നാലുവയസുകാരനെ കുളത്തിലിട്ട് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവ്
കൊല്ലം: നാലുവയസുകാരനെ മദ്യം നല്‍കി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനവും നടത്തിയശേഷം ജീവനോടെ കുളത്തിലിട്ടു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒന്നേകാല്‍ ലക്ഷം രൂപ പിഴയും. കുട്ടിയുടെ അയല്‍വാസി കരുനാഗപ്പള്ളി കടത്തൂര്‍ വരമ്പേല്‍ തെക്കതില്‍ വീട്ടില്‍ നൗഷറിനെയാണ് (37) സ്‌പെഷ്യല്‍ കോടതി ജഡ്ജി ഇ ബൈജു ശിക്ഷിച്ചത്. അപകട മരണമായി കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതും പ്രതി തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയതും വിവാദമായിരുന്നു.
2006 ജനുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം. വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ചുകൊരുന്ന കുട്ടിയെ കാണാതാവുകയും തുടര്‍ന്ന് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. മൂന്നാം ദിവസം പ്രതിയുടെ വീട്ടു പറമ്പിലെ കുളത്തില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ 23.65 ശതമാനം ആല്‍ക്കഹോള്‍ ഉണ്ടായിരുന്നുവെന്ന രാസപരിശോധനാ ഫലം വന്നതോടെയാണ് കേവലം അപകട മരണമല്ലെന്ന സംശയം ബലപ്പെട്ടത്. ഇതോടെ അന്വേഷണം കരുനാഗപ്പള്ളി സിഐയായിരുന്ന ശിവപ്രസാദ് ഏറ്റെടുത്തു. കുട്ടി കളിക്കാന്‍ ഉപയോഗിച്ചിരുന്ന ടയര്‍ പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയതിനൊപ്പം കിടപ്പുമുറിയിലെ ഭിത്തിയിലും അടുക്കള വാതിലിന്റെ കുറ്റിയിലും രക്തക്കറയും കണ്ടെത്തി. ഇതോടെ അന്വേഷണ സംഘം ഘാതകന്‍ നൗഷറാണെന്ന് സ്ഥിരീകരിച്ചു. പക്ഷെ കുറ്റം സമ്മതിക്കാന്‍ നൗഷര്‍ തയാറായിരുന്നില്ല. ഇതിനിടെ കേസന്വേഷിച്ച സി.ഐ ശിവപ്രസാദ് സ്ഥലം മാറിപ്പോകുകയും ചെയ്തു. ഇതോടെ അന്വേഷണം വഴിമുട്ടി. തുടര്‍ന്ന് കുട്ടിയുടെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതിനിടെ അവിചാരിതമായി സിഐ ശിവപ്രസാദ് കരുനാഗപ്പള്ളി സ്റ്റേഷനിലേക്ക് വീണ്ടും സ്ഥലംമാറിയെത്തി. അദ്ദേഹം തന്നെ കേസന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യ തെളിവുകള്‍ ബലപ്പെടുത്തി ഘാതകന്‍ നൗഷര്‍ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സുധീര്‍ ജേക്കബ് കോടതിയില്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."