പെമ്പിളൈ ഒരുമൈയില്‍ കലഹം: സമരത്തില്‍ തോട്ടം തൊഴിലാളികളുടെ പങ്കാളിത്തം കുറയുന്നു
തൊടുപുഴ: പെമ്പിളൈ ഒരുമൈയില്‍ നേതൃതര്‍ക്കം രൂക്ഷം. ഇരുവിഭാഗവും എതിരാളികളെ ഭാരവാഹിത്വത്തില്‍നിന്നു പുറത്താക്കി. ഗോമതി അഗസ്റ്റിന്റെ അനുകൂലികള്‍ ലിസി സണ്ണിയെ പ്രസിഡന്റ് സ്ഥാനത്തുനിന്നു നീക്കം ചെയ്തു. പുതിയ പ്രസിഡന്റായി കൗസല്യയെ തിരഞ്ഞെടുത്തു. അതേസമയം, കൗസല്യയെയും രാജേശ്വരിയെയും സംഘടനയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി ലിസി സണ്ണി അറിയിച്ചു. പെമ്പിളൈ ഒരുമൈയുടെ പ്രസിഡന്റ് താനാണെന്നും ലിസി സണ്ണി അവകാശപ്പെട്ടു.
പ്രവര്‍ത്തനഫണ്ടുമായി ബന്ധപ്പെട്ടാണു ലിസി - ഗോമതി വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. ഗോമതി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതു മുതല്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു.
ഇടയ്ക്ക് ഗോമതി സി.പി.എമ്മിലേക്കു ചേക്കേറി. ലിസി സണ്ണി വിഭാഗം ആം ആദ്മി പാര്‍ട്ടിയുമായും അടുത്തു. സി.പി.എമ്മുമായി തെറ്റിപ്പിരിഞ്ഞ ഗോമതി കഴിഞ്ഞ13നു പെമ്പിളൈ ഒരുമൈയില്‍ തിരിച്ചെത്തി. തുടര്‍ന്നാണ് ലിസി സണ്ണിയെ പുറത്താക്കിയത്. 16നു രാജേശ്വരിയുടെ വീട്ടിലായിരുന്നു എക്‌സിക്യുട്ടീവ് യോഗം. രാജേശ്വരിയാണു പുതിയ ജനറല്‍ സെക്രട്ടറി. ഗോമതിക്കു സംഘടനയില്‍ ഭാരവാഹിത്വം നല്‍കിയിട്ടില്ല.
അംഗത്വവിതരണം പൂര്‍ത്തിയാക്കിയ ശേഷം കൗസല്യയെ മാറ്റി ഗോമതിയെ പ്രസിഡന്റാക്കാനാണു നീക്കം. എന്നാല്‍, സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഗോമതിയെയും കൂട്ടരെയും പെമ്പിളൈ ഒരുമൈയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തതായും സംഘടനയുടെ പേരും കൊടിയും ഉപയോഗിച്ചതിനെതിരേ കോടതിയെ സമീപിക്കുമെന്നും ലിസി സണ്ണി പറഞ്ഞു.
മന്ത്രി മണിയോടുള്ള നിലപാടിലും ഇരുനേതാക്കളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. മണി രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്നു ഗോമതി അഗസ്റ്റിനും സംഘവും പറയുമ്പോള്‍ മണി മാപ്പു പറഞ്ഞാല്‍ മാത്രം മതിയെന്ന നിലപാടിലാണു ലിസി സണ്ണിയും കൂട്ടരും.
അതേസമയം, മണി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം നാലാം ദിവസത്തിലേയ്ക്ക് കടന്നു. ഗോമതി ഇന്നലെ മുതല്‍ നിരാഹാര സമരത്തിലാണ്. ഇന്ന് മുതല്‍ രാജേശ്വരിയും നിരാഹാരമിരിക്കും. ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സി.ആര്‍ നീലകണ്ഠനും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരത്തില്‍ ചേര്‍ന്നു. സമരത്തില്‍ തോട്ടം തൊഴിലാളികള്‍ കാര്യമായി എത്തിത്തുടങ്ങിയിട്ടില്ല. കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും നേതാക്കളാണ് ഇന്നലെ സമരപ്പന്തലിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."