പേരൂര്‍ ആരോഗ്യ കേന്ദ്രത്തില്‍ രോഗികള്‍ക്ക് നരകയാതന
ഏറ്റുമാനൂര്‍: കനത്ത മഴയും വെയിലും അവഗണിച്ച് വഴിയരികില്‍ കസേരയിട്ട് കുടയും ചൂടി രോഗികള്‍ കാത്തിരിക്കുന്നു. തങ്ങളുടെ ഊഴവും കാത്ത്.
ഏറ്റുമാനൂര്‍ നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അംഗത്തിന്റെ വാര്‍ഡിലെ ആരോഗ്യകേന്ദ്രത്തിന് മുന്നിലെ കാഴ്ചയാണിത്. കൊച്ചുകുട്ടികളെയും കൊണ്ടുള്ള അമ്മമാരും ജീവിതശൈലി രോഗങ്ങള്‍ക്ക് ചികിത്സയ്‌ക്കെത്തിയ പ്രായമേറിയവരും ഉള്‍പ്പെടെ നൂറ് കണക്കിന് രോഗികളാണ് ഒന്ന് ഇരിക്കാന്‍ ഇട പോലുമില്ലാതെ വഴിയരികില്‍ ഒരേ നില്‍പു നില്‍ക്കുന്നത്.
പേരൂര്‍ പുളിമൂട് കവലയ്ക്കടുത്താണ് നഗരസഭാ പതിനെട്ടാം വാര്‍ഡിലെ കുടുംബാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നത്. വര്‍ഷങ്ങള്‍ പഴക്കമുള്ള ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിടം ഇടിഞ്ഞുവീഴാറായതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് താത്ക്കാലികമായി ഒരു ചെറിയ മുറി പണിതു. ഏറ്റുമാനൂര്‍ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്തായിരുന്നു ഇത്. പുതിയ കെട്ടിടത്തിന് തുക അനുവദിച്ചതല്ലാതെ മറ്റ് നടപടികള്‍ ഒന്നും ഉണ്ടായില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രദേശവാസികള്‍ ചികിത്സക്കെത്തുന്നത് വെളിച്ചവും വായുവും കയറാന്‍ മടിക്കുന്ന ഈ ഇടുങ്ങിയ മുറിയില്‍. ഇതുവരെ വൈദ്യുതി കണക്ഷനും ലഭിച്ചിട്ടില്ല.നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പ്രസാദം പദ്ധതിയുടെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സൗജന്യചികിത്സ ലഭ്യമാക്കുന്നത് വിവിധ ഭാഗങ്ങളിലുള്ള കുടുംബക്ഷേമ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയാണ്. ഇതിന്റെ തുടര്‍പരിശോധനയ്ക്കും മറ്റുമായി നൂറ്കണക്കിന് രോഗികളാണ് എല്ലാ ആഴ്ചകളിലും ഇവിടെയെത്തുന്നത്. വൃദ്ധര്‍ക്കു വേണ്ടിയുള്ള ബയോമിത്രം പദ്ധതിയും ഈ കേന്ദ്രങ്ങളിലൂടെയാണ് നടപ്പിലാക്കുന്നത്. ഇതിനിടെയാണ് കൊച്ചുകുട്ടികളെയും കൊണ്ട് പ്രതിരോധകുത്തിവെപ്പിന് എത്തുന്ന അമ്മമാര്‍.
മണര്‍കാട് - ഏറ്റുമാനൂര്‍ ബൈപാസ് റോഡിന്റെ നവീകരണത്തിനായി കേന്ദ്രത്തിന്റെ ചുറ്റുമതില്‍ പൊളിച്ച് സ്ഥലമെടുത്തതോടെ രോഗികള്‍ക്ക് നില്‍ക്കാന്‍ പോലും ഇടമില്ലാതായി. റോഡില്‍ കെട്ടികിടക്കുന്ന ചെളിവെള്ളത്തിനരികിലാണ് ഏതാനും കസേരകള്‍ നിരത്തിയിട്ട് മഴയും വെയിലും ഏല്‍ക്കാതെ കുടയും ചൂടിയുള്ള രോഗികളുടെ ഇരിപ്പ്. തൊട്ടടുത്ത സ്‌കൂളിലേക്കുള്ള പ്രവേശനകവാടവും അയല്‍ക്കാരുടെ വീടുമൊക്കെ രോഗികളുടെ വിശ്രമകേന്ദ്രമാകുകയാണിവിടെ. ഉടനെ കെട്ടിടം പണിയാനായില്ലെങ്കിലും മഴയും വെയിലുമേല്‍ക്കാതെ ഒരു ടാര്‍പോളിന്‍ പോലും കെട്ടിതരാന്‍ അധികൃതര്‍ തയ്യാറാകാത്തതിലാണ് നാട്ടുകാരുടെ പ്രതിഷേധം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."