മണിയെ പിന്തുണച്ച് വീണ്ടും മുഖ്യമന്ത്രി; സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് സമരത്തിന് പിന്നില്‍
തിരുവനന്തപുരം: മന്ത്രി മണിയുടെ പ്രസംഗത്തിനെതിരെ മൂന്നാറില്‍ പെമ്പിളൈ ഒരുമൈ നടത്തുന്ന സമരത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് സമരത്തിന് പിന്നില്‍. സമരത്തിന് ജനപിന്തുണയില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
മണി പറയാത്ത കാര്യങ്ങളാണ് മൂന്നാറില്‍ സമരം ചെയ്യുന്നവര്‍ ആരോപിക്കുന്നത്. പെമ്പിളൈ ഒരുമയുടെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നത്. മണി ഖേദം പ്രകടിപ്പിച്ചതിനാല്‍ ഇനി ചര്‍ച്ച വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നാറില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെ അനാവശ്യമായി ഒരു കേസും എടുത്തിട്ടില്ല. പൊലിസ് സമരത്തെ അടിച്ചമര്‍ത്തിയെന്നു പറയുന്നത് ശരിയല്ല. റോഡ് ഉപരോധിച്ചപ്പോള്‍ ഗതാഗത പ്രശ്‌നം ഉണ്ടാവാതിരിക്കാനാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വേണ്ടത്ര ആലോചനയില്ലാതെയാണ് കുരിശ് പൊളിച്ചത്. പറഞ്ഞാല്‍ കേള്‍ക്കാത്ത ഒരു ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരായി ഉണ്ടാകില്ല. സര്‍ക്കാര്‍ നയം നടപ്പാക്കുകയാണ് ഉദ്യോഗസ്ഥരുടെ കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മണി സ്ത്രീകള്‍ക്കെതിരെ പരാമര്‍ശം നടത്തിയെന്നു ചില മാധ്യമങ്ങള്‍ വരുത്തി തീര്‍ക്കുകയാണ്. മണിയുടെ വിവാദ പ്രസ്താവനയെ കുറിച്ച് ഡി.വൈ.എസ്.പി അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."