മണിക്കായി വീടൊരുക്കി എച്ച്.ആര്‍.ഡി.സി
കല്‍പ്പറ്റ: തിരക്കഥാകൃത്ത് രഞ്ജന്‍പ്രമോദ് മോഹന്‍ലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്ത ഫോട്ടോഗ്രാഫര്‍ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ ബത്തേരി ചെതലയം പൂവഞ്ചി പണിയ കോളനിയിലെ മണിയുടേയും കുടുംബത്തിന്റേയും ഭവനസ്വപ്നം പൂവണിയുന്നു. ഹൈറേഞ്ച് റൂറല്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി ചെതലയം പൂവഞ്ചിയില്‍ മണിക്കും കുടുംബത്തിനുമായി നിര്‍മിക്കുന്ന വീടിന്റെ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. വീടീന്റെ കൈമാറ്റം ഈ മാസം നടത്താനാണ് സൊസൈറ്റിയുടെ നീക്കം.
ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അടങ്ങുന്നതാണ് മണിയുടെ കുടുംബം. അവാര്‍ഡ് ജേതാവായ ചലച്ചിത്ര താരമെങ്കിലും ചെറ്റക്കുടിലിലാണ് മണിയുടെ വാസം. മണിക്ക് വീടും സ്ഥലവും ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും ജലരേഖയായി. കഴിഞ്ഞ സര്‍ക്കാരില്‍ പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മി 'ആശിക്കും ഭൂമി ആദിവാസിക്കുസ്വന്തം' പദ്ധതിയില്‍ സ്ഥലവും വീടും ലഭ്യമാക്കുമെന്ന് മണിയെ അറിയിച്ചതാണ്. ഇതനുസരിച്ച് മണി സ്ഥലവും വീടും കണ്ടെത്തി ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും ഫലം ഉണ്ടായില്ല.
കല്‍പ്പറ്റയിലെ ഒരു മാധ്യമപ്രവര്‍ത്തകനാണ് മണിയുടെ ദുരവസ്ഥ ആദിവാസികള്‍ക്കായുള്ള ഭവന പദ്ധതിയുമായി 2016 മെയില്‍ വയനാട്ടിലെത്തിയ സൊസൈറ്റി ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ചെതലയം പൂവഞ്ചിയിലെത്തിയ സൊസൈറ്റി സെക്രട്ടറി അജി കൃഷ്ണന്‍, വൈസ് പ്രസിഡന്റ് സി.വി വിവേകാനന്ദന്‍, പ്രൊജക്ട് ഡയറക്ടര്‍ പി സുദേവന്‍ എന്നിവര്‍ 'താരത്തിന്റെ' ജീവിതസാഹചര്യം മനസിലാക്കുകയും വീട് നിര്‍മിച്ചുനല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."