ഇസ്‌റാഈല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്: അഞ്ചാം തവണയും നെതന്യാഹു
ടെല്‍അവീവ്: ഇസ്‌റാഈല്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചാം തവണയും ബെന്യമിന്‍ നെതന്യാഹു വിജയിച്ചെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.97 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന വലതുപക്ഷത്തിന് 65 സീറ്റുകള്‍ ലഭിച്ചു. 120 പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ 61 അംഗങ്ങളുടെ പിന്തുണ വേണം. ഔദ്യോഗിക ഫല പ്രഖ്യാപനം വെള്ളിയാഴ്ചയാണെങ്കിലും ഇസ്‌റാഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു പാര്‍ട്ടിക്കും തനിച്ച് ഭൂരിപക്ഷം നേടാന്‍ സാധിച്ചിട്ടില്ല. ലിക്കുഡ് പാര്‍ട്ടിക്കും മുഖ്യ എതിരാളിയായിരുന്ന ബെന്നി ഗാന്റ്‌സിന്റെ ബ്ലു ആന്‍ഡ് വൈറ്റ് പാര്‍ട്ടിക്കും 35 സീറ്റുകള്‍ വീതമാണ് ലഭിച്ചത്. ഇടത്, മധ്യ-ഇടതുപാര്‍ട്ടികളായ ലേബര്‍ മെററ്റ്‌സ്, അറബ് പാര്‍ട്ടികളായ ഹദാഷ് താ അല്‍, ബലദ് റാ അം എന്നിവര്‍ 20 സീറ്റുകള്‍ നേടി.
തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം വരുന്നതോടെ ഏറ്റവും കൂടുതല്‍ കാലം ഇസ്‌റാഈല്‍ പ്രധാനമന്ത്രിയായെന്നുള്ള ബഹുമതി നെതന്യാഹുവിനായിരിക്കും. ഇസ്‌റാഈല്‍ സ്ഥാപക നേതാവ് ഡേവിഡ് ബെന്‍ ഗുരിയോണിന്റെ റെക്കോര്‍ഡാണ് നെതന്യാഹു തകര്‍ക്കുക.തെരഞ്ഞെടുപ്പ് വിജയത്തില്‍ നെതന്യാഹുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. 'പ്രിയ സുഹൃത്ത് ബിബി, അഭിനന്ദനങ്ങള്‍. നിങ്ങള്‍ ഇന്ത്യയുടെ ഉറ്റ സുഹൃത്താണ്. നമ്മുടെ ഈ ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം' - മോദി ട്വിറ്ററില്‍ കുറിച്ചു.
വലതുപക്ഷ സര്‍ക്കാര്‍ ആയിരിക്കും ഞങ്ങളുടേത്,എന്നാല്‍ ഞാന്‍ എല്ലാവര്‍ക്കുമുള്ള പ്രധാനമന്ത്രിയാണ് നെതന്യാഹു അണികളോട് പറഞ്ഞു.
അഞ്ചാം തവണയും ഇസ്‌റാഈല്‍ ജനത അവരുടെ വിശ്വാസത്തിന്റെ വോട്ട് എനിക്ക് നല്‍കിയിട്ടുണ്ട്, മുന്‍പത്തെ തെരഞ്ഞെടുപ്പുകളെക്കാള്‍ ആത്മവിശ്വാസം എനിക്ക് കൂടുതലാണ്. ഇസ്‌റാഈലിലെ മുഴുവന്‍ പൗരന്മാരുടെയും പ്രധാനമന്ത്രിയാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നെന്ന് നെതന്യാഹു പറഞ്ഞു. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറൂസലമിലെയും അനധികൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെടെ 63 ലക്ഷം വോട്ടര്‍മാരാണുള്ളത്. എന്നാല്‍, ഇസ്‌റാഈല്‍ അധിനിവേശത്തിന് കീഴില്‍ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറൂസലം, ഗസ്സ എന്നിവിടങ്ങളില്‍ കഴിയുന്ന 48 ലക്ഷത്തോളം വരുന്ന ഫലസ്തീനികള്‍ക്ക് വോട്ടവകാശമില്ലായിരുന്നു.
തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയും സ്വന്തമായ ഭൂരിപക്ഷം നേടില്ലെന്നും ഇഞ്ചോടിച്ച് പോരാട്ടമായിരിക്കും നടക്കുകയെന്ന് എക്‌സിറ്റ് പോള്‍ പ്രവചിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ബെന്നി ഗാന്റ്‌സെയുടെ പാര്‍ട്ടി ആഹ്ലാദ പ്രകടനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ ലിക്കുഡ് പാര്‍ട്ടിക്ക് സഖ്യം രൂപീകരിക്കാനുള്ള വോട്ടുകള്‍ ഭൂരിപക്ഷം ലഭിക്കുകയായിരുന്നു. മത പാര്‍ട്ടികള്‍, വലതുപക്ഷ പാര്‍ട്ടികള്‍ എന്നിവയുടെ പിന്തണയോടെയാണ് ലിക്കുഡിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയൊരുങ്ങിയത്.സമാധാന പ്രതീക്ഷകള്‍ക്ക് നിരാശയുണ്ടാക്കുന്ന ഫലമാണ് ഇസ്‌റാഈല്‍ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നതെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സാഇബ് അരീകാത്ത് പറഞ്ഞു.
നിലവിലെ സാഹചര്യം തുടരാനാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. സമാധാനം വേണ്ട അധിനിവേശം മതിയെന്നാണ് അവര്‍ പറഞ്ഞിരുന്നത്. 120 പാര്‍ലമെന്റില്‍ ദ്വിരാഷ്ട്ര വാദത്തെ പിന്തുണക്കുന്ന 14 പേര്‍ മാത്രമാണ് വിജയിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."