കഥ
കഥ വന്നാഞ്ഞു കൊത്തിയപ്പോഴാണ് സ്വപ്നത്തില്‍ നിന്നയാള്‍ മുറിഞ്ഞുണര്‍ന്നത്. കടലാസും പേനയും തപ്പി ചാടിയെണീക്കുമ്പോള്‍ ചുവരിലെ പഴയ ക്ലോക്ക് എട്ടു വട്ടം മിടിച്ചു. അയാള്‍ക്കുള്ളിലെ ജലമൊഴുക്ക് മുറിഞ്ഞു. ഒരു പാഴില പോലെ കഥ ഉള്ളില്‍ ലക്ഷ്യമില്ലാതലഞ്ഞു. വേഗക്കുളി തീരുമ്പോള്‍ കക്ഷത്തില്‍ നേരാംവണ്ണം കഴുകിപ്പോകാതെ കിടന്ന സോപ്പുവഴുപ്പിന് മീതെ അയാള്‍ കുപ്പായമെടുത്തിട്ടു .
'ഞാനൊന്നു വീട്ടില്‍ പോയി വരാ'മെന്ന് ഭാര്യ പിറുപിറുക്കുമ്പോഴും എന്തൊക്കെയോ അക്കങ്ങള്‍ നിറഞ്ഞ മാര്‍ക്കു റിപ്പോര്‍ട്ട് മകള്‍ ഒപ്പിടുവിക്കുമ്പോഴും അയാള്‍ ആ കഥയുടെ വക്കത്തിരിക്കുകയായിരുന്നു. ബസ്‌സ്റ്റോപ്പിലേക്കുള്ള വലിഞ്ഞു നടത്തത്തിനിടയില്‍ എതിരെ കടന്നു പോയ കഥയൊരു നാട്ടു വേശ്യയെ പോലെ അയാള്‍ക്കു നേരെ കണ്‍ സന്ദേശമയച്ചു. ബസിലെ പല മണങ്ങളും നിറഞ്ഞ തിക്കില്‍ തൊട്ടടുത്തു നിന്ന, തിരക്കില്‍ മുഖം പോലും കാണാനാവാത്ത മധ്യ വയസ്‌ക്കയുടെ നെഞ്ചിലേക്ക് ഏതോ ചെറുപ്പക്കാരന്റെ വിറകയ്യ് പാളുമ്പോള്‍ അയാള്‍ക്കുള്ളില്‍ കിടന്ന് കഥ കൈകാലിട്ടടിച്ചു കരഞ്ഞു. അയാള്‍ക്ക് ഞരമ്പ് വലിഞ്ഞു. തൊണ്ട വറ്റി. തിരക്ക് പൊട്ടിച്ച് അയാളെവിടെയോ ഇറങ്ങി. ഇറങ്ങുന്നേരം ചെറുപ്പക്കാരന്റെ കാലില്‍ ആഞ്ഞു ചവിട്ടാന്‍ കഥ അയാളോട് പറഞ്ഞു. അയാളുടെ നിലവിളി കേട്ട് കഥ കൈകാലിട്ടടിച്ചു ചിരിച്ചു.
ഓഫിസിലെ ഇടനാഴികയിലൂടെ അയാള്‍ ധൃതിപ്പെട്ടു പാഞ്ഞു. കഥ ഉള്ളില്‍ നിന്നയാളെ പിറകോട്ടു വലിച്ചു. മാന്തിപ്പറിച്ചു. വരാന്തയാകെ പതിവുപോലെ വവ്വാലുകള്‍ കൂട്ടത്തോടെ കാഷ്ഠിച്ചിരുന്നു. ഓറഞ്ചു തറയോടുകളില്‍ ചൂടു പിടിച്ചു തുടങ്ങിയ വെയില്‍, ചെറിയ ചെറിയ വൃത്തങ്ങള്‍ വരച്ചു കളിക്കുന്നുണ്ടായിരുന്നു .
മാനേജറും മറ്റു ജോലിക്കാരും കനം വച്ച മുഖത്തോടെ അയാളെ കാത്തു നില്‍പ്പുണ്ടായിരുന്നു .
അയാള്‍ക്കുള്ളിലെ കഥയന്നേരം ഒന്നിളകി, അപ്രതീക്ഷിതമായി അയാളെ ഇക്കിളിയിട്ട് ചിരിപ്പിച്ചു .
അമര്‍ത്തിയിട്ടും ഒരു ചിരിപ്പൊട്ട് അയാളുടെ ചുണ്ടില്‍ നിന്ന് താഴെ വീണു. അയാള്‍ കീശയില്‍ നിന്ന് താക്കോലെടുത്ത് വാതില്‍ തുറന്നതും സ്തബ്ധരായ ജോലിക്കാര്‍ക്കിടയില്‍ നിന്ന് മാനേജര്‍ പെട്ടെന്നൊരു കുരങ്ങനെ പോലെ അയാളുടെ കാബിനിലേക്ക് ചാടി. ഒരു കടലാസെടുത്ത് പ്രിന്ററില്‍ വച്ച് എന്തോ ചറ പറ അച്ചടിക്കാന്‍ തുടങ്ങി .
'നീ കുറച്ചു നാള്‍ വീട്ടിലിരിക്ക്.'' ഒരു കടലാസ് അയാള്‍ക്ക് നേരെ നീട്ടി മാനേജര്‍ മുരണ്ടു. ''11 മണിക്ക് ഓഫിസ് തുറക്കുന്ന ഒരു പ്യൂണിനെ എനിക്ക് വേണ്ട. കുറേ നാളായി ഞങ്ങളെല്ലാം ഇത് സഹിക്കുന്നു.''
മാനേജര്‍ തിരിഞ്ഞിരുന്നു .അയാള്‍ക്കുള്ളിലന്നേരം സ്പര്‍ശം തട്ടാത്ത കറുത്ത ജലമൊന്നിളകി. സ്വയമൊരു ജലവ്യാളത്തെപ്പോലെ അയാളതിലേക്ക് വഴുതിയിറങ്ങി. കഥ അയാളെയും കൊണ്ട് കറുത്തിരുണ്ട ചതുപ്പിലേക്കാണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."