ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ എക്‌സൈസ് റെയിഡ്; 4000 കിലോ ലഹരി വസ്തു ശേഖരം പിടികൂടി
കൊച്ചി: എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് നടത്തിയ പരിശോധനയില്‍ വന്‍ ലഹരിവസ്തു ശേഖരം പിടികൂടി. 23 ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
ഓപറേഷന്‍ ഭായി എന്നപേരില്‍ നടത്തിയ പരിശോധനയില്‍ 4000 കിലോ ലഹരി വസ്തുക്കള്‍ പിടികൂടിയതായി എക്‌സൈസ് വിഭാഗം അറിയിച്ചു.
ബ്രൗണ്‍ ഷുഗര്‍, കഞ്ചാവ്, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇവരില്‍നിന്ന് പിടികൂടി. പെരുമ്പാവൂര്‍, മൂവാറ്റുപുഴ അടക്കമുള്ള പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. ക്യാംപുകള്‍ക്കു പുറമെ സമീപ കടകളിലും പരിശോധന നടത്തുന്നുണ്ട്.
പെരുമ്പാവൂരിലെ നാല് ഗോഡൗണുകളില്‍നിന്ന് രണ്ടായിരം കിലോ ബീഡി പിടിച്ചെടുത്തു. മുര്‍ഷിദാബാദില്‍നിന്ന് കടത്തിയ ബീഡി പാക്കറ്റുകളാണ് പിടിച്ചെടുത്തത്. ഗോഡൗണ്‍ ഉടമയായ മലയാളിയെ കസ്റ്റഡിയിലെടുത്തു. എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ മേല്‍നോട്ടത്തില്‍ 22 സംഘങ്ങളായി തിരിഞ്ഞ് രാവിലെ ആറു മണിയോടെയാണ് പരിശോധന ആരംഭിച്ചത്. എറണാകുളം, തൃശൂര്‍ റേഞ്ചുകളിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പങ്കെടുത്തു.
കേരളത്തില്‍ നിരോധിച്ച ലഹരി വസ്തുക്കളുടെ ഉപയോഗം ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിശോധനയെന്ന് എക്‌സൈസ് വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."