താജിന്റെ കണ്ണീര്‍ ആരുണ്ട് കാണാന്‍?
അനശ്വരതയുടെ കവിള്‍ത്തടത്തില്‍ ഉറ്റിവീണ ഒരിറ്റു കണ്ണീര്‍ എന്ന് മഹാകവി ടാഗോര്‍ താജ്മഹലിനെ പറ്റി കുറിച്ചിട്ടപ്പോള്‍ ഇത്ര മലിനമായിരുന്നില്ല നമ്മുടെ സാമൂഹികവും പാരിസ്ഥിതികവുമായ അന്തരീക്ഷം. അന്ന് താജ് അനശ്വര സ്‌നേഹത്തിന്റെ പ്രതീകവും വെണ്ണക്കല്ലില്‍ കൊത്തിവച്ച വാസ്തുശില്‍പ കാവ്യവുമായിരുന്നു. വിവാദ വിഷയമാക്കി താജിന്റെ ശോഭ കെടുത്താന്‍ ഒരു ഭാഗത്തൂടെ ചിലര്‍ പണിപ്പെടുമ്പോള്‍, ആ ചരിത്രസ്മാരകത്തിന്റെ നിലനില്‍പ് പോലും ചോദ്യം ചെയ്യുന്ന വെല്ലുവിളികളെ കുറിച്ചോര്‍ത്ത് പരമോന്നത നീതിപീഠത്തിനു വേപഥു തൂവേണ്ടിവരുന്നു. കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ താജിനു നേരെ ഉയരുന്ന പാരിസ്ഥിതിക മാലിന്യങ്ങളെ കുറിച്ച് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കറും ദീപക് ഗുപ്തയും നടത്തിയ രോഷപ്രകടനം ദേശസ്‌നേഹമുള്ള സിവില്‍ സമൂഹമാണ് നാമെങ്കില്‍ ഭരണകൂട അനാസ്ഥക്കെതിരേ ഇതിനകം പടഹധ്വനി കേള്‍പ്പിച്ചേനെ.'താജ്മഹല്‍ അടച്ചുപൂട്ടിക്കോ! അതല്ല, തകര്‍ത്തു നിലംപരിശാക്കാനാണ് തീരുമാനമെങ്കില്‍ അങ്ങനെ ചെയ്‌തൊ. എന്താണ് നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നത് അപ്രകാരം തന്നെ നടക്കട്ടെ'. ന്യായാസനം പൊട്ടിത്തെറിച്ചത് യു.പി സര്‍ക്കാരിന്റെ അറ്റമില്ലാത്ത അനാസ്ഥയില്‍ മനം നൊന്താണ്. ചരിത്രസൗധങ്ങളുടെ ദൈനംദിന പരിപാലന ചുമതല, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേതാണെങ്കില്‍ പാരിസ്ഥിതിക മലിനീകരണത്തില്‍നിന്ന് രക്ഷപ്പെടുത്തി, അതിന്റെ തനത് സൗന്ദര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത സംസ്ഥാന, തദ്ദേശസ്വയംഭരണ അധികൃതരുടേതാണ്.
താജിന്റെ വിഷയം വരുമ്പോള്‍ ചരിത്രബോധത്തിന്റെ കുറവ് കൊണ്ടോ മുഗിളകാലഘട്ടത്തിലെ ഒരു വിശിഷ്ട നിര്‍മിതിയോടുള്ള അസൂയ കൊണ്ടോ ഭരണകൂടം കൊടിയ അലംഭാവമാണ് കാണിക്കുന്നത്. കേന്ദ്രവും യു.പിയും ഭരിക്കുന്ന ഗവണ്‍മെന്റെുകള്‍ക്ക് ഷാജഹാന്‍ ചക്രവര്‍ത്തി ഇന്ത്യന്‍ വാസ്തുശില്‍പകലയെ നാല് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്തിന്റെ നെറുകയിലെത്തിച്ച അത്യപൂര്‍വ സൃഷ്ടിയോട് അശേഷം മമതയില്ലെന്ന് പരമോന്നത നീതിപീഠം മനസിലാക്കിയിട്ടുണ്ടാവണം.1643ല്‍ പ്രിയപത്‌നി മുംതാസ് മഹലിന്റെ ഓര്‍മക്കായി പണി കഴിപ്പിച്ച ഈ കാവ്യസൗധം യുനെസ്‌കോയുടെ ലോകപൈതൃകപട്ടികയില്‍പെട്ടതാണെന്ന ബോധം പോലും ഭരണകൂടത്തിന് നഷ്ടപ്പെട്ടതാണ് ന്യായാധിപന്മാരെ ക്ഷുഭിതരാക്കിയത്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ മനോജ്ഞമുഖമായി അനാവൃതമായ ഒരു ചരിത്രസ്മാരകത്തെ അതിന്റെ തനതുരൂപത്തില്‍ പരിരക്ഷിക്കാന്‍ പോലും സാധിക്കാത്തത്, കുടുസായ രാഷ്ട്രീയ ചിന്താഗതി കൊണ്ടാണെന്ന് കോടതിയും മനസിലാക്കിയിട്ടുണ്ടാകണം.
താജ്മഹല്‍ നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ തരണം ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നടക്കുന്നതല്ലാതെ ആത്മാര്‍ഥമായി ചുവടുവയ്പുകളൊന്നും ഉണ്ടാവുന്നില്ല എന്നിടത്താണ് കോടതി ഇടപെടല്‍ അനിവാര്യമായി വന്നിരിക്കുന്നത്. ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ഈ വിഷയത്തില്‍ കൊടും അനാസ്ഥയാണത്രെ നടമാടുന്നത്. നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയുമൊക്കെ കാലഘട്ടത്തില്‍ ചരിത്രസ്മാരകങ്ങള്‍ ഭംഗിയായി പരിപാലിക്കുന്നതിനെ കുറിച്ച് കൂലങ്കശമായ ചര്‍ച്ചകള്‍ നടന്നത് ചരിത്രാവബോധമുള്ള തലമുറയായിരുന്നു അത് എന്നത് കൊണ്ടാണ്. സഹൃദയത്വം തൊട്ടുതീണ്ടാത്ത ഇന്നത്തെ ഭരണാധികാരികള്‍ക്ക് പോയകാലത്തിന്റെ പ്രതാപൈശ്വര്യങ്ങളുടെ പ്രതീകങ്ങളായി, കാലത്തെ അതിജീവിച്ചുകൊണ്ട് ഇന്നും ശിരസുയര്‍ത്തി നില്‍ക്കുന്ന സ്മാരകസൗധങ്ങളോട് അശേഷം ആദരവോ കൂറോ ഇല്ല. വിനോദസഞ്ചാരികളില്‍നിന്ന് വന്‍ തുക പിഴിയാനുള്ള ഉപാധികള്‍ക്കപ്പുറം മായാവതിക്കോ യോഗി ആദിത്യനാഥിനോ കാണാനാവുന്നില്ല.
താജിനെ മറ്റു നിര്‍മിതികളില്‍നിന്ന് വ്യതിരിക്തമാക്കുന്നത് അതിന്റെ വെണ്‍മയാണ്. ആ വെണ്‍മക്ക് ഭീഷണി ഉയര്‍ത്തുന്ന കുറെ ഘടകങ്ങള്‍ ആഗ്രയില്‍ നിലനില്‍ക്കുന്നുണ്ട്. മഥുറ ഓയില്‍ റിഫൈനറീസില്‍ നിന്നുള്ള പുക 35 കി.മീറ്റര്‍ അകലെനിന്ന് കാറ്റില്‍ പറന്നുവന്ന് വെണ്ണക്കല്ലിന്റെ നിറവും തനിമയും നശിപ്പിക്കുമോ എന്ന ഉല്‍ക്കണ്ഠ മുമ്പേ നിലനില്‍ക്കുന്നുണ്ട്. അതിനിടയിലാണ് എണ്ണമറ്റ ഇഷ്ടികച്ചൂളയില്‍നിന്നുയരുന്ന പുകയുടെ ശല്യം. ഇടക്കിടെ 'മുല്‍ത്താന്‍ മിട്ടി' കൊണ്ട് മാര്‍ബിള്‍ കഴുകി വൃത്തിയാക്കുന്നുണ്ടെങ്കിലും പരിസരപ്രദേശങ്ങളില്‍നിന്നുള്ള അന്തരീക്ഷമാലിന്യം താജിന്റെ ഭാവിക്കുമേല്‍ കരിനിഴല്‍ ഉയര്‍ത്തുന്നുണ്ട് എന്നത് അനിഷേധ്യസത്യമാണ്. താജ് ട്രിപീസിയം സോണ്‍ എന്ന ആശയം തന്നെ വെണ്ണക്കല്‍ സൗധത്തെ രക്ഷിക്കാനുള്ള ഒരു ബൃഹത്തായ പദ്ധതിയുടെ ഭാഗമാണ്. യു.പിയിലെ ആഗ്ര, ഫിറോസാബാദ്, മഥുര, ഹാതറസ്, ഇട്ടാവ, രാജസ്ഥാനിലെ ഭാരത്പൂര്‍ ജില്ലകളുള്‍ക്കൊള്ളുന്ന 10,400 ചതു.കി.മീറ്റര്‍ വിസ്തീര്‍ണമുള്ള ഒരു മേഖലയെ പാരിസ്ഥിതിക മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കി സംരക്ഷിക്കാനുള്ള വലിയൊരു ദൗത്യം വിഭാവന ചെയ്തിട്ടുണ്ട്. പക്ഷേ, അതൊന്നും എവിടെയുമെത്തിയില്ല എന്നറിയുമ്പോഴാണ് പരമോന്നത നീതിപീഠത്തിന് അശ്രു പൊഴിക്കേണ്ടി വരുന്നത്.
ജാഗരൂകരായ സിവില്‍ സമൂഹത്തിനും ഉത്തരവാദിത്തബോധമുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമേ, ചരിത്രസ്മാകരകങ്ങളുടെ നൈരന്തര്യം ഉറപ്പാക്കാന്‍ സാധിക്കുകയുള്ളുവെന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്. കച്ചവടക്കണ്ണോടെ മാത്രം ടൂറിസ്റ്റ് സ്‌പോട്ടുകളിലേക്ക് കണ്ണോടിക്കുന്ന നിലവാരം കുറഞ്ഞ രാഷ്ട്രീയക്കാരുടെ മനസില്‍ ചരിത്രമോ പൈതൃകമൂല്യമോ കടന്നുവരിക അസാധ്യം.
യു.പിയില്‍ മായാവതി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ആഗ്ര സര്‍ക്കിളില്‍ സുപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റായ കോഴിക്കോട് കൊടുവള്ളി സ്വദേശി കെ.കെ മുഹമ്മദ് നടത്തിയ ധീരമായ ഒരു പോരാട്ടം താജ്മഹലിനെ രക്ഷിച്ചത് എങ്ങനെയെന്ന് പരാമര്‍ശിക്കാതെ പോവുന്നത് ശരിയല്ല. താജ്മഹലിനും ആഗ്ര കോട്ടയ്ക്കും ഇടയില്‍ 200ലേറെ വ്യാപാരസമുച്ചയങ്ങള്‍ പണിയാനുള്ള താജ് ഹെറിറ്റേജ് കോറിഡോര്‍ പദ്ധതി വിഭാവനം ചെയ്തത് പ്രദേശത്തിന്റെ ചരിത്രപ്രാധാന്യം കണക്കിലെടുക്കാതെയായിരുന്നു. താജിന്റെ 500മീറ്റര്‍ പരിധിയിലും ആഗ്രഹകോട്ടയുടെ 300മീറ്റര്‍ പരിധിയിലും നിര്‍മാണപ്രവൃത്തികള്‍ പാടില്ലെന്നാണ് നിയമം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിക്കായി വന്നപ്പോള്‍ മുഹമ്മദ് അപേക്ഷ നിരസിച്ചു. പദ്ധതിക്കു വരികയാണെങ്കില്‍ രണ്ടു ചരിത്രസ്മാരകങ്ങളെ ബന്ധിപ്പിക്കുന്ന വൈകാരിക മാനങ്ങള്‍ പണയം വയ്‌ക്കേണ്ടിവരുമെന്ന് ആ ചരിത്രപണ്ഡിതന്‍ മനസിലാക്കി.
ഷാജഹാന്‍ ചക്രവര്‍ത്തി എട്ടുവര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കണ്ണടക്കുന്നത് ആഗ്രകോട്ടയിലെ 'മുസമ്മം ബുര്‍ജിലിരുന്നു' തന്റെ പ്രിയതമയുടെ ശവകുടീരം കണ്‍കുൡക്കെ നോക്കിക്കണ്ടാണ്. ആ കാഴ്ചയെ മറക്കുന്ന ഒരു നിര്‍മിതിയും ആ ചരിത്രഭൂവില്‍ ഉയരാന്‍ പാടില്ല എന്ന ശാഠ്യത്തോടെ മായാവതിയുടെ പദ്ധതിക്കു മുന്നില്‍ കെ.കെ മുഹമ്മദ് വിഘ്‌നങ്ങള്‍ സൃഷ്ടിച്ചു. പോരാട്ടം സുപ്രിംകോടതി വരെ എത്തി. ഡല്‍ഹി ഭരിക്കുന്ന വാജ്‌പേയി സര്‍ക്കാരുമായി മായാവതിക്കു ഏറ്റുമുട്ടേണ്ടിവന്നു. അന്ന് തനിക്ക് എല്ലാ പിന്‍ബലവും പിന്തുണയും നല്‍കിയത് ടൂറിസം, സാംസ്‌കാരിക മന്ത്രി ജഗ്‌മോഹന്‍ ആണെന്ന് കെ.കെ മുഹമ്മദ് രേഖപ്പെടുത്തുന്നു.
താജിനെ രക്ഷിക്കാനുള്ള ആ പോരാട്ടത്തിനൊടുവില്‍ മായാവതി സര്‍ക്കാരിന്റെ പതനം കാണാനുള്ള ഭാഗ്യമുണ്ടായി എന്ന് അഭിമാനത്തോടെ പറയുമ്പോഴും പുരാവസ്തു സംരക്ഷണ വിഷയത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാണിക്കാറുള്ള താല്‍പര്യമൊന്നും ബി.ജെ.പി സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്.
സമീപകാലത്ത് താജ്മഹല്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് നല്ല വാര്‍ത്തകള്‍ കൊണ്ടായിരുന്നില്ല. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ മേലുള്ള കളങ്കമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സിങ് സോമിന്റെ ജല്‍പനം കേട്ടപ്പോള്‍ ഒരു മതഭ്രാന്തന്റെ ഒറ്റപ്പെട്ട ഓരിയിടലായി കരുതിയവര്‍ക്ക് തെറ്റി. നാനാഭാഗത്തുനിന്നും സംഘ്പരിവാര്‍ സംഘങ്ങള്‍ താജിനെയും അതിനു പിന്നിലെ ചരിത്രപുരുഷന്മാരെയും അവമതിച്ചുകൊണ്ട് നിരന്തരം ആക്രോശങ്ങള്‍ നടത്തി. അത് കണ്ട് ലോകം തന്നെ അമ്പരന്നു. കോടിക്കണക്കിനു വിദേശികളെ ഇന്ത്യയിലേക്ക് മാടിവിളിക്കുന്ന ഒരു ചരിത്രസൗധത്തിനു നേരെ വിദ്വേഷത്തിന്റെ വിഷധൂളികള്‍ പരത്തുന്ന ഇവര്‍ എന്തു കാടന്മാരാണ് എന്നു വരെ ചോദ്യമുയര്‍ന്നു.
അടുത്തകാലത്ത് താജിലേക്ക് അതിക്രമിച്ചുകടന്ന വി.എച്ച്.പി ഗുണ്ടകള്‍ അതിനകത്ത്‌വച്ച് പൂജ നടത്താനാണ് വിഫലശ്രമം നടത്തിയത്. പൊലിസ് ആട്ടിപ്പുറത്താക്കിയപ്പോള്‍ പുറത്ത് യമുനയുടെ തീരത്ത് വട്ടമിട്ടിരുന്ന് എന്തൊക്കെയോ ജപിച്ച് , മണി മുഴക്കി തിരിച്ചുപോയി. സിദ്ധേശ്വര്‍ മഹാദേവി മന്ദിരത്തിലേക്ക് കടക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞ് ഒരു കൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ താജിന്റെ കവാടത്തിലേക്ക് അതിക്രമിച്ചുകടന്നപ്പോള്‍ പൊലിസിനു ബലപ്രയോഗം നടത്തേണ്ടിവന്നു. കനത്ത പൊലിസ് സുരക്ഷ അനിവാര്യമായി വന്നിരിക്കയാണ് മുംതാസിന്റെ ശവകുടീരത്തില്‍ ഇന്ന്.
താജിന്റെ ഓരങ്ങളില്‍ ഇന്ന് നടമാടുന്ന ഇത്തരം ആസുരതകളെ കുറിച്ച് ഫോണില്‍ സംസാരിച്ചപ്പോള്‍ അലീഗഡിലെ സഹപാഠിയും പ്രശസ്ത ചരിത്രകാരനുമായ പ്രൊഫ. അലി നദീം റിസ്‌വി പ്രതികരിച്ചത് ഇങ്ങനെ: 'താജിനെതിരേ മാത്രമല്ല ഹിന്ദുത്വ ബ്രിഗേഡുകള്‍ ആയുധമെടുത്തിരിക്കുന്നത്. മുസ്‌ലിം ഭരണകാലത്തെ പ്രകാശപൊലിമയില്‍ നിര്‍ത്തുന്ന എന്തിനെയും തച്ചുടക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഹിന്ദുക്കള്‍ക്ക് സാധിക്കാത്തത് മുസ്‌ലിംകള്‍ക്ക് എങ്ങനെ സാധിച്ചു എന്നതാണ് ഇവരുടെ മനോഘടന'. ഈ വികൃതമനസ് വളര്‍ത്തുന്നതില്‍ യൂറോപ്യന്‍ ചരിത്രകാരന്മാര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് കൂടി ഇര്‍ഫാന്‍ ഹബീബിന്റെ ശിഷ്യന്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ചരിത്രത്തിന് അപചയം സംഭവിച്ചാല്‍ അതു തലമുറകളെ വേട്ടയാടിക്കൊണ്ടിരിക്കുമെന്ന വിശ്വപ്രശസ്ത ചരിത്രകാരന്‍ അര്‍ണോള്‍ഡ് ടോംയിമ്പിയുടെ ആപ്തവാക്യങ്ങളാണ് മനസിലോടിയത്.
താജിന്റെ കണ്ണീര്‍ ഇന്നാടിന്റെ കൂടി കണ്ണീരാണ്. പ്രകൃതിയും ചുറ്റുമുള്ള മനുഷ്യരും വാളോങ്ങി നില്‍ക്കുമ്പോള്‍ കാലത്തിന്റെ പ്രഹരങ്ങളെ അതിജീവിച്ച ആ സ്മാരകസൗധത്തിന്റെ മരണമൊഴി കേള്‍ക്കുന്നത് പോലെ. ബാബരി മസ്ജിദിനു ശേഷം പൊളിക്കാനുള്ളത് താജ്മഹലാണെന്ന് ഹിന്ദുത്വരാഷ്ട്രീയ അണിയറയില്‍ മര്‍മരമുണ്ടെന്ന് ആരൊക്കെയോ എഴുതിക്കണ്ടു. ശവകുടീരങ്ങളിലെ നിലവിളി ആത്മാക്കള്‍ക്കേ കേള്‍ക്കാന്‍ കഴിയൂ എന്നത് കൊണ്ട് നമുക്ക് സ്വസ്ഥമായി ഉറങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."