കെ.എം മാണി; മലയോര കര്‍ഷകര്‍ക്ക് മറക്കാനാകാത്ത നേതാവ്
തൊടുപുഴ: മലയോര കര്‍ഷകര്‍ക്ക് മറാക്കാനാകാത്ത നേതാവാണ് കെ.എം മാണി. കൈവശ ഭൂമിക്ക് പട്ടയം നല്‍കിയതുള്‍പ്പെടെ കുടിയേറ്റ കര്‍ഷകര്‍ക്ക് അസ്ഥിത്വം നല്‍കുന്നതില്‍ പ്രധാനിയായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഇടുക്കി മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ സംഭാവനകള്‍ നല്‍കിയാണ് ഇടുക്കിയെ മാണി നെഞ്ചോടു ചേര്‍ത്തുവച്ചത്. ചികിത്സാരംഗത്ത്് പിന്നോക്കമായ ഹൈറേഞ്ചില്‍ മെഡിക്കല്‍ കോളജ് അനുവദിച്ചതിനുപിന്നില്‍ കെ.എം മാണിക്ക് മലയോര മേഖലയോടുള്ള പ്രത്യേക താല്‍പര്യമുണ്ടായിരുന്നു.
മെഡിക്കല്‍ കോളജിനും സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിക്കുംവേണ്ടി വലിയ സമരങ്ങള്‍ നടന്ന ജില്ലയാണ് ഇടുക്കി. 2011ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി പ്രത്യേക താത്പര്യമെടുത്താണ് ഇടുക്കി മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാക്കിയത്. ബജറ്റില്‍ പ്രത്യേക പാക്കേജ് അനുവദിച്ച് ഫണ്ടനുവദിച്ചാണ് മെഡിക്കല്‍ കോളജ് പ്രഖ്യാപിച്ചത്. കോളജ് പ്രഖ്യാപനത്തോടൊപ്പം സ്റ്റാഫ് ഫിക്‌സേഷനും നടത്തിയെന്നുള്ളതായിരുന്നു പ്രത്യേകത. ഇടുക്കിയുടെ വിവിധ വികസന പ്രക്രിയകളില്‍ കെ.എം. മാണിയുടെ കൈയൊപ്പു വീണിട്ടുണ്ട്.
ഏറ്റവും ഒടുവിലായി കട്ടപ്പന മിനി സിവില്‍സ്റ്റേഷന്‍, ഇടുക്കി താലൂക്ക്, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവയ്ക്കു പണം അനുവദിക്കുന്നതില്‍ കെ.എം. മാണി പ്രത്യേക താത്പര്യം കാട്ടി. 1956 മുതല്‍ ഹൈറേഞ്ചു കര്‍ഷകരുടെ ഭൂമിക്കു നല്‍കിയിരുന്ന പട്ടയ വിതരണം 1975ല്‍ നിലച്ചുപോയപ്പോള്‍ മറുതന്ത്രം മെനഞ്ഞാണ് രണ്ടാമതു പട്ടയവിതരണം ആരംഭിച്ചത്.
1 -1-77 ന് മുമ്പുള്ള കര്‍ഷകരുടെ കൈവശഭൂമിക്കു പട്ടയം നല്‍കാന്‍ സംസ്ഥാന കാബിനറ്റ് അംഗീകാരം നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ നീണ്ടുപോയി. ഒടുവില്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രിയും കെ.എം മാണി റവന്യു മന്ത്രിയുമായിരുന്ന മന്ത്രി സഭ 1993ല്‍ പട്ടയം നല്‍കാന്‍ ഉത്തരവിറക്കിയാണ് യാഥാര്‍ഥ്യമാക്കിയത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന കമല്‍നാഥ് നെടുങ്കണ്ടത്തെത്തിയാണ് പട്ടയ പ്രഖ്യാപനം നടത്തിയത്. പക്ഷേ, ആ പ്രഖ്യാപനത്തിനു മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു.
കമല്‍നാഥ് ഡല്‍ഹിയില്‍ തിരിച്ചെത്തിയപ്പോള്‍ പട്ടയ നടപടി മരവിപ്പിച്ചു. ഇതിനെതിരേ റവന്യു മന്ത്രിയായിരുന്ന കെ.എം. മാണി നടത്തിയ കൗശല തന്ത്രമാണ് 1993ലെ സ്‌പെഷല്‍ റൂള്‍ എന്നറിയപ്പെടുന്ന വനഭൂമി കൈയേറ്റം ക്രമീകരിക്കല്‍ നിയമവും 1993 പട്ടയവും. സി.എച്ച്.ആര്‍ വനഭൂമിയാണെന്ന വാദം ഉന്നയിച്ചാണ് പട്ടയ നടപടി മരവിപ്പിച്ചത്. അതിനെ മറികടക്കാന്‍ സി.എച്ച്.ആര്‍ വനഭൂമിയാണെന്ന് അംഗീകരിച്ചു കൈയേറ്റം ക്രമീകരിച്ചുനല്‍കാന്‍ നല്‍കിയ അപേക്ഷയിലാണ് കേരളത്തിലെ 28,588 ഹെക്ടര്‍ സ്ഥലം പതിച്ചുനല്‍കാന്‍ കേന്ദ്രമന്ത്രാലയം അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."