ലോക സ്കൂള്‍ കായിക മേള; തുര്‍ക്കിയിലുള്ള മലയാളി കായിക താരങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം സുരക്ഷിതര്‍
തുര്‍ക്കിയില്‍ നടക്കുന്ന ലോക സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം സുരക്ഷിതര്‍. തുര്‍ക്കിയിലെ ട്രാബ്സണിലാണ് ജിംനേഷ്യാഡ് 2016 എന്ന പേരില്‍ അഞ്ചു ദിനങ്ങള്‍ നീണ്ടു നില്ക്കുന്ന ലോക സ്കൂള്‍ കായിക മേള നടക്കുന്നത്. തുര്‍ക്കിയില്‍ അധികാരം പിടിച്ചെടുക്കാന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ നീക്കത്തെ ജനം നേരിട്ടതോടെ സംഘര്‍ഷം ഉടലെടുത്തത് കേരളത്തില്‍ ഉള്‍പ്പടെ രാജ്യത്ത് ആശങ്ക ഉയര്‍ത്തി. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളില്‍ നിന്നു 562 മൈല്‍ അകലെയാണ് മേള നടക്കുന്ന ട്രാബ്സണ്.
കഴിഞ്ഞ 13നാണ് ട്രബ്സണ്‍ യൂനിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ ലോക സ്കൂള്‍ മീറ്റിന് തുടക്കമായത്. 190 അംഗ ഇന്ത്യന്‍ ടീമാണ് തുര്‍ക്കിയിലുള്ളത്. ടീം ജനറല്‍ മാനേജര്‍ ഡോ. ചാക്കോ ജോസഫ് ഉള്‍പ്പടെ 14 അംഗ മലയാളികളാണ് ഇന്ത്യന്‍ സംഘത്തിലുള്ളത്. ഇന്ത്യന്‍ ടീം സുരക്ഷിതരാണെന്നും മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം തന്നെ പുരോഗമിക്കുന്നതായും ടീം ജനറല്‍ മാനേജരും വിദ്യാഭ്യാസ വകുപ്പ് ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടറുമായ ഡോ. ചാക്കോ ജോസഫ് പറഞ്ഞു.
10 പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും ഉള്‍പ്പെട്ട 13 കായിക താരങ്ങളാണ് മലയാളികളായി ടീമിലുള്ളത്. ഇതില്‍ പാലക്കാട് പറളി സ്കൂളിലെ പി.എന്‍ അജിത് ഇന്ത്യക്കായി 3000 മീറ്ററില്‍ ആദ്യ ദിനത്തില്‍ തന്നെ വെള്ളി മെഡല്‍ നേടിയിരുന്നു. തുര്‍ക്കിയില്‍ പട്ടാള അട്ടിമറി നീക്കവും സംഘര്‍ഷവുമൊന്നും യൂനിവേഴ്സിറ്റി ക്യാംപസിലെ താമസ സ്ഥലത്തായിരുന്ന താരങ്ങള്‍ അറിഞ്ഞിരുന്നില്ല. ക്യാംപില്‍ നിന്നു പുറത്തിറങ്ങിയ ഒഫിഷ്യല്‍സും താരങ്ങളും ശോകമൂകമായ അന്തരീക്ഷം കണ്ടാണ് വിവരങ്ങള്‍ മനസിലാക്കിയത്. ഇതിനിടെ തുര്‍ക്കിയിലെ സംഭവങ്ങള്‍ വിവരിച്ചുള്ള നോട്ടീസ് മേളയുടെ സംഘടാകരായ എസ്.ജി.എഫ് എല്ലാ ടീമുകള്‍ക്കും നല്കി. അടിയന്തിര യോഗം ചേര്‍ന്ന ശേഷം സമയക്രമം തെറ്റാതെ മത്സരങ്ങള്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്നാണ് ലോക സ്കൂള്‍ കായിക മേള സമാപിക്കുന്നത്. ഇന്ത്യന്‍ സംഘം വിമാന മാര്‍ഗം നാളെ നാട്ടിലേക്ക് യാത്ര തിരിക്കുമെന്ന് ചാക്കോ ജോസഫ് പറഞ്ഞു. ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ എത്തി വേണം ഇന്ത്യയിലേക്ക് മടങ്ങാന്‍. നിലവില്‍ വിമാനത്താവളം സുരക്ഷിതമായതിനാല്‍ ഇസ്താംബൂള്‍ വഴി തന്നെയാവും മടക്കമെന്നാണ് പ്രതീക്ഷ. ഇസ്താംബൂളില്‍ വിമാനം ഇറങ്ങി റോഡ് മാര്‍ഗം അങ്കാറയിലൂടെയാണ് സംഘം ട്രബ്സണിലേക്ക് പോയത്. എന്നാല്‍, റോഡു മാര്‍ഗം ഇസ്താംബൂളിലേക്കുള്ള മടക്കം നിലവിലെ സാഹചര്യത്തില്‍ അത്ര സുരക്ഷിതമല്ലെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഇസ്താബൂളിലും അങ്കാറയിലും ഉള്‍പ്പടെ പ്രധാന പാതകളിലെല്ലാം സംഘര്‍ഷം നിലനില്‍ക്കുകയാണ്.
അതുകൊണ്ടു ട്രബ്സണില് നിന്നു വിമാന മാര്‍ഗം ഇസ്താംബൂളില്‍ എത്താനാവുമോയെന്നാണ് നോക്കുന്നത്. രണ്ടു ദിവസത്തേക്ക് ഇസ്താംബൂള്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഇതു ടീമിന്റെ യാത്രയ്ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. ഇസ്താംബൂള്‍ വഴിയുള്ള യാത്രക്ക് തടസം നേരിട്ടാല്‍ തുര്‍ക്കിയുടെ അയല്‍ രാജ്യത്ത് എത്തി അവിടെ നിന്നു വിമാന മാര്‍ഗം ഇന്ത്യയിലേക്ക് മടങ്ങാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. ഇന്ത്യന്‍ ടീം സുരക്ഷിതരാണെന്നും 19നു സംഘം ഡല്‍ഹിയില്‍ എത്തുമെന്നാണ് ഇന്ത്യന്‍ ടീം ഒഫിഷ്യല്‍സുമായി ബന്ധപ്പെട്ട പറളി സ്കൂളിലെ കായികാധ്യാപകനും പി.എന്‍ അജിതിന്റെ പരിശീലകനുമായ പി.ജി മനോജിനെ അറിയിച്ചിരിക്കുന്നത്.
താരങ്ങള്‍ സുരക്ഷിതരെന്ന്
കായിക മന്ത്രി
ബംഗളൂരു: തുര്‍ക്കിയിലെ ട്രാബ്സോണില്‍ ലോക സ്കൂള്‍ ഗെയിംസിനായി എത്തിയ ഇന്ത്യന്‍ കായിക താരങ്ങള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍. 161 പേര് കൊല്ലപ്പെട്ട തുര്‍ക്കിയിലെ പട്ടാള അട്ടിമറിയില്‍ ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷയെ പറ്റി ആശയങ്കയുയര്ന്ന പശ്ചാത്തലത്തിലാണ് മന്ത്രി വിശദീകരണവുമായി എത്തിയത്.
വിദേശകാര്യ മന്ത്രാലയവുമായും തുര്‍ക്കിയിലെ ഇന്ത്യന്‍ അംബാസിഡറുമായും ഇതുസംബന്ധിച്ച് സംസാരിച്ചു. 149 അത്ലറ്റുകളും സുരക്ഷിതരാണെന്നു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."