തീരദേശത്തെ മോഷണ പരമ്പര; ഒരാളെ കസ്റ്റഡിയിലെടുത്തു
തിരൂര്‍: കഴിഞ്ഞ മാസം തീരദേശത്ത് വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടന്ന സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഗള്‍ഫില്‍നിന്ന് അവധിക്കെത്തിയ വാക്കാട് സ്വദേശിയെയാണ് കഴിഞ്ഞ ദിവസം തിരൂര്‍ എസ്.ഐ കെ.ജെ ജിനേഷും സംഘവും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. അസമയത്ത് ഇയാളെ മോഷണം നടന്ന വീടിനു പരിസരങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്. എന്നാല്‍ മോഷണത്തിന്റെ ചുരുളഴിക്കാന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം ആദ്യത്തില്‍ വാക്കാട്, അഴീക്കല്‍, പറവണ്ണ ഭാഗങ്ങളിലാണ് തുടര്‍ച്ചയായി മോഷണം നടന്നത്. വാക്കാടും പരിസര പ്രദേശങ്ങളിലുമായി ഒരാഴ്ചക്കിടെ ആറുവീടുകളില്‍ മോഷണ ശ്രമം നടന്നിരുന്നു. വാക്കാട് പട്ടത്ത് യൂസുഫ്, അങ്ങാടിപ്പുറത്ത് അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഉമ്മു, മൊയ്ദീന്‍കുട്ടി ഹാജി, ചേക്കാമുന്റെ പുരക്കല്‍ ഹംസ, എ.പി ഷാജി, പട്ടത്ത് ശിഹാബ് എന്നിവരുടെ വീടുകളിലാണ് വിവിധ ദിവസങ്ങളില്‍ മോഷണ ശ്രമം നടന്നത്. അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ഉമ്മുവിന്റെ വീട്ടിലാണ് ആദ്യം മോഷണം നടന്നത്. 25,000 രൂപയും വിലപിടിപ്പുള്ള രണ്ട് വാച്ചുകളും ഇവിടെനിന്നും മോഷണം പോയിരുന്നു.
വീടിന്റെ വാതിലും ഫര്‍ണിച്ചറുകളും മോഷ്ടാവ് തകര്‍ത്തതായും കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."