സബ്കലക്ടര്‍ സ്വന്തക്കാരന് പതിച്ചു നല്‍കിയ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും
തിരുവനന്തപുരം: ഭര്‍ത്താവായ എം.എല്‍.എയുടെ സ്വന്തക്കാരന് സബ്കലക്ടര്‍ കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്. മുന്‍ തിരുവനന്തപുരം സബ്കലക്ടറും ശബരീനാഥ് എം.എല്‍.എയുടെ ഭാര്യയുമായ ദിവ്യ എസ്.അയ്യര്‍ ആണ് കോടികള്‍ വിലമതിക്കുന്ന ഭൂമി കൈമാറിയത്. വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ വര്‍ക്കല- പാരിപ്പള്ളി സംസ്ഥാനപാതയോരത്തെ 27 സെന്റ് ഭൂമിയാണ് സ്വകാര്യവ്യക്തിക്ക് സബ്കലക്ടര്‍ കൈമാറിയത്. ഈ നടപടി തെറ്റായിരുന്നുവെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ വാസുകി കണ്ടെത്തി. സര്‍വേ, റവന്യൂ ഉദ്യോഗസ്ഥരോട് ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
27 സെന്റ് പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തി അനധികൃതമായി കൈവശം വച്ചതായി കണ്ടെത്തി വര്‍ക്കല തഹസില്‍ദാര്‍ കഴിഞ്ഞ വര്‍ഷം ജൂലൈ 19ന് ഏറ്റെടുത്തിരുന്നു. ഇവിടെ അയിരൂര്‍ പൊലിസ് സ്റ്റേഷന് കെട്ടിടം നിര്‍മിക്കണമെന്ന് തീരുമാനിച്ച് ഒഴിച്ചിടുകയും ചെയ്തു. എന്നാല്‍ റവന്യു വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് ഭൂമി കൈവശം വച്ചിരുന്ന വ്യക്തി ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ തീരുമാനമെടുക്കാന്‍ കോടതി സബ് കലക്ടര്‍ ദിവ്യ എസ്.അയ്യര്‍ക്കു നിര്‍ദേശം നല്‍കി. തുടര്‍ന്ന് സബ് കലക്ടര്‍ പരാതി നല്‍കിയ വ്യക്തിയുടെ ഭാഗം കേട്ടശേഷം തഹസില്‍ദാരുടെ നടപടി റദ്ദാക്കുകയായിരുന്നു. മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഗണ്‍മാന്റെ കുടുംബത്തിനാണ് സ്ഥലം നല്‍കിയത്. എന്നാല്‍ നടപടിയെടുത്തതു ഭൂവിനിയോഗ നിയമം അനുസരിച്ചാണെന്നായിരുന്നു സബ്കലക്ടറുടെ വിശദീകരണം. സര്‍ക്കാര്‍ സ്ഥലം സ്വകാര്യ വ്യക്തിക്ക് നല്‍കിയത് ചോദ്യം ചെയ്ത് സ്ഥലം എം.എല്‍.എ വി.ജോയി പരാതിയുമായി റവന്യൂ മന്ത്രിയെ സമീപിച്ചതിനെ തുടര്‍ന്ന് ദിവ്യ എസ്.അയ്യരെ സബ്കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റി. ഭൂമി സംബന്ധിച്ച് തിരുവനന്തപുരം ജില്ലാകലക്ടറോട് അന്വേഷണം നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മിഷനര്‍ ആവശ്യപ്പെടുകയും ചെയ്തു. പരാതി നല്‍കിയ വ്യക്തിയെ ഹിയറിങിന് വിളിക്കുകയും രേഖകള്‍ പരിശോധിക്കുകയും ചെയ്ത ശേഷമാണ് കലക്ടറുടെ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."