വോട്ട് എന്റെ അവകാശം: കലാപരിപാടികളുമായി സ്വീപ്
കുമളി: തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലാസ്വീപ് ടീമിന്റെ നേതൃത്വത്തില്‍ കുമളിയില്‍ ഫ്‌ളാഷ് മോബും സ്‌കിറ്റും കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. കുമളി ബസ് സ്റ്റാന്റ് കേന്ദ്രീകരിച്ചു നടന്ന ബോധവത്ക്കരണ പരിപാടി പീരുമേട് എ .ആര്‍. ഒ ആയ ഡെപ്യൂട്ടി കലക്ടര്‍ ജി. രാജു ഉദ്ഘാടനം ചെയ്തു.
ഒരു വോട്ടു പോലും പാഴാക്കപ്പെടരുതെന്നും നിര്‍ഭയമായി, നിഷ്പക്ഷമായി, സധൈര്യം വോട്ടു ചെയ്ത് ജനാധിപത്യ പ്രക്രിയയില്‍ ഏവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു. വോട്ടു ചെയ്യേണ്ടതിന്റെ പ്രാധാന്യം ദൃശ്യാവിഷ്‌കരിച്ച് കട്ടപ്പന ഓശാനം സ്‌കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ അവതരിപ്പിച്ച 'വോട്ട് എന്റെ അവകാശം' സ്‌കിറ്റും ഫ്‌ളാഷ് മോബും ജനശ്രദ്ധ നേടി.
തുടര്‍ന്ന് തൊടുപുഴ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷനു കീഴിലുള്ള അക്ഷയ, ആദര്‍ശ് എന്നീ സ്ഥാപനങ്ങളിലെ കുട്ടികളുടെ ബെന്‍ബാന്‍ഡ് എന്ന മ്യൂസിക് ബാന്‍ഡ് അവതരിപ്പിച്ച വിവിധ പരിപാടികള്‍ വ്യത്യസ്ഥത പുലര്‍ത്തി. എട്ട് വയസുകാരി തുമ്പി, ദീപക്, പൊന്നു, ജോയല്‍ എന്നിവരാണ് സിനിമാഗാനങ്ങള്‍ക്കൊപ്പം സാക്‌സാഫോണിലും വയലിനിലും ഓടക്കുഴലിലുംസംഗീതം തീര്‍ത്ത് തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പ്രക്രിയയില്‍ പങ്കാളികളായത്. കുട്ടികളുടെ മ്യൂസിക് ബാന്‍ഡിന് പ്രോത്സാഹനമേകി. മദര്‍ ആന്റ് ചൈല്‍ഡ് ഫൗണ്ടേഷന്‍ പ്രസിഡന്റ് തോമസ് മൈലാടൂര്‍, സെക്രട്ടറി ജോഷി മാത്യു, കോര്‍ഡിനേറ്റര്‍ അഭിലാഷ് .റ്റി. ജോര്‍ജ് എന്നിവരും എല്ലാ പരിപാടികളിലും ഇവര്‍ക്കൊപ്പമുണ്ട്.
പൊതുജനങ്ങള്‍ക്ക് പരിശീലന വോട്ടു ചെയ്ത് വോട്ടിംഗ് യന്ത്രവും വി വി പാറ്റ് സംവിധാനവും മനസിലാക്കുന്നതിനുള്ള സൗകര്യവും പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിരുന്നു. സ്വീപ് നോഡല്‍ ഓഫീസര്‍ കെ.എസ്. ശ്രീകല, കുമളി സി.ഐ ജയപ്രകാശ് വി.കെ, സ്വീപ് ടീം അംഗങ്ങളായ എം. ആര്‍. ശ്രീകാന്ത്, ശ്രീജ, അനസ്, പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."