സര്‍ക്കാരിനെതിരായ പ്രതിപക്ഷ അവിശ്വാസം; വിപ്പിലൂടെ ജോസ് പക്ഷത്തെ വെട്ടിലാക്കാന്‍ ജോസഫ്
കോട്ടയം: സര്‍ക്കാരിനും സ്പീക്കര്‍ക്കും എതിരായ പ്രതിപക്ഷ അവിശ്വാസ നീക്കത്തില്‍ രാഷ്ട്രീയ പ്രതിസന്ധിയിലായി ജോസ് കെ. മാണി പക്ഷം. അവിശ്വാസത്തെ പിന്തുണയ്ക്കാന്‍ ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് വ്യക്തമാക്കിയതോടെ ജോസ് പക്ഷത്ത് നിലയുറപ്പിച്ച എം.എല്‍.എമാരാണ് വെട്ടിലായത്.
അധികാരത്തര്‍ക്കത്തില്‍ രണ്ടു വിഭാഗമായി വഴിപിരിഞ്ഞെങ്കിലും ജോസ് പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള എം.എല്‍.എമാരായ റോഷി അഗസ്റ്റിനും എന്‍. ജയരാജും നിയമപരമായി കേരള കോണ്‍ഗ്രസ് (എം) അംഗങ്ങളാണ്. വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിനാണ് പാര്‍ട്ടി ഭരണഘടന അനുസരിച്ച് നിലവില്‍ അധികാരച്ചുമതല. യു.ഡി.എഫില്‍ നിന്ന് പുറത്തായ ജോസ് പക്ഷം നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ല. എല്‍.ഡി.എഫിലേക്ക് നീങ്ങാന്‍ ശ്രമം തുടരുന്നതിനിടെ എത്തിയ സ്വര്‍ണക്കടത്ത് വിവാദം മുന്നണി പ്രവേശന ചര്‍ച്ചകള്‍ക്ക് തടസമായി. നിയമസഭ ചേരുന്ന 27ന് അവിശ്വാസം ചര്‍ച്ചയ്‌ക്കെടുത്താല്‍ ഏതു പക്ഷത്താണെന്ന് ജോസ് വിഭാഗത്തിന് വ്യക്തമാക്കേണ്ടി വരും.
പാര്‍ട്ടിയിലെ അധികാരത്തര്‍ക്കം സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ കേസില്‍ അന്തിമതീരുമാനം വന്നിട്ടില്ല. അതിനാല്‍ നിയമപരമായി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിനാണ് അധികാരം. പി.ജെ ജോസഫ് നല്‍കുന്ന വിപ്പ് അനുസരിക്കാന്‍ ജോസ് പക്ഷത്തെ എം.എല്‍.എമാര്‍ ബാധ്യസ്ഥരാണ്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസത്തെ അനുകൂലിക്കണമെന്ന് പാര്‍ട്ടി എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കാനാണ് പി.ജെ ജോസഫിന്റെ തീരുമാനം. ജോസഫ് നല്‍കുന്ന വിപ്പ് ലംഘിച്ചാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക മാത്രമല്ല, കൂറുമാറ്റ നിയമപ്രകാരം അയോഗ്യരാക്കാനുള്ള നീക്കവും പി.ജെ ജോസഫ് നടത്തും. വിപ്പ് അനുസരിച്ച് പ്രതിപക്ഷത്തിന് അനുകൂലമായി റോഷിയും ജയരാജും നിന്നാല്‍ എല്‍.ഡി.എഫിലേക്ക് ചേക്കേറാനുള്ള ജോസ് കെ. മാണിയുടെ നീക്കത്തിന് തിരിച്ചടിയാവും. അവിശ്വാസത്തെ എതിര്‍ത്താല്‍ കൂറുമാറ്റം അടക്കം നടപടികള്‍ നേരിടേണ്ടിവരും.
അവിശ്വാസ പ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതെ വിട്ടുനില്‍ക്കുന്നതിനെക്കുറിച്ച് ജോസ് പക്ഷം ആലോചിക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ് (എം) എം.എല്‍.എമാരായ ഇരുവരും പാര്‍ട്ടി വിപ്പ് അനുസരിച്ച് പ്രതിപക്ഷത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ ജോസ് കെ. മാണിക്ക് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാകും.
ജോസഫിന്റെ നിലപാടിന് അംഗീകാരമാകുന്നതിനൊപ്പം ജോസ് കെ. മാണിയുടെ അവകാശവാദം ചോദ്യംചെയ്യപ്പെടുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."