സമൂഹമാധ്യമങ്ങളില്‍ ഇരകളെ തേടി ഉത്തേജക മരുന്ന് മാഫിയ
തിരുവനന്തപുരം: ഇന്ത്യന്‍ അത്‌ലറ്റുകളെ ലക്ഷ്യമിട്ട് ഉത്തേജക മരുന്ന് മാഫിയ സമൂഹമാധ്യമങ്ങളില്‍ സജീവം. ഇരകളെ തേടി മാഫിയ വിരിച്ച വലയില്‍ കുടുങ്ങിയവരില്‍ ഏറെയും കൗമാര കായികതാരങ്ങള്‍. 'സ്‌പോര്‍ട് മെഡിസിന്‍ ഇന്ത്യ' എന്ന പേരിലാണ് ഫേസ്ബുക്കിലടക്കം നിരോധിത ഉത്തേജക ഔഷധങ്ങളുടെ കച്ചവടം നടക്കുന്നത്. അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) നിരോധിച്ച ഉത്തേജക മരുന്നുകളാണു സമൂഹമാധ്യമത്തെ മറയാക്കി വില്‍ക്കുന്നത്.
മലയാളികളായ ജൂനിയര്‍, സീനിയര്‍ താരങ്ങള്‍ ഉള്‍പ്പെടെ 2,877 പേര്‍ 'സ്‌പോര്‍ട് മെഡിസിന്‍ ഇന്ത്യ' എന്ന പേരിലുള്ള പേഴ്‌സനല്‍ ഫേസ്ബുക്ക് ഐ.ഡിയില്‍ സുഹൃത്തുക്കളായി ചേര്‍ന്നിട്ടുണ്ട്. വാഡയുടെ നിരോധിത പട്ടികയിലുള്ള റഷ്യന്‍ നിര്‍മിത ഉത്തേജക ഔഷധങ്ങളാണ് ഫേസ്ബുക്കില്‍ പരസ്യമായി വില്‍പന നടത്തുന്നത്. നിരോധന പട്ടികയിലുള്ള ഹ്യൂമോഡ്രോപ്, എരിത്രോ പ്രോട്ടീന്‍, മെഡോനേറ്റ്, അക്ടോവിജിന്‍ ഉള്‍പ്പെടെയുള്ള ഉത്തേജക മരുന്നുകളാണ് അത്‌ലറ്റുകള്‍ക്കു നല്‍കുന്നത്. ഈ മരുന്നുകളുടെ ദുരുപയോഗം അത്‌ലറ്റുകളെ മാരകരോഗികളാക്കുക മാത്രമല്ല വളരെ പെട്ടെന്നു മരണത്തിലേക്കു വരെ തള്ളിയിടുമെന്നാണു വിവരം.
'സ്‌പോര്‍ട് മെഡിസിന്‍ ഇന്ത്യ' ഫേസ്ബുക്ക് അക്കൗണ്ടില്‍ അംഗമാകുന്നവര്‍ക്കു നിരോധിത ഉത്തേജക ഔഷധങ്ങള്‍ ഇന്ത്യയില്‍ എവിടെയും ലഭിക്കുമെന്നു 'സുപ്രഭാതം' നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. മരുന്നുകള്‍ ആവശ്യമുള്ളവര്‍ക്ക് ഇന്‍ബോക്‌സില്‍ എത്തി കായികതാരമാണെന്നു വ്യക്തത നല്‍കിയാല്‍ മരുന്നുകള്‍ ലഭിക്കും. മരുന്നുകളുടെ വിലയും ഉപയോഗിക്കേണ്ട വിധവും എവിടെയെല്ലാം ലഭിക്കുമെന്ന വിവരങ്ങളും ഉള്‍പ്പെടെ ചാറ്റിങ്ങിലൂടെയും വാട്‌സ്ആപ് സന്ദേശങ്ങളിലൂടെയും മൊബൈല്‍ ഫോണിലൂടെയും ലഭിക്കും.
അത്‌ലറ്റാണെന്നു കൃത്യമായി തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ ആവശ്യക്കാര്‍ക്ക് രാജ്യത്ത് എവിടെയും മരുന്ന് എത്തിച്ചുനല്‍കും. മലയാളി ഒളിംപ്യന്മാര്‍ ഉള്‍പ്പെടെയുള്ള കായികതാരങ്ങളെ ഇതിലേക്ക് ആകര്‍ഷിച്ചത് ഫുഡ് സപ്ലിമെന്റുകളുടെ പരസ്യമാണ്. ഇതിനുപിന്നാലെ നിരോധിത ഉത്തേജക മരുന്നുകളും എത്തിയതോടെ ചതി തിരിച്ചറിഞ്ഞു പലരും പിന്‍വലിഞ്ഞു. ഉത്തേജക ഉപയോഗത്തിനു പിടിക്കപ്പെട്ടാല്‍ കരിയര്‍ തന്നെ ഇരുളടയുമെന്നു തിരിച്ചറിയാതെയാണു സംസ്ഥാനത്തെ ചാംപ്യന്‍ സ്‌കൂളുകളിലെ ചില കായികതാരങ്ങള്‍ 'സ്‌പോര്‍ട് മെഡിസിന്‍ ഇന്ത്യ'യെന്ന ചതിക്കുഴിയെ പിന്തുടരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."