ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ബില്ല്: ഫാറൂഖ് കോളജില്‍ പാനല്‍ ഡിസ്‌കഷന്‍
ഫറോക്ക്: ഭരണമുന്നണിയുടെ പ്രാദേശിക പാര്‍ട്ടി ഓഫിസുകളല്ല രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നും മഹത്തായ ലക്ഷ്യങ്ങളും കാലോചിതമായ സ്വപ്ന പദ്ധതികളുമായി രാജ്യത്തെ പ്രവര്‍ത്തിച്ച് മുന്നോട്ട് നയിക്കേണ്ട വേദിയാണതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഫാറൂഖ് കോളജ് സ്റ്റാഫ് ക്ലബ് സംഘടിപ്പിച്ച 'ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ബില്ല് 2018'നെ സംബന്ധിച്ചുള്ള പാനല്‍ ഡിസ്‌കഷന്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഭരണകൂടം വിദ്യാഭ്യാസ മേഖലയിലും സവര്‍ണ, ഫാസിസ്റ്റ് അജണ്ടകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണ്. സങ്കീര്‍ണമായ നിയമങ്ങളും ചട്ടങ്ങളും കാരണം യു.ജി.സി എന്ന സംവിധാനം കുറ്റമറ്റ രീതിയില്‍ അല്ല പ്രവര്‍ത്തിച്ചുവരുന്നത്. ഈ സാഹചര്യം മുതലെടുത്ത് രാജ്യത്തെ വിദ്യാഭ്യാസ മേഖല പൂര്‍ണമായും ഭരണകക്ഷിയുടെ കൈവെള്ളയില്‍ ഒതുക്കാനുള്ള കുതന്ത്രമാണ് ചര്‍ച്ചകള്‍ക്ക് മതിയായ സമയവും അവസരവും നല്‍കാതെയും ഇഷ്ടപ്പെട്ടവരെ സമിതി അംഗങ്ങളായി നിയമിച്ചും ധൃതിപെട്ട് എച്ച്.ഇ.സി.ഐ ബില്ല് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഇതിനെതിരേ അക്കാദമിക സമൂഹവും രാഷ്ട്രീയ നേതൃത്വവും ഉചിതമായ രീതിയില്‍ പ്രതികരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എം നസീര്‍ അധ്യക്ഷനായി. കേരളാ ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ അംഗം പ്രൊഫ. ഫാത്തിമ സുഹറ, മുസ്‌ലിം കോളജ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ എം. മുഹമ്മദ്, കേരള പ്രിന്‍സിപ്പല്‍സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ഡോ. ഉസ്മാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കോളജ് ഐ. ക്യൂ.എ.സി കോഡിനേറ്റര്‍ ഡോ. ടി. മുഹമ്മദലി മോഡറേറ്ററായിരുന്നു. കമറുദ്ദീന്‍ പരപ്പില്‍ സ്വാഗതവും ക്യാപ്റ്റന്‍ അബ്ദുല്‍ അസീസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."