വളയനാട് ക്ഷേത്രത്തില്‍ കവര്‍ച്ച; തിരുവാഭരണവും പണവും മോഷ്ടിച്ചു
കോഴിക്കോട്: വളയനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കവര്‍ച്ച. അഞ്ചേമുക്കാല്‍ പവന് തൂക്കം വരുന്ന തിരുവാഭരണവും ഏഴുഭണ്ഡാരങ്ങളില് നിന്നായി 25,000 രൂപയും കവര്‍ന്നു. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രനട തുറക്കാനെത്തിയ മേല്‍ശാന്തി തളിയില്‍മന ശ്രീകാന്ത് നമ്പൂതിരിയാണ് കവര്‍ച്ച നടന്നത് ആദ്യമറിയുന്നത്. പിന്നീട് മെഡിക്കല്‍ കോളജ് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. തലേദിവസം രാത്രി എട്ടിനാണ് ക്ഷേത്രം അടച്ച് മേല്‍ശാന്തിയും ജീവനക്കാരും പോയത്. ക്ഷേത്രത്തിന്റെ തെക്കേ ഭാഗത്തുള്ള വാതിലിന്റെ പൂട്ടു പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.
ശ്രീകോവിലിന്റെ വാതില്‍ പൂട്ടിയിരുന്നില്ല. ഈ വാതില്‍ തുറന്ന് അകത്തുകയറിയാണ് മോഷ്ടാവ് തിരുവാഭരണം മോഷ്ടിച്ചത്. തിരുവാഭരണത്തിനു പുറമെ ദേവന്റെ വെള്ളിയില്‍ തീര്‍ത്ത കിരീടവും മോഷ്ടാവ് എടുത്തിരുന്നു. ഇത് ക്ഷേത്രപരിസരത്ത് ഉപേക്ഷിച്ച നിലയില്‍ പൊലിസ് കണ്ടെത്തി.
ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ഏഴു ഭണ്ഡാരങ്ങളാണുള്ളത്. പുറത്തുള്ള ഓഫിസ് മുറിയുടെ വാതില്‍ തകര്‍ത്ത മോഷ്ടാവ് ഇവിടെയുള്ള താക്കോലുകള്‍ എടുത്താണ് ഭണ്ഡാരങ്ങള്‍ തുറന്നത്. തുറക്കാന്‍ കഴിയാത്ത ഭണ്ഡാരങ്ങളുടെ പൂട്ടുകള്‍ പൊളിച്ചാണു പണം കവര്‍ന്നത്. കഴിഞ്ഞ 15 ന് ക്ഷേത്രഭാരവാഹികള്‍ ഭണ്ഡാരം തുറന്ന് പണം ശേഖരിച്ചിരുന്നു. അതിനാല്‍ 10 ദിവസത്തെ പണം മാത്രമാണ് ഭണ്ഡാരത്തിലുണ്ടായിരുന്നത്. മോഷ്ടാവ് ഉപയോഗിച്ച ടോര്‍ച്ചും കമ്പിപ്പാരയും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഒന്നില്‍കൂടുതല്‍ മോഷ്ടാക്കളുടെ സാന്നിധ്യമുണ്ടെന്നാണു പൊലിസ് കരുതുന്നത്.
ക്ഷേത്രത്തെ കുറിച്ച് അറിയാവുന്ന ആരെങ്കിലുമാണോയെന്നും പൊലിസ് സംശയിക്കുന്നുണ്ട്. ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ എവിടെയെല്ലാമാണെന്നു കൃത്യമായി അറിയുന്ന ആളാണ് മോഷ്ടാവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. മെഡിക്കല്‍ കോളജ് സി.ഐ മൂസവള്ളിക്കാടന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."