പയ്യന്നൂരിലെ ഇരട്ടക്കൊല: പ്രതികളുടെ അറസ്റ്റ് വൈകുന്നു
പയ്യന്നൂര്‍: സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകരുടെ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നു. രണ്ടുസംഭവങ്ങളിലും ചിലര്‍ പൊലിസ് കസ്റ്റഡിയിലുണ്ടെങ്കിലും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലിസിന്റെ നീക്കം.
സി.പി.എം പ്രവര്ത്തകന് കുന്നരുവിലെ സി.വി. ധനരാജ്, ബി.ജെ.പി പ്രവര്ത്തകന് അന്നൂരിലെ സി.കെ. രാമചന്ദ്രന് എന്നിവര്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് മണിക്കൂറുകളുടെ ഇടവേളയില്‍ വെട്ടേറ്റു മരിച്ചത്. ഇതില്‍ ധനരാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച തന്നെ ആറോളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തവരും ഇവരിലുണ്ടെന്നാണ് വിവരം. ഇവരെ ചോദ്യം ചെയ്തതനുസരിച്ച് കൊലക്കുപയോഗിച്ച ആയുധങ്ങള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. എട്ടിക്കുളം കക്കംപാറ, മൊട്ടക്കുന്ന് എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസം പൊലിസ് തെരച്ചില്‍ നത്തിയത്. അതിനിടെ കൊലപാതകം ആസൂത്രണം ചെയ്യുകയും പ്രതികള്‍ ആയുധവുമായി പുറപ്പെട്ട സ്ഥലവും പൊലിസ് തിരിച്ചറിഞ്ഞു. കേസില്‍ പത്ത് പേര്‍ക്കെതിരേയാണ് പയ്യന്നൂര്‍ പൊലിസ് കേസെടുത്തത്.
ബി.ജെ.പി പ്രവര്ത്തകന് രാമചന്ദ്രന്റെ വധത്തില്‍ പ്രതികളെന്നു സംശയിക്കുന്ന പത്തോളം പേര് പൊലിസ് കസ്റ്റഡിയിലുണ്ട്. നേരത്തെ പയ്യന്നൂരില്‍ നടന്ന കൊലപാതകത്തില്‍ പ്രതികളായവരും ഈ കേസില്‍ കസ്റ്റഡിയിലെടുത്തവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. രാമചന്ദ്രനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാളെ രാമചന്ദ്രന്റെ ഭാര്യയും മക്കളും തിരിച്ചറിഞ്ഞിരുന്നു. പയ്യന്നൂര്‍, ശ്രീകണ്ഠാപുരം സി.ഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."