വിദ്യാലയങ്ങള്‍ക്കു സമീപം ലഹരിവില്പന; അഞ്ചു വര്‍ഷത്തിനിടെ 19,398 കേസുകള്‍
നീലേശ്വരം: വിദ്യാലയങ്ങള്‍ക്കു സമീപം ലഹരി ഉല്‍പ്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 19,398 കേസുകള്‍. എക്സൈസ് വകുപ്പില്‍ 4536 കേസുകളും ആഭ്യന്തരവകുപ്പില്‍ 14,862 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
എക്സൈസ് വകുപ്പില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തൃശൂര്‍ ജില്ലയിലാണ് (1987). തിരുവനന്തപുരമാണ് രണ്ടാമത് (642). ഏറ്റവും കുറവ് കേസുകള്‍ പത്തനംതിട്ട ജില്ലയിലും(ഏഴ് ). 4434 കോട്പ നിയമപ്രകാരമുള്ള കേസുകളും 47 അബ്കാരി കേസുകളുമാണുള്ളത്. 55 കേസുകള്‍ മയക്കുമരുന്നു നിരോധിതനിയമ പ്രകാരമുള്ളതുമാണ്.
ആഭ്യന്തരവകുപ്പില്‍ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോട്ടയത്താണ് (371). രണ്ടാമത് പത്തനംതിട്ടയിലാണ് (309). തിരുവനന്തപുരം സര്‍ക്കിളിലാണ് കുറവു കേസുകളുള്ളത് (രണ്ട്). കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2014 ല്‍ (4773). കുറവ് 2011 ലും (516). 2016 ജൂലൈ ഒന്‍പതു വരെയുള്ള കണക്കനുസരിച്ച് 2113 കേസുകള്‍ ആഭ്യന്തരവകുപ്പിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലഹരിവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരേയും വ്യക്തികള്ക്കെതിരേയുമുള്ള നടപടി സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
സ്കൂളുകള്‍ക്കടുത്ത് പൊലിസ്, എക്സൈസ് വിഭാഗങ്ങള്‍ ശക്തമായ പരിശോധനയും നടത്തിവരുന്നുണ്ട്.
അതേസമയം സിഗരറ്റ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരില്‍ നിന്ന് 200 രൂപ പിഴ മാത്രമാണ് ഈടാക്കുന്നത്.
അതുകൊണ്ടു തന്നെ ഇത്തരം വില്‍പ്പനയ്ക്ക് കാര്യമായ കുറവുണ്ടാകുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."