പാലത്തായി ഇരയുടെ ഐഡന്റിറ്റിയും രഹസ്യ മൊഴിയും വെളിപ്പെടുത്തിയുള്ള വോയ്‌സ് സന്ദേശം തള്ളാതെ പൊലിസ്; ഐ.ജി ശ്രീജിത്തിനെ ഫോണില്‍ കിട്ടുന്നില്ല
കോഴിക്കോട്: പാലത്തായി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവ് കൂടിയായ പത്മരാജന് ജാമ്യം കിട്ടാനിടയുണ്ടായ സാഹചര്യം പറഞ്ഞുകൊണ്ട് ഐ.ജി ശ്രീജിത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വോയിസ് സന്ദേശത്തെ തള്ളാതെ പൊലിസ്. മുഹമ്മദ് ഹാദിയെന്ന് പറഞ്ഞ് പരിചയപ്പെടുത്തി സംസാരിക്കുന്ന മുഹമ്മദ് ഹാദി എന്നയാളോട് 17 മിനിറ്റ് നേരം സംസാരിച്ച ഐ.ജി ശ്രീജിത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ അറ്റന്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. ഒരു 'അജ്ഞാത'നോട് ഗൗരവമായ കേസിന്റെ അതീവരഹസ്യ സ്വഭാവമുള്ള കുട്ടിയുടെ മൊഴി അടക്കം വെളിപ്പെടുത്തുന്നതാണ് ഫോണ്‍ സന്ദേശം.
വോയിസ് സന്ദേശം നിയമലംഘനം, കുറ്റകൃത്യം
തികച്ചും നിയമവിരുദ്ധമായ കാര്യങ്ങളാണ് ഫോണിലൂടെ വെളിപ്പെടുത്തുന്നതെന്ന് പ്രമുഖ അഭിഭാഷകര്‍ വ്യക്തമാക്കുന്നു. മുന്‍ പബ്ലിക് പ്രോസിക്യൂട്ടറായ സി. ശുക്കൂര്‍ പറയുന്നത് ഇങ്ങനെ:
''ശ്രീജിത്ത് ഐ.പി.എസ് (സത്യമാണോന്ന് അറിയില്ല) കണ്ണൂരിലെ ഒരു മുഹമ്മദ് വിളിച്ചപ്പോള്‍, പാലത്തായി കേസിലെ ഇരയാക്കപ്പെട്ട കുട്ടി പഠിച്ച സ്‌കൂള്‍, കുട്ടിയെ പഠിപ്പിക്കുന്ന അധ്യാപികയുടെ പേര്, കുട്ടി സി.ആര്‍.പി.സി 164 പ്രകാരം നല്‍കിയ മൊഴിയിലെ വിശദ വിവരങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയ വൈരുധ്യങ്ങളും അക്കമിട്ടു ഫോണില്‍ പറയുകയാണ്. ഇതു നിയമ വിരുദ്ധമാണ്. ഈ ഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്തരുത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ പോലും ഇത്തരം കാര്യങ്ങള്‍ പറയേണ്ടതില്ല. കുട്ടിയുടെ ഐഡന്റിറ്റി വെളിവാക്കുന്ന ഒരു പരാമര്‍ശവും നിയമം അനുവദിക്കുന്നില്ല, മാത്രവുമല്ല അതു കുറ്റകൃത്യവുമാണ്''.
വിവാദങ്ങള്‍ക്കൊടുവിലാണ് പ്രതി പത്മരാജന്‍ കേസില്‍ അറസ്റ്റിലാവുന്നത് തന്നെ. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേയാണ് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. ഭാഗികമായ കുറ്റപത്രം മാത്രമാണ് ജൂലൈ 14ന് സമര്‍പ്പിച്ചത്. ശാസ്ത്രീയമായ തെളിവുകള്‍ സമര്‍പ്പിച്ചില്ല. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. ശാസ്ത്രീയ തെളിവില്ലാത്തതിനാലാണ് പോക്‌സോ ചുമത്താത്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഇപ്പോള്‍ വോയിസ് ക്ലിപ്പ് പുറത്തുവന്നതില്‍ ഗുരുതരമായ മറ്റു പ്രത്യാഘാതങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് സാമൂഹികപ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. പ്രതിക്ക് സഹായകരമാവുന്ന വിവരങ്ങളാണ് വെളിപ്പെടുത്തിയതെന്നും അഡ്വ. ഹരീഷ് വ്യക്തമാക്കുന്നു.
''അന്വേഷണം പൂര്‍ത്തിയാകാത്ത ഒരു കേസിലെ, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങള്‍ കോര്‍ത്തിണക്കി, കേസ് അട്ടിമറിക്കാന്‍ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയന്‍സും തെരഞ്ഞു പെറുക്കി ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണില്‍ വിശദീകരിച്ചു നല്‍കിയത്, കേസിനു മേല്‍നോട്ടം നടത്തിയ ഐ.ജി ശ്രീജിത്ത് ആണ്. അന്വേഷണ ഡയറിയില്‍ പ്രതിഭാഗത്തിനു ഒരുകാലത്തും ആക്‌സസ് ഇല്ലാത്ത വിവരങ്ങളാണ് പൊലിസ് തന്നെ ഫോണില്‍ പറഞ്ഞു കൊടുക്കുന്നത് ഐ.ജി ശ്രീജിത്ത് നടത്തിയത് നഗ്‌നമായ നിയമലംഘനമാണ്. അയാളാണോ ഈ കേസ് തുടര്‍ന്നു മേല്‍നോട്ടം വഹിക്കുക? എങ്കില്‍ പിന്നെന്തിനാണ് തുടരന്വേഷണം? പ്രതിയെ വെറുതേ വിട്ടാല്‍ പോരെ?? ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിഞ്ഞു കൊണ്ടാണോ ഇമ്മാതിരി പരിപാടി തുടങ്ങിയത്??''- ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.
ഐ.ജിയുടെ ഫോണ്‍ സന്ദേശം അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെടുകയാണ് സുപ്രിംകോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. പുറത്തുവരുന്ന വാര്‍ത്തകള്‍ യാഥാര്‍ഥ്യമാണെങ്കില്‍ ഐ.ജി ശ്രീജിത്തിന്റെ 'ഓണ്‍ലൈന്‍' വിചാരണയും വിധിയും നിയമവിരുദ്ധവും അട്ടിമറിയുമാണെന്നും അദ്ദേഹം പറയുന്നു.
''ഒരു ക്രമിനല്‍ കേസ് അന്വേഷണത്തില്‍ ഇരിക്കുമ്പോള്‍ പൊലിസ് നടത്തുന്ന പത്രസമ്മേളനം കക്ഷികളുടെ മൗലികാവകാശമായ നീതിയുക്ത വിചാരണയെ ബാധിക്കുമെന്ന് ബോഫോഴ്സ് കേസില്‍ സുപ്രിംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്''- ശ്രീജിത്ത് പെരുമന വ്യക്തമാക്കുന്നു.
പ്രതി പറയുന്നതത്രയും വിശ്വസിച്ച് അന്വേഷണമോ?
പ്രതിയെ പൂര്‍ണവിശ്വാസത്തിലെടുത്തുള്ള അന്വേഷണമാണ് നടത്തിയതെന്നാണ് വോയിസ് സന്ദേശത്തിലൂടെ വ്യക്തമാവുന്നതെന്ന് പെണ്‍കുട്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായ അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു.
''ആ കുട്ടിയെ നിഷ്ഠൂരമായി ലൈംഗികമായി പീഡിപ്പിച്ചു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. എന്റെ അധ്യാപകനായ ഇന്ന ആളും അയാളുടെ സുഹൃത്തായ ആളും ആണ് എന്നെ ഉപദ്രവിച്ചതെന്ന് കുട്ടി മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ വ്യക്തമായി മൊഴിയും കൊടുത്തു.
എന്നാല്‍ പ്രതി അന്വേഷണ ഉദ്യോഗസ്ഥനോട് ഇതാണ് എന്റെ ഫോണ്‍ നമ്പര്‍ എന്നും, ഇതല്ലാതെ മറ്റൊരു ഫോണും നമ്പറും ഇല്ല എന്നും പറഞ്ഞു. പ്രതിയെ അവിശ്വസിക്കുന്ന പ്രശ്‌നമില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തീരുമാനിച്ചു. പ്രതിയുടേതെന്ന് പ്രതി പറഞ്ഞ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ വച്ച് കുട്ടി മൊഴിയില്‍ പറഞ്ഞ സമയത്ത് പ്രതി സ്ഥലത്തില്ലായിരുന്നു എന്ന് തീരുമാനിച്ചു''.
''മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം കുട്ടിയെ ഉപദവിച്ചിട്ടുണ്ട് എന്നതിന്റെ അത്ഥം പോക്‌സോ ഒഫന്‍സ് നടന്നിട്ടുണ്ട് എന്നു തന്നെയാണ്. ആര് എപ്പോള്‍ എവിടെ വെച്ച് എന്നതൊക്കെ ഇരിക്കട്ടെ.
അതുകാണ്ടു തന്നെ കുറ്റപത്രത്തില്‍ ആ ഒഫന്‍സ് ഒഴിവാക്കിയതിന് എത്ര വോയ്‌സ് ഇട്ടാലും ന്യായീകരണമാവില്ല. എന്നാല്‍ അറസ്റ്റ് ചെയ്ത ആള്‍ക്ക് ജാമ്യം ലഭിക്കാനും രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കാനും ഇത് സഹായകമാകും.
മറ്റ് തെളിവുകളുണ്ടെങ്കില്‍ മൈനറായിട്ടുള്ള ഒരാളുടെ മൊഴിയിലെ ഡേറ്റിലും മറ്റുമുള്ള പിശകുകള്‍ കണക്കാക്കേണ്ടതില്ല എന്നും 2020 ജൂണില്‍ വരെ ഹൈക്കോടതി പറഞ്ഞിട്ടുണ്ട്''- അഡ്വ. മുഹമ്മദ് ഷാ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."