പൊലിസ് സ്റ്റേഷനില്‍നിന്ന് മൊബൈല്‍ മോഷ്ടിച്ച സി.പി.എം നേതാവ് പിടിയില്‍
കൊല്ലം: സ്ഥാനാര്‍ഥികളുടെ പോസ്റ്റര്‍ നശിപ്പിച്ച സംഭവത്തില്‍ പിടിയിലായ സഹപ്രവവര്‍ത്തകനെ ജാമ്യത്തിലിറക്കാന്‍ പൊലിസ് സ്റ്റേഷനിലെത്തിയ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം പൊലിസുകാരന്റെ ഫോണ്‍ മോഷ്ടിച്ച കേസില്‍ പിടിയിലായി. സി.പി.എം തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കിരണ്‍കുമാര്‍ (38) ആണ് പിടിയിലായത്. സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് മൊബൈല്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടുകയായിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പതിപ്പിച്ചിരുന്ന പോസ്റ്ററുകള്‍ നശിപ്പിച്ച കുറ്റത്തിന് സി.പി.എം പ്രവര്‍ത്തകന്‍ മുരുന്തല്‍ സ്വദേശിയായ ബിനുവിനെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ജാമ്യത്തിലിറക്കുന്നതിനായിട്ടാണ് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗമായ കിരണ്‍കുമാര്‍ സ്റ്റേഷനിലെത്തിയത്.
സ്റ്റേഷനില്‍ ജി.ഡി ചാര്‍ജിലുണ്ടായിരുന്ന പൊലിസുകാരന്റെ മൊബൈല്‍ മോഷ്ടിച്ച് സുഹൃത്തായ രഞ്ജിത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. കിരണ്‍ നല്‍കിയ മൊബൈല്‍ രഞ്ജിത്ത് തന്റെ വീട്ടില്‍ ഒളിപ്പിച്ചു. മൊബൈല്‍ ഫോണ്‍ കാണാതായതിനെ തുടര്‍ന്ന് പൊലിസ് സ്റ്റേഷനിലെ കാമറ പരിശോധിച്ചപ്പോഴാണ് കിരണ്‍കുമാര്‍ മൊബൈല്‍ പോക്കറ്റിലിടുന്നത് കണ്ടെത്തിയത്. തുടര്‍ന്ന് പൊലിസ് കേസെടുക്കുകയും കിരണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.
ചോദ്യം ചെയ്യലില്‍ കിരണ്‍ ഫോണ്‍ സുഹൃത്തിന് നല്‍കിയതായി സമ്മതിച്ചു. തുടര്‍ന്ന് രഞ്ജിത്തിന്റെ വീട്ടില്‍നിന്ന് മൊബൈല്‍ ഫോണ്‍ പൊലിസ് കണ്ടെടുത്തു. പോസ്റ്റര്‍ നശിപ്പിച്ച കേസില്‍ ബിനുവിനെയും മോഷണക്കേസില്‍ കിരണിയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."