നജീബിന്റെ തിരോധാനം: കേസ് അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് സി.ബി.ഐ
ന്യൂഡല്‍ഹി: തുമ്പില്ലാതെ പോയ ആയിരക്കണക്കിന് കേസുകളിലേക്ക് ജെ.എന്‍.യു വിദ്യാര്‍ഥി നജീബിന്റെ തിരോധാനവും. തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുകയാണ് സി.ബി.ഐ. ഇതുവരെ തെളിവുകളൊന്നും ലഭിക്കാത്തതിനാലാണ് കേസ് അവസാനിപ്പിക്കുന്നതെന്നാണ് സി.ബി.ഐ പറയുന്നത്. ഇതൊരു കുറ്റകൃത്യമാണെന്നു തെളിയിക്കുന്നതൊന്നും അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേസ് അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും അന്തിമ റിപ്പോര്‍ട്ട് ഉടന്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും സി.ബി.ഐ ഡല്‍ഹി ഹൈകോടതിയെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട് സംശയിച്ച വ്യക്തികളുടെ മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ നിന്ന് തെളിവൊന്നും ലഭിച്ചില്ലെന്ന്, കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധര്‍, ജസ്റ്റിസ് വിനോദ് ഗോയല്‍ എന്നിവരടങ്ങുന്ന ബെഞ്ച് മുമ്പാകെ സി.ബി.ഐ അറിയിച്ചു. ഞങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് നെഗറ്റീവാണ്. നജീബ് അഹ്മദിനെ ഇതുവരെ കണ്ടെത്താന്‍ ഞങ്ങള്‍ക്കായിട്ടില്ല- സി.ബി.ഐ കൌണ്‍സെല്‍ നിഖില്‍ ഗോയല്‍ പറഞ്ഞു.
രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്ത് നജീബുണ്ടോ എന്നത് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചില്ലെന്നും നിഖില്‍ ഗോയല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്റര്‍പോളിന്റെ സഹായത്തോടെ യെല്ലോ നോട്ടീസ് പതിച്ചു. നജീബിനെ കുറിച്ച് എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് 10ലക്ഷം രൂപ റിവാര്‍ഡും പ്രഖ്യാപിച്ചു. ഒന്നും ഫലം കണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തില്‍ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി തെളിവ് ലഭിച്ചിട്ടില്ലെന്നും സി.ബി.ഐ പറയുന്നു. നജീബിന്റെ തിരോധാനത്തിന് ഉത്തരവാദികളെന്ന് കുടുംബം ആരോപിച്ച ഒമ്പത് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്യാവുന്ന വിധത്തിലുള്ള സൂചനകളും കിട്ടിയിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. കേസ് അവസാനിപ്പിക്കും മുമ്പ് ചില കാര്യങ്ങള്‍ കകൂടി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
സി.ബി.ഐ അന്വേഷണം പര്യാപ്തമല്ലെന്ന് പരാതിക്കാര്‍
സി.ബി.ഐ അന്വേഷണത്തില്‍ ഒട്ടും തൃപ്തരല്ല നജീബിന്റെ ബന്ധുക്കള്‍. ഹോസ്റ്റല്‍ വാര്‍ഡനും സെക്യൂരിറ്റിയുമടക്കം തങ്ങള്‍ നല്‍കിയ ലിസ്റ്റിലുള്ള 18 പേരെ സി.ബി.ഐ ചോദ്യം ചെയ്തിട്ടേയില്ലെന്ന് നജീബിന്റെ മാതാവ് ഫാത്തിമ നഫീസിനുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറയുന്നു. നജീബിനെ കാണാതാകും മുമ്പ് അവനെ ഭീഷണിപ്പെടുത്തിയിരുന്നവരെ ചൂണ്ടിക്കാണിച്ചിട്ടും അവരെ കസ്റ്റഡിയില്‍ എടുക്കുക പോലും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാത്തിരിപ്പിന്റെ രണ്ടാണ്ട്
എ.ബി.വി.പിയുമായി ബന്ധമുള്ള ചില വിദ്യാര്‍ഥികളുമായി ഹോസ്റ്റലില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിന്റെ പിറ്റേന്നു മുതലാണ് ജെ.എന്‍.യുവിലെ മഹി മാന്‍ഡവി ഹോസ്റ്റലില്‍ നിന്ന് നജീബ് അഹ്മദിനെ കാണാതായത്. 2016 ഒക്ടോബര്‍ 14 നായിരുന്നു അത്. പതിനഞ്ചിന് ഒരു ഓട്ടോറിക്ഷയില്‍ നജീബ് കാമ്പസ് വിട്ടു എന്നാണ് പറയുന്നത്. നജീബ് തിരികെയെത്താതിനെ തുടര്‍ന്ന് കാണുന്നില്ല എന്ന പരാതി നല്‍കി.
വസന്ത് കുഞ്ച് നോര്‍ത്ത് സേറ്റേഷനില്‍ 16ാം തിയ്യതി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. നജീബിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000രൂപയും പ്രഖ്യാപിച്ചു.
2016 ഒക്ടോബര്‍ 20ന് സൗത്ത് ജില്ലാ പോലിസ് കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
2016 നവംബര്‍ 11 ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു.
2016 നവംബര്‍ 26ന് മകനെ കണ്ടെത്താന്‍ പൊലിസിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നജീബിന്റെ ഉമ്മ ഹൈകോടതിയെ സമീപിച്ചു. കേസ് ആദ്യം അന്വേഷിച്ച ഡല്‍ഹി പൊലീസ് ഏഴുമാസവും ഇരുട്ടില്‍ തപ്പുകയായിരുന്നു.
2017 ജനുവരി 23ന് ഒമ്പതു വിദ്യാര്‍ഥികളെ നുണ പരിശോധനക്ക് വിധേയരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി പൊലിസ് ക്രൈബ്രാഞ്ച് കോടതിയെ അറിയിച്ചു. നിരവധി നോട്ടിസുകളയച്ചിട്ടും വിദ്യാര്‍ഥികള്‍ ഹാജരായില്ലെന്നായിരുന്നു പൊലിസ് നല്‍കിയ വിശദീകരണം. വിവരം നല്‍കുന്നവര്‍ക്കുള്ള ഇനാം ഡല്‍ഹി പൊലിസ് പത്തുലക്ഷമാക്കി ഉയര്‍ത്തി.
2017 മെയ് 16ന് കേസ് ഡല്‍ഹി ഹൈക്കോടതി സി.ബി.ഐയെ ഏല്‍പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."