മികച്ച അങ്കണവാടി ആയയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് ഷീബയ്ക്ക്
ഈരാററുപേട്ട:പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന നെല്ലിക്കച്ചാല്‍ അങ്കണവാടിയിലെ ആയയായ ഷീബയെ തേടിയെത്തിയത് സംസ്ഥാന അവാര്‍ഡ്.
സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പ് അങ്കണവാടികളില്‍ സേവനം അനുഷ്ഠിക്കുന്ന ആയമാര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ഷീബക്ക് ലഭിച്ചത്. ഷീബയുടെ കൃത്യനിഷ്ഠയ്ക്കും അങ്കണവാടിയിലെ വൃത്തി, ശുചിത്വം, കൃത്യത എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് ലഭിച്ചത്. പൂഞ്ഞാര്‍ മറ്റക്കാട് അരയത്തിനാല്‍ സക്കീറിന്റെ ഭാര്യയാണ് ഷീബ.1999 ല്‍ ആയയായി സേവനം തുടങ്ങിയ ഷീബ നെല്ലിക്കച്ചാല്‍ അങ്കണവാടിയിലേയ്ക്ക് എത്തിയത് 2000 ത്തിലാണ്. അങ്കണവാടിയിലെത്തുന്ന കുട്ടികളെ സ്വന്തം മക്കളെയെന്നപോലെയാണ് ഷീബ സ്‌നേഹിച്ചിരുന്നത്. തന്മൂലം അങ്കണവാടിയില്‍ തങ്ങളുടെ മക്കളെ വിടുവാന്‍ മാതാപിതാക്കള്‍ക്ക് താല്‍പര്യമേറി. കുട്ടികളുടെ എണ്ണം കൂടിയതോടെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ അങ്കണവാടിക്ക് സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. അതുവരെ വാടകക്കെടിടത്തിലായിരുന്നു പ്രവര്‍ത്തനം. 2006ല്‍ മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ സംഭാവന ചെയ്ത പത്ത് സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. പുതിയ കെട്ടിടം ആയതോടെ അങ്കണവാടിയിലെ കുട്ടികളുടെ എണ്ണം വീണ്ടും വര്‍ദ്ധിച്ചു.
അങ്കണവാടി കെട്ടിടവും പരിസരവും വൃത്തിയായി സൂക്ഷിച്ചിരുന്ന ഷീബ കുട്ടികളുടെ ദൈനംദിന കാര്യങ്ങള്‍ യാതൊരു മടിയും കൂടാതെ ചെയ്തിരുന്നു. അവര്‍ക്കുള്ള ഭക്ഷണവും മറ്റും കൃത്യനിഷ്ഠയോടെ തയ്യാറാക്കുന്നതില്‍ ഷീബ യാതൊരു മുടക്കവും വരുത്തിയിരുന്നില്ല.
തന്റെ വീട്ടില്‍ നിന്നും രണ്ട് കിലോമീറ്റര്‍ നടന്നാണ് ഷീബ എന്നും ഒന്‍പത് മണിക്ക് മുമ്പ് അങ്കണവാടിയിലെത്തിയിരുന്നത്. കുട്ടികളെ സ്വീകരിച്ച് പത്ത് മണിക്കുള്ള ലഘുഭക്ഷണം നല്‍കിയിരുന്ന ആയയെ കുട്ടികള്‍ സ്വന്തം അമ്മയെപ്പോലെ ബഹുമാനിച്ചിരുന്നു. എല്ലാ കാര്യങ്ങല്‍ക്കും ടീച്ചര്‍ മിനിയെ സഹായിക്കുന്നതിനും കുട്ടികള്‍ക്കായി കഥകള്‍ പറയുവാനും പാട്ട്, ഡാന്‍സ് എന്നിവ പഠിപ്പിക്കുവാനും ഷീബ മുന്‍പന്തിയില്‍ നിന്നിരുന്നു. സംസ്ഥാനത്തെ മികച്ച ആയയായി തിരഞ്ഞെടുക്കപ്പെട്ട ഷീബയെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."