മലപ്പുറത്ത് കോളറ പരക്കുന്നു; ആരോഗ്യ വകുപ്പിന് ഇപ്പോഴും അനക്കമില്ല
മലപ്പുറം ജില്ലയില്‍ കുറ്റിപ്പുറത്തെ അഞ്ചുപേര്‍ക്കു പുറമേ പത്തുപേര്‍ക്കു കൂടി കോളറ കണ്ടെത്തി. ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ക്ക് തൃശ്ശൂരില്‍ ആശുപത്രിയില്‍ ഡയായിലിസ് നടക്കുകയാണ്.
കഴിഞ്ഞ ദിവസം കോളറ ബാധ കണ്ടെത്തിയെ കുറ്റിപ്പുറത്ത് ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും ജില്ലയുടെ പലസ്ഥലങ്ങളിലും ആരോഗ്യവകുപ്പ് ഉണര്‍ന്നിട്ടില്ല.
ജില്ലയിലെ പല ആശുപത്രികളിലും ഡോക്ടര്‍മാരുടെ അഭാവം രൂക്ഷമാണ്. ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ കൃത്യസമയത്ത് എത്തുന്നില്ലെന്ന പരാതിയും ഏറെയാണ്.
ജില്ലയുടെ വിവിധ സ്ഥങ്ങലില്‍ മാലിന്യം കെട്ടിക്കിടക്കുന്നതു വൃത്തിയാക്കാന്‍ അധികാരികള്‍ ശ്രമിക്കുന്നില്ലെന്ന പരാതിയും ഉണ്ട്. മഴ കനത്തതോടെ നഗരപ്രദേശങ്ങളില്‍ മാലിന്യക്കൂമ്പാരം റോഡുകളില്‍ നിറഞ്ഞൊഴുകുകയാണ്.
കുറ്റിപ്പുറത്ത് ജലനിധി പദ്ധതിയിലൂടെ ജല വിതരണം നടത്തുന്ന സ്രോതസുകളും ടാങ്കുകളും ആരോഗ്യസംഘം പരിശോധിച്ചിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമ്മര്‍ ഫാറൂഖിന്റെ നേതൃത്വത്തിലായിരുന്നു സംഘം. ഇവിടെനിന്നും ശേഖരിച്ച സാംപിള്‍ വയനാട് വെറ്റിനറി സര്‍വകലാശാലയില്‍ പരിശോധിക്കാന്‍ അയച്ചിട്ടുണ്ട്.
ഇതിന്റെ പരിശോധനാ ഫലം ലഭിക്കുന്നതുവരെ ജലവിതരണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കി. പ്രദേശത്തെ കൂള്‍ബാറുകള്‍ ഒരാഴ്ച്ചത്തേക്ക് അടച്ചിടും. ഹോട്ടലുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ നല്‍കാവൂ എന്നു നിര്‍ദേശിച്ചു.
രോഗവ്യാപനം തടയുന്നതിന്റ ഭാഗമായി കുറ്റിപ്പുറത്തെ ഹോട്ടലുകളും ഭക്ഷണ വിതരണ കേന്ദ്രങ്ങളും പരിശോധിക്കാന്‍ ഭക്ഷ്യ സുരക്ഷ വിഭാഗത്തോട് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേശപതി നിര്‍ദേശിച്ചു.
മുഴുവന്‍ കുടിവെള്ള സ്രോതസുകളും കുറ്റിപ്പുറം താലൂക്കാശുപത്രി ഫീല്‍ഡ് വിഭാഗം സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിവരുന്നുണ്ട്. പൊതുജനങ്ങള്‍ കൈക്കൊള്ളേണ്ട പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് മൈക്ക് അനൗണ്‍സ്മന്റ് നടത്തി.
ഒ.ആര്‍.എസ്, ആവശ്യമരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. പ്രദേശത്ത് സജീവ രോഗ നിരീക്ഷണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്കരണവും ലഘുലേഖ വിതരണവും നടത്തി.
തിരൂരില്‍ കോളറ സംശയത്തെ തുടര്‍ന്ന് വെട്ടം സ്വദേശികളായ അഞ്ചുപേര്‍ ചികിത്സയില്‍ ആണ്. ഒരാളുടെ നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ മലം ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതോടെയാണ് എല്ലാവരും ചികിത്സ തേടിയത്. കുറ്റിപ്പുറത്ത് ഹോട്ടലില്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികളാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. അവരുടെയും മലം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. കലക്ടര്‍ അടച്ചുപൂട്ടാന്‍ ഉത്തരവിട്ട കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡ് പരിസരത്തെ അന്നപൂര്‍ണ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവരാണ് ആശുപത്രിയിലായിട്ടുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
അതേസമയം കാന്‍സര്‍ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന താനാളൂര്‍ സ്വദേശിക്കും കോളറയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും പരിശോധിച്ചശേഷമേ ഇത് കോളറയാണെന്ന് സ്ഥിരീകരിക്കാനാവൂവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി. ഉമറുല്‍ ഫാറൂഖ് പറഞ്ഞു.
എടപ്പാളില്‍ കാലടി പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ ഹോട്ടലുകളിലെ ശുചിത്വ പരിശോധന കര്‍ശനമാക്കി. സമീപ പഞ്ചായത്തില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്. ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, ബേക്കറികള്‍ എന്നിവയുടെ ശുചിത്വ പരിശോധന നടത്തി കുടിവെള്ള ശുചിത്വം ഉറപ്പുവരുത്തുതിനും വ്യക്തി- പരിസര ശുചിത്വം ഉറപ്പു വരുത്തുതിനും കര്‍ശന നിര്‍ദേശം നല്‍കി.
നരിപ്പറമ്പിലെ ഒരു ഹോട്ടലില്‍ ശൗചാലയത്തിലെ ടാങ്ക് നിറഞ്ഞുകവിഞ്ഞ് തോടുവഴി ഭാരതപ്പുഴയിലേക്ക് മലിന ജലം ഒഴുകുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തി.
ജില്ലയില്‍ കോളറ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് കൈക്കൊള്ളുന്ന നടപടികളുമായി ജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ എസ്.വെങ്കിടേശപതി അറിയിച്ചു.
..................................................................................................................................................
എന്താണ് കോളറ
വിബ്രിയോ കോളറ എന്ന ബാക്ടീരിയ പരത്തുന്ന വെള്ളത്തിലൂടെ പകരുന്ന രോഗമാണ് കോളറ. മലിനമായ ആഹാരത്തിലൂടെയും വെള്ളത്തിലൂടെയുമാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.
ലക്ഷണങ്ങള്‍
വയറിളക്കവും ഛര്‍ദ്ദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങള്‍. വളരെ നേര്‍ത്തവെള്ളം പോലെ ധാരാളം മലം പോകുന്നതാണ് പ്രധാന ലക്ഷണം.രക്തസമ്മര്‍ദ്ദം കുറയുകയും തലകറക്കം, നാവിനും ചുണ്ടുകള്‍ക്കും ഉണ്ടാകുന്ന വരള്‍ച്ച, കണ്ണുകള്‍ താണുപോകുക, ബോധക്കേട് എന്നിവ കോളറയുടെ ഗുരുതരമായ രോഗലക്ഷണങ്ങളാണ്. മൂത്രത്തിന്റെ അളവ് കുറയും. വൃക്കകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യും.
കോളറ തടയാന്‍ എന്തുചെയ്യണം
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
വ്യക്തിപരിസര ശുചിത്വം പാലിക്കുക
ഈച്ചയെ അകറ്റുക
പഴകിയ പച്ചക്കറികള്‍, ഭക്ഷണം, പഴങ്ങള്‍ എന്നിവ കഴിക്കരുത്,
കിണറുകളും കുടിവെള്ള സ്രോതസുകളും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുക
ഭക്ഷണത്തിനു മുന്‍പും മല-മൂത്ര വിസര്‍ജനത്തിനു ശേഷവും കൈ സോപ്പിട്ട് കഴുകുക
പുതിയതും ചൂടുള്ളതുമായ ആഹാരം കഴിക്കുക.
................................................................................................................................................
നിലമ്പൂരില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല;
ഉള്ള ഡോക്ടര്‍മാര്‍ എത്തുന്നുമില്ല
നിലമ്പൂരില്‍ ആദിവാസികള്‍ ഉള്‍പ്പെടെ ആയിരത്തോളം പേര്‍ ആശ്രയിക്കുന്ന ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരവസ്ഥ. ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതിന് പുറമെ ഉള്ള ഡോക്ടര്‍മാര്‍ എത്തുന്നുമില്ല എന്നതാണ് ആശുപത്രിയുടെ അവസ്ഥ. ആയിരത്തോളം രോഗികളാണ് ഇന്നലെ നിലമ്പൂര്‍ ജില്ലാ ആശുപത്രി ഒ.പിയിലെത്തിയത്.
എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഒ.പി സമയം. എന്നാല്‍ ഡോക്ടര്‍മാര്‍ ഒ.പിയില്‍ എത്തുന്നത് തന്നെ മണിക്കൂറുകള്‍ കഴിഞ്ഞാണ്. രാവിലെ എട്ടുമണിമുതല്‍ രോഗികള്‍ വരി നിന്നെങ്കിലും ജനറല്‍ ഒ.പിയില്‍ ഡോക്ടര്‍ എത്തിയത് 11.15നാണ്.
ഒ.പി സമയം അവസാനിക്കുന്നതിന് മുന്‍പ് പോകുകയും ചെയ്തു. രോഗികളെ മുഖത്തേക്ക് പോലും നോക്കാതെ കാര്യമായ പരിശോധന നടത്താതെ മരുന്ന് എഴുതി വിടുന്ന ഡോക്ടര്‍മാരും ഉണ്ട്. അസുഖം മാറണമെങ്കില്‍ ഇവരുടെ വീട്ടിലെ സ്വകാര്യ ചികില്‍സക്കെത്തണം.
താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തിയെങ്കിലും ഡോക്ടര്‍മാരുടെ ഒഴിവ് നികത്തിയിട്ടില്ല. ഫിസിയോ തെറാപ്പി, മന:ശാസ്ത്ര വിഭാഗം, റേഡിയേഷന്‍, ഫിസിഷ്യന്‍, എക്‌സ്‌റേ വിഭാഗം ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയിലില്ല. പത്തു ഡോക്ടര്‍മാരുടെ തസ്തിക ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. ഉള്ളവരില്‍ തന്നെ രണ്ട് ഡോക്ടര്‍മാര്‍ പരിശീലനത്തിലാണ്.
നാലു ഡോക്ടര്‍മാര്‍ നീണ്ട അവധിയിലുമാണ്. വൈദ്യുതി ഇടയ്ക്കിടെ തടസപ്പെടുന്നത് മൂലം ഡയാലിസിസ് ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരുന്നു. ശസ്ത്രക്രിയകളും മുടങ്ങിയിരുന്നു. ജനറേറ്ററിന് വേണ്ടി ആശുപത്രി സര്‍ക്കാര്‍ ഏജന്‍സിയായ കെല്ലിന് നല്‍കിയ ടെന്‍ഡര്‍ റദ്ദാക്കുകയും ചെയ്തു.
പി.വി അന്‍വര്‍ എംഎല്‍എ മുന്‍കൈയെടുത്ത് ദിവസ വാടകക്ക് ജനറേറ്റര്‍ നല്‍കിയിരിക്കുകയാണ്. ചെറിയ വിഷയങ്ങളുണ്ടാകുമ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി മാത്രമാണ് സംഘടനകള്‍ രംഗത്തുവരുന്നത്. വികസനങ്ങളും മറ്റും രാഷ്ട്രീയ വിഷയമാക്കുമ്പോഴും അനാഥമായി കിടക്കുന്ന ജില്ലാ ആശുപത്രിയെ കുറിച്ച് ആര്‍ക്കും വേവലാതികളില്ലെന്ന് രോഗികളും ബന്ധുക്കളും പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."