമം ലംഘിക്കുന്നവരെ രണ്ട് മുതല്‍ പത്ത് വര്‍ഷം വരെ തടവിന് വിധിക്കാമെന്നും പുതിയ നിയമത്തില്‍ പറയുന്നു.
പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിച്ചപ്പോള്‍ എ.സി.ടി പാര്‍ട്ടിയുടെ ഡേവിഡ് സേമ്യോര്‍ മാത്രമാണ് എതിര്‍പ്പ് ഉന്നയിച്ചത്. വോട്ടെടുപ്പില്‍ എതിര്‍ത്ത് ഇദ്ദേഹം വോട്ട് ചെയ്‌തെങ്കിലും നിയന്ത്രണത്തില്‍ മാറ്റങ്ങള്‍ വരുത്താനൊന്നും ഇദ്ദേഹം പാര്‍മെന്റില്‍ ആവശ്യപ്പെട്ടില്ല. പുതിയ നിയമം പൊതു സുരക്ഷ വര്‍ധിപ്പിക്കാനുള്ള ശ്രമമല്ല, രാഷ്ട്രീയ നാടകം മാത്രമാണ്. തിരക്ക് പിടിച്ച് പാര്‍മലെന്റില്‍ ഈ ബില്ല് അവതരിപ്പിച്ചതെന്നും ആവശ്യമായ ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."