തലവേദനയായി മാവോയിസ്റ്റ് സാന്നിധ്യം
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകുന്നത് പൊലിസിന് തലവേദനയാകുന്നു.
യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി എത്തിയതോടെ പ്രചാരണത്തിനായി മുന്നണികളുടെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെയാണ് പതിവായി ജില്ലയിലെത്തുന്നത്. ഇതോടെ കനത്ത ജാഗ്രതിയിലാണ് പൊലിസ്. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച ജില്ലയില്‍ മാവോയിസ്റ്റ് സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയില്‍ എത്തിയ നാലംഗ സായുധ സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തുള്ള ബാനറും പോസ്റ്ററുകളും പതിക്കുകയും പത്തിലധികം വീടുകളില്‍ ലഘുലേഖകള്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. പ്രദേശത്തെ പുഞ്ചിരിമട്ടത്ത് താമസിക്കുന്ന പ്രസന്നകുമാറിന്റെ വീട്ടിലെത്തിയ സംഘം ഭക്ഷ്യ വസ്തുക്കളും ശേഖരിച്ചാണ് മടങ്ങിയത്. മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തിരിച്ചടിയുണ്ടാകാനിടയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളില്‍ പൊലിസും തണ്ടര്‍ബോള്‍ട്ടും പട്രോളിങ്ങും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
എന്നാല്‍ ഇത് മറികടന്നും മാവോയിസ്റ്റുകള്‍ ജനവാസ മേഖലകളില്‍ എത്തുന്നത് പൊലിസിന് തലവേദന സൃഷ്ടിക്കുകയാണ്. ഇക്കഴിഞ്ഞ ഞാറാഴ്ച മുണ്ടക്കൈയില്‍ മൂന്നു മണിക്കൂറോളം തണ്ടര്‍ ബോള്‍ട്ട് ക്യാംപ് ചെയ്തിരുന്നു. ഇവര്‍ മടങ്ങിയതിന് ശേഷം പുലര്‍ച്ചെയാണ് സോമന്‍, വിക്രം ഗൗഡ, സന്തോഷ് എന്നിവരുള്‍പ്പെട്ട സംഘം പ്രദേശത്തെത്തി പോസ്റ്ററുകള്‍ സ്ഥാപിച്ചത്. വൈത്തിരിയിലെ വെടിവയ്പ്പിന് ശേഷം മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന രഹസ്യാന്വോഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ തോക്ക് കൈവശം വെക്കണമെന്നും നേരത്തെ നിര്‍ദേശം നല്‍കിയരുന്നു.
വൈത്തിരിയില ഉപവന്‍ റിസോര്‍ട്ടില്‍ വച്ച് മാവോയിസ്റ്റ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് ശേഷം ജില്ലയില്‍ വിവിധയിടങ്ങളിലായി മാവോ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മക്കിമലയിലെത്തിയ സംഘം വിതരണം ചെയ്ത ലഘുലേഖയില്‍ ജലീലിന്റെ കൊലപാതകം സര്‍ക്കാരും തണ്ടര്‍ബോള്‍ട്ടും ഒറ്റുകാരും ചേര്‍ന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടലാണെന്നും കൊലാളികള്‍ക്കെതിരേ തിരിച്ചടിക്കുമെന്നും പറഞ്ഞിരുന്നു. ശേഷം മുണ്ടക്കൈയിലെ റാണി എസ്റ്റേറ്റിലും മാവോയിസ്റ്റുകളെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്തതോടെ കനത്ത ജാഗ്രതയിലാണ് പൊലിസ്. അതേസമയം ജില്ലയില്‍ പ്രശ്‌ന ബാധിത ബൂത്തുകളില്‍ സുരക്ഷയൊരുക്കാന്‍ കേന്ദ്ര സേനകളും ജില്ലയിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."