കൊയിലാണ്ടിയുടെ കായികരംഗത്ത് തീരാനഷ്ടമായി കപ്പനയുടെ വേര്‍പാട്
കൊയിലാണ്ടി: കായികരംഗത്ത് അഞ്ചു പതിറ്റാണ്ട് നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഇന്നലെ വിടപറഞ്ഞ കപ്പന ഹരിദാസ്. അറുപതികളിലെ പ്രൈമറി സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ കായിക രംഗത്തോട് അടക്കാനാകാത്ത അഭിനിവേശമായിരുന്നു ഹരിദാസിന്.
നാട്ടിന്‍പുറത്തെ ഓട്ടക്കാരനായും കാല്‍പ്പന്തുകളിക്കാരനായും വളര്‍ന്നുവന്ന ആ വിദ്യാര്‍ഥിയുടെ കായികാഭിനിവേശം സഹപാഠികള്‍ പോലും തിരിച്ചറിയാന്‍ വൈകിയിരുന്നു. യു.പി, ഹൈസ്‌കൂള്‍ പഠനകാലത്തു തുടങ്ങിയ ഉയരങ്ങള്‍ താണ്ടിയുള്ള ഓട്ടം പിന്നീട് നാടുകടന്ന് സംസ്ഥാനതലം വരെയെത്തി.
കൊയിലാണ്ടി ഗവ. ബോയ്‌സ് ഹൈസ്‌കൂള്‍, ദേവഗിരി സെന്റ് ജോസഫ് കോളജ് എന്നിവിടങ്ങളിലും ഹരിദാസ് നിരവധി കായിക മത്സരങ്ങളില്‍ ഒന്നാമനായി. സംസ്ഥാന സ്‌കൂള്‍ കായിക മത്സരങ്ങളില്‍ 800, 1500 മീറ്റര്‍ ഓട്ടമത്സരങ്ങളില്‍ ചാംപ്യന്‍ഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.
5000 മീറ്റര്‍ ഓട്ടമത്സരത്തില്‍ യൂനിവേഴ്‌സിറ്റി തലത്തില്‍ റെക്കോര്‍ഡ് എഴുതിച്ചേര്‍ക്കാനും ഈ കായിക പ്രതിഭക്ക് കഴിഞ്ഞു. നിരവധി ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. കായികാധ്യാപക പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം സ്വദേശത്തെ കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ കായികാധ്യാപകനായി നിയമിതനായി.
ഇക്കാലയളവില്‍ ഉപജില്ലാ കായിക മത്സരങ്ങില്‍ സ്‌കൂളിന് തുടര്‍ച്ചയായി ചാംപ്യന്‍പട്ടം നിലനിര്‍ത്താനായതും ഹരിദാസിന്റെ ആത്മാര്‍ഥ സേവന ഫലമായാണ്. 2010ല്‍ സേവനത്തില്‍ നിന്നു വിരമിച്ച ശേഷം ഹരിദാസ് കൊയിലാണ്ടി നഗരസഭാതല കായിക പദ്ധതികളില്‍ സജീവമായ പങ്കുവഹിച്ചു.
ശേഷം കിനാലൂര്‍ ഉഷാ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ്, ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍, ഇലാഹിയ്യ സ്‌കൂള്‍, പയ്യോളി ഭജനമഠം സ്‌കൂള്‍ എന്നിവിടങ്ങിലും കായികപരിശീലകനായി സേവനമനുഷ്ഠിച്ചു. നഗരസഭാ, പഞ്ചായത്ത്തലങ്ങളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള നീന്തല്‍ പരിശീലകനായി സേവനം തുടരുന്നതിനിടെയാണ് ഹരിദാസ് യാത്രയായത്. ഡി.ഐ.സി, യൂത്ത് കോണ്‍ഗ്രസ്, ഭാരവാഹിയും കൊയിലാണ്ടി നഗരസഭാ കൗണ്‍സിലറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാണയ സ്റ്റാമ്പ് ശേഖരവും സ്വന്തമായുള്ള ഈ കായികാധ്യാപകന്‍ തയാറാക്കിയ 'ചരിത്ര സ്മാരകങ്ങളും പുണ്യതീര്‍ത്ഥങ്ങളും' എന്ന യാത്രാക്കുറിപ്പ് വെളിച്ചം കാണാതെയാണ് വെളിച്ചമില്ലാത്ത ലോകത്തേക്ക് യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."