ജലന്ധര്‍ രൂപതയുടെ കണ്ണൂരിലെ മഠങ്ങളില്‍ പരിശോധന
പരിയാരം (കണ്ണൂര്‍): കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന സംഭവത്തില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അധീനതയിലുള്ള പരിയാരത്തെയും മാതമംഗലത്തെയും മഠങ്ങളില്‍ അന്വേഷണസംഘം പരിശോധന നടത്തി. ഇന്നലെ ഉച്ചക്കുശേഷം മൂന്നോടെ പരിയാരം ആയുര്‍വേദ ആശുപത്രിക്കു പിന്‍വശത്തെ സെന്റ് ക്ലാരാസ് മിഷന്‍ ഹോം കന്യാസ്ത്രീ മഠത്തിലാണ് അന്വേഷണസംഘം ആദ്യം എത്തിയത്. രണ്ടേകാല്‍ മണിക്കൂറോളം നീണ്ട പരിശോധന വൈകിട്ട് 5.15ഓടെ പൂര്‍ത്തിയായി. തുടര്‍ന്നാണ് മാതമംഗലത്തെ മരിയാ സദന്‍ മഠത്തിലും സംഘം പരിശോധന നടത്തിയത്. കന്യാസ്ത്രീയുടെ പരാതിയില്‍ കണ്ണൂരിലെ മഠങ്ങളെക്കുറിച്ച് പരാമര്‍ശമില്ലെങ്കിലും ബിഷപ്പ് കേരളത്തില്‍ എത്തുമ്പോള്‍ ഇവിടെയും സന്ദര്‍ശനം നടത്തിയിരുന്നോ എന്നറിയാനാണ് കേസന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. ബിഷപ്പ് നാലുതവണ പരിയാരത്തെ മഠത്തില്‍ എത്തിയിട്ടുണ്ടെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.
ചില പരിപാടികള്‍ക്കായി പോകവെയാണ് ബിഷപ്പ് മഠത്തില്‍ എത്തിയതെങ്കിലും ഇവിടെ താമസിച്ചിട്ടില്ലെന്ന് മഠം അധികൃതര്‍ അറിയിച്ചു.
പരിയാരത്തെ മഠത്തിലെ സന്ദര്‍ശക ഡയറി ഉള്‍പ്പെടെ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ബിഷപ്പ് ജലന്ധര്‍ വിടരുതെന്നു കാണിച്ച് ഡി.ജി.പി പഞ്ചാബ് പൊലിസ് മേധാവിക്ക് കത്തയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."