അഭിമന്യു വധം: നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍
കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് നാല് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നായാണ് ഇവര്‍ അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി.
വെണ്ണല സ്വദേശി അനൂപ്, കരുവേലിപ്പടി സ്വദേശി നിസാര്‍ എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പൊലിസിന്റെ പിടിയിലായത്. ഷാജഹാന്‍, ഷിറാസ് സലീം എന്നിവരെയാണ് ആലപ്പുഴ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ സിഡികള്‍, ലാപ് ടോപ്പുകള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.
ഇവയില്‍ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നും പൊലിസ് പറഞ്ഞു. അതിനിടെ അക്രമികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച കാര്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. ചേര്‍ത്തല സ്വദേശിയുടെ മാരുതി സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്.
ഇതിനിടയില്‍ അഞ്ചു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെ കോടതി റിമാന്റ് ചെയ്തു. കോട്ടയം കങ്ങഴ പത്തനാട് ചിറക്കല്‍ വീട്ടില്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ വീട്ടില്‍ റിയാസ് ഹുസൈന്‍ (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 17 വരെ റിമാന്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."