കൈയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാറിലെ എല്ലാ കൈയേറ്റങ്ങളും ഒഴിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങളെ സംബന്ധിച്ച് ഈ സര്‍ക്കാരിന് വ്യക്തമായ നിലപാടാണുള്ളത്. പ്രകടനപത്രികയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. നിയമവിരുദ്ധമായി ഭൂമി കൈവശം വയ്ക്കുകയും സര്‍ക്കാര്‍ ഭൂമി കൈയേറുകയും ചെയ്തിട്ടുള്ള വന്‍കിട തോട്ടമുടമകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അവരുടെ കൈവശമുള്ള അത്തരം ഭൂമി പൊതു ആവശ്യങ്ങള്‍ക്കും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുന്നതിനും ഉപയോഗപ്പെടുത്തും. റവന്യൂ ഉദ്യോഗസ്ഥര്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കല്‍ നടപടി ഒഴിവാക്കണമെന്ന ഒരു തീരുമാനവും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. കഴിയുന്നതും സമവായത്തിലൂടെ പ്രശ്‌നം പരിഹരിക്കാനും ജനങ്ങളുടെ പിന്തുണയോടെ ഈ പ്രശ്‌നം പരിഹരിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും അതോടൊപ്പം ജനജീവിതം തടസപ്പെടാത്ത വിധത്തിലുള്ള കൈവശാവകാശ രേഖകളുടെ പരിശോധനയിലൂടെ പരമാവധിപേര്‍ക്ക് പട്ടയം നല്‍കുക എന്നതാണ് സര്‍ക്കാര്‍ നയം. 10 സെന്റില്‍ താഴെ മാത്രം ഭൂമി കൈവശം വച്ച് വീടും കൃഷിയുമായി കഴിയുന്നവരില്‍ മറ്റെവിടെയും ഭൂമിയില്ലാത്തവരെ സംരക്ഷിക്കുക തന്നെ ചെയ്യും. ലാന്റ് അസസ്‌മെന്റ് ആക്ടില്‍ ഇതിനു വ്യവസ്ഥയുമുണ്ട്. കൈയേറ്റത്തേയും കുടിയേറ്റത്തേയും രണ്ടായി കണ്ടുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു നാട് മുഴുവന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ട ആവശ്യകതയാണ് ഇക്കാര്യത്തില്‍ വേണ്ടത്. ജനങ്ങളുടെ പിന്തുണയോടെ അവിടെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനായാണ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മത-സാമുദായിക സംഘടനകളുടെ നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ഒരു കൂട്ടായ തീരുമാനമെടുക്കണമെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചത്.
പാപ്പാത്തിച്ചോലയില്‍ സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപിച്ച കുരിശ് പൊളിച്ചതിനേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. പാപ്പാത്തിചോലയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കൈയേറിയ ഭൂമിയില്‍ ക്രിസ്ത്യന്‍ ജീസസ് സഭ കുരിശ് സ്ഥാപിച്ചു എന്നതിന്റെ പേരില്‍ അര്‍ധരാത്രി 144 പ്രഖ്യാപിച്ചു. പുലര്‍ച്ചെ കുരിശ് തകര്‍ക്കുകയും ചെയ്തു. പൊലിസ് അറിയാതെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിയമമനുസരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കുവാന്‍ കലക്ടര്‍ക്ക് അധികാരമുണ്ടെങ്കിലും പൊലിസുമായി കൂടിയാലോചന നടത്തി മാത്രമേ ഇത്തരം അധികാരം സാധാരണ നിലയില്‍ ഉപയോഗിക്കാറുള്ളൂ. ഇടുക്കി ജില്ലയിലെ എല്ലാ മത വിഭാഗങ്ങളുടെയും ആരാധനാലയങ്ങളുടെ കാര്യമെടുത്താല്‍ പലതും പട്ടയമില്ലാത്ത ഭൂമിയിലാണ് സ്ഥിതിചെയ്യുന്നത് എന്ന പ്രശ്‌നം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യവും കൂട്ടായ അലോചനയുടെ ഭാഗമായി തീരുമാനമെടുത്ത് പോകേണ്ടതാണെന്നും ഈ സര്‍ക്കാരിന്റെ കാലത്ത് അര്‍ഹതപ്പെട്ട കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുന്നത്. ആ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."