കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം: പ്രതിഷേധവുമായി ബന്ധുക്കളും നാട്ടുകാരും
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പ്രമോദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നത് ബന്ധുക്കളും നാട്ടുകാരും യു.ഡി.എഫ് പ്രവര്‍ത്തകരും ചേര്‍ന്നു തടഞ്ഞു. പ്രമോദിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, ഭാര്യക്ക് സ്ഥിരം ജോലി നല്‍കുക, ആനയെ തുരത്തുക, വനപാതയോരങ്ങളിലെ അടിക്കാടുകള്‍ വെട്ടിതെളിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രമോദിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നത് തടഞ്ഞത്.
ജില്ലാ കലക്ടര്‍ സ്ഥലത്തെത്താതെയും ആവശ്യങ്ങള്‍ അംഗീകരിക്കാതെയും മൃതദേഹം പോസ്റ്റ്‌മോര്‍ത്തിന് വിട്ടുനല്‍കില്ലന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാര്‍. സുല്‍ത്താന്‍ ബത്തേരിയില്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ രാവിലെ ഏഴരയോടെ ബത്തേരി പൊലിസ് ഇന്‍സ്‌പെക്ടര്‍ എം.ഡി സുനിലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ് മോര്‍ട്ടത്തിന് എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞത്. ബുധനാഴ്ച രാത്രി തന്നെ യു.ഡി.എഫ് നേതാക്കളടക്കം സ്ഥലത്തെത്തിയിരുന്നു. സംഭവമറിഞ്ഞ് 9.30ഓടെ വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും നിരവധിയാളുകളും ആശുപത്രി പരിസരത്ത് തടിച്ചുകൂടി. ഇതിനിടെ യു.ഡി.എഫ്്, എല്‍.ഡി.എഫ് നേതാക്കള്‍ തമ്മില്‍ ചെറിയരീതിയില്‍ വാക്കുതര്‍ക്കവും ഉണ്ടായി. കലക്ടറല്ല സ്ഥലം എം.എല്‍.എയും എം.പിയുമാണ് സ്ഥലത്തെത്തി പ്രശ്‌നപരിഹാരം കാണേണ്ടതെന്ന് സി.പിഎം നേതാക്കളിലൊരാള്‍ ആവശ്യപെട്ടതാണ് വാക്കേറ്റത്തിന് കാരണമായത്. ഇതിനിടെ സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും സ്ഥലത്തെത്തി. ബത്തേരി തഹസില്‍ദാര്‍ തങ്കച്ചന്‍ ആന്റണി കലക്ടറുമായി ബന്ധപെട്ടതിനെ തുടര്‍ന്ന് മാനന്തവാടി സബ് കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്് 11 മണിയോടെ സ്ഥലത്തെത്തി പ്രതിഷേധക്കാരും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ പ്രമോദിന്റെ ഭാര്യ സഹോദരന്‍ ഷിജു സബ് കലക്ടറോടും ജനപ്രതിനിധികള്‍ക്കു മുമ്പാകെ അവതരിപ്പിച്ചു.
2015ല്‍ തന്റെ പിതാവ് ഭാസ്‌ക്കരനെ ആന കുത്തി പരുക്കേറ്റിട്ട് വനം വകുപ്പ് ആകെ 17311 രൂപ മാത്രമാണ് നല്‍കിയതെന്നും പിന്നീട് ഒരു സഹായവും നല്‍കിയല്ലെന്നും ഷിജു പറഞ്ഞു. ഷിജുവിന്റെ പിതാവിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വേണ്ട നടപടി അടിയന്തരമായി സ്വകീരിക്കുമെന്നും പ്രമോദിന്റെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കുമെന്നും സബ് കലക്ടര്‍ പറഞ്ഞു. യോഗത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെയാണ് പ്രതിഷേധം അവസാനിച്ചത്.
ചര്‍ച്ചയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ ശോഭന്‍കുമാര്‍, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രമണ്യന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ കെ.കെ അബ്രഹാം, ടി മുഹമ്മദ്, എം.എസ്് വിശ്വനാഥന്‍, എന്‍.എം വിജയന്‍, കെ.എല്‍ പൗലോസ്്, പി.പി അയ്യൂബ്, പി.എം അരവിന്ദന്‍, പ്രേമാനന്ദന്‍, ഡി.പി രാജശേഖരന്‍, പി ഗഗാറിന്‍, കെ ശശാങ്കന്‍, വി.വി ബേബി, കെ ഗീവര്‍ഗ്ഗീസ്, എടക്കല്‍ മോഹനന്‍, സലീം കല്ലൂര്‍, ബെന്നി കൈനിക്കല്‍, വന്യജീവിസങ്കേതം മേധാവി എന്‍.ടി സാജന്‍, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ അജയ്‌ഘോഷ്, രമ്യ രാഘവന്‍ അടക്കമുള്ള വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പ്രമോദിന്റെ ബന്ധുക്കള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."