കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 13,60,827 വോട്ടര്‍മാര്‍
കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്ററി മണ്ഡലത്തില്‍നിന്ന് വിധി നിര്‍ണയിക്കുന്നത് 13,60,827 വോട്ടര്‍മാര്‍. ഇതില്‍ പുരുഷന്മാരേക്കാളും സ്ത്രീ വോട്ടര്‍മാര്‍ക്കാണ് എണ്ണത്തില്‍ മുന്‍തൂക്കമുള്ളത്. പ്രവാസി വോട്ടര്‍മാരുള്‍പ്പെടെ സമ്മതിദായകരില്‍ 7,04,393 സ്ത്രീകളും 6,56,443 പുരുഷന്‍മാരുമാണ്. കൂടാതെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്ന് ഒരു വോട്ടറും സമ്മതിദായക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
മാര്‍ച്ച് 25 വരെ വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകരില്‍ യോഗ്യരായവരെ കൂടി ഉള്‍പ്പെടുത്തി എപ്രില്‍ അഞ്ചിന് പ്രസിദ്ധീകരിച്ച പുതിയ കണക്കാണിത്. 2019 ജനുവരി 30ന് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ 13,24,387 വോട്ടര്‍മാരാണുണ്ടായിരുന്നത്. പുതിയതായി 36,440 പേരാണ് പട്ടികയില്‍ ഇടം നേടിയത്.
പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ 92,526 സ്ത്രീകളുള്‍പ്പെടെ 1,75,116 വോട്ടര്‍മാരും കല്യാശ്ശേരിയില്‍ 95,925 സ്ത്രീകളുള്‍പ്പെടെ 1,74,680 വോട്ടര്‍മാരുമാണുള്ളത്. കല്യശ്ശേരിയിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീ-പുരുഷ അന്തരമുള്ളത്. ഇവിടെ പുരുഷന്മാരേക്കാള്‍ 17,170 സ്ത്രീകള്‍ കൂടുതലുണ്ട്. കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം നിയോജക മണ്ഡലത്തിലാണ്. 1,06,624 പുരുഷന്മാരും 1,05,462 സ്ത്രീകളുമായി ആകെ 2,12,086 വോട്ടര്‍മാരാണ് മഞ്ചേശ്വരത്തുള്ളത്. 179 സ്ത്രീകളുള്‍പ്പെടെ 4,858 പ്രവാസി വോട്ടര്‍മാരാണ് കാസര്‍കോട് പാര്‍ലമെന്ററി മണ്ഡലത്തിലുള്ളത്.
ഏറ്റവും കൂടുതല്‍ പ്രവാസി വോട്ടര്‍മാര്‍ (1181 പേര്‍) തൃക്കരിപ്പൂരിലും തൊട്ടു പിറകില്‍ (1121 പേര്‍) കല്യാശ്ശേരിയുമാണ്. 89 സ്ത്രീകളുള്‍പ്പെടെ 3110 സര്‍വീസ് വോട്ടര്‍മാരാണ് നിലവിലുള്ളത്. ഏറ്റവും കൂടുതല്‍ (974 പേര്‍) പയ്യന്നൂരിലും തൊട്ടു പിറകില്‍ (882) തൃക്കരിപ്പൂരും ഏറ്റവും കുറവ് (22 പേര്‍) മഞ്ചേശ്വരത്തുമാണ്. ആകെ 682 വോട്ടെടുപ്പ് കേന്ദ്രങ്ങളിലായി 1,317 പോളിങ് ബൂത്തുകളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനായി നിശ്ചയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."