ലോക സ്കൂള്‍ മീറ്റ്: നിവ്യ ആന്റണിക്ക് വെങ്കലം
ട്രാബ്സണ് (തുര്‍ക്കി): ലോക സ്കൂള്‍ മീറ്റില്‍ മലയാളി താരം നിവ്യ ആന്റണി പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ ഇന്ത്യക്കായി വെങ്കലം നേടി. 3.20 മീറ്റര്‍ ഉയരം കീഴടക്കിയാണ് ട്രാബ്സണ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ജംപിങ് പിറ്റില്‍ നിവ്യ ആന്റണി ഉയരങ്ങളിലേക്ക് പറന്നത്. ബ്രസീലിന്റെ ഇസബെല്‍ ക്യാഡ്രോസ് 3.60 മീറ്റര്‍ കീഴടക്കി സ്വര്‍ണം നേടി. ഫ്രാന്‍സിന്റെ ചാര്ലോറ്റെ ഇവയ്ക്കാണ് വെള്ളി (3.50 മീറ്റര്‍). ഇന്ത്യയുടെ മറ്റൊരു താരവും മലയാളിയുമായ ദിവ്യ മോഹന്‍ 2.80 മീറ്റര്‍ താണ്ടാനാവാതെ ആദ്യ ശ്രമത്തില്‍ തന്നെ പുറത്തായി. സ്കൂള്‍ മീറ്റിലെ 3.30 മീറ്റര്‍ എന്ന ദേശീയ റെക്കോര്‍ഡ് പ്രകടനത്തിനൊപ്പം എത്താന്‍ നിവ്യക്കായില്ല. കല്ലടി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ നിവ്യ ആന്റണി പാല ജംപ്സ് അക്കാദമിയിലാണ് പരിശീലിക്കുന്നത്. കണ്ണൂര്‍ കൂത്തുപറമ്പ് എടക്കുടിയില്‍ ആന്റണി - റെജി ദമ്പതികളുടെ മകളാണ്.
ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഇറങ്ങിയ ഇന്ത്യയുടെ ആര് നവീന്‍ വെങ്കലം നേടിയപ്പോള്‍ പെണ്‍കുട്ടികള്‍ നിരാശപ്പെടുത്തി. ഇന്ത്യക്കായി ട്രാക്കിലിറങ്ങിയ മറ്റൊരു താരം ശ്രീകാന്തിന് പത്താമത് എത്താനേ കഴിഞ്ഞുള്ളു. പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ ഇന്ത്യക്കായി ഓടിയ ലെവിസ് റോസ്്ലിന്‍ അഞ്ചാമതും സാന്ദ്ര തെരരേസ മാര്ട്ടിന് 11 ാം സ്ഥാനത്തുമേ എത്താനായുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."