കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണം; മുനിസിപ്പല്‍ ജങ്ഷന്‍ താല്‍ക്കാലികമായി അടച്ചിടും
ചാലക്കുടി: കോടതി ജങ്ഷനിലെ അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി മുനിസിപ്പല്‍ ജങ്ഷന്‍ താല്‍ക്കാലികമായി അടച്ചിടും. ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രവൃത്തികള്‍ നടത്തുന്നതിനെ തുടര്‍ന്നാണ് മുനിസിപ്പല്‍ ജങ്ഷന്‍ അടച്ചുകെട്ടുന്നത്.
നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തൃശൂര്‍ ഭാഗത്ത്‌നിന്നും വരുന്ന വാഹനങ്ങള്‍ ക്രസന്റ് സ്‌കൂളിന് സമീപം ദേശീയപാതയുടെ എതിര്‍വശത്ത് കിഴക്ക് ഭാഗത്തുള്ള സര്‍വീസ് റോഡ് വഴി എറണാകുളം ഭാഗത്തേക്ക് പോകണം. അതുപോലെ തന്നെ എറണാകുളം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ നിലവിലുള്ള റോഡിന്റെ കിഴക്ക് ഭാഗത്തുകൂടി പോകുന്ന തരത്തിലാണ് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍, വൈസ് ചെയര്‍മാന്‍ വിത്സന്‍ പാണാട്ടുപറമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്ത ദിവസം മുതല്‍ മുനിസിപ്പല്‍ ജങ്ഷന്‍ താല്‍ക്കാലികമായി അടച്ചുകൊണ്ടുള്ള ഗതാഗത നിയന്ത്രണം നടപ്പിലാക്കും.
മാസങ്ങളായി നിര്‍മാണം നിലച്ച അടിപ്പാത നിര്‍മാണം പുതിയ കരാര്‍ കമ്പനി ഏറ്റെടുത്താണ് പുനരാരംഭിച്ചത്. അടിപ്പാതയുടെ നിര്‍മാണത്തിനായി ഇരുപതടിയോളം താഴ്ചയില്‍ കുഴിയെടുത്ത് കോണ്‍ക്രീറ്റിങ്ങിനായി കമ്പി പാകുന്ന പ്രവൃത്തികള്‍ ചെയ്ത് പഴയ കരാര്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് കമ്പനി പ്രവൃത്തികള്‍ നിര്‍ത്തിവച്ച് പോയി.
തുടര്‍ന്ന് യുണീക് ആന്റ് ഭാരതീയ കമ്പനി പ്രവൃത്തികള്‍ ഏറ്റെടുത്ത് ആറ് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. വന്‍ അപകട സാധ്യതയുള്ള ദേശീയപാതയിലെ ഈ ഭാഗത്ത് മതിയായ സംരക്ഷണം ഇതുവരേയും ഒരുക്കിയിട്ടില്ല.നിര്‍മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഈ ഭാഗത്തെ രണ്ടുവരിപാത ഒറ്റവരിപാതയാക്കിയതിനെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
250ദിവസം കൊണ്ട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 മാര്‍ച്ച് 18ന് നിര്‍മാണോദ്ഘാടനം നടത്തിയ പദ്ധതി തുടക്കത്തിലേ താളംതെറ്റിയിരുന്നു. ചാലക്കുടി-മാള റോഡിലെ സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കാനായാണ് അടിപ്പാത നിര്‍മിക്കുന്നത്. നാലുവരിപാത പ്രാബല്യത്തില്‍ വന്നകാലം മുതലേ മുനിസിപ്പല്‍ ജങ്ഷനില്‍ അപകടങ്ങളും അപകട മരണങ്ങളും പതിവായി മാറി. ഇതേ തുടര്‍ന്ന് സിഗ്നല്‍ സംവിധാനം മാറ്റി അടിപ്പാത നിര്‍മിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജങ്ഷനില്‍ അടിപ്പാത നിര്‍മാണം ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."