വരള്‍ച്ച: പൊതുകിണറുകള്‍ ഉപയോഗശൂന്യമാകുന്നു
കുന്നുംകൈ: വെസ്റ്റ് എളേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ പൊതുകിണറുകള്‍ ശുചീകരിക്കാത്തതില്‍ വ്യാപക പ്രതിഷേധം. പൊതുകിണറുകള്‍ പലതും ശുചീകരിക്കാതെ കാട് മൂടിക്കിടക്കുകയാണ് . നിരവധി കുടുംബങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന കിണറുകള്‍ ശുചീകരിക്കണമെന്നാവശ്യപ്പെട്ട് പലതവണ നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.
പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ നൂറോളം കുടുംബങ്ങളുടെ ഏക ആശ്രയം പൊതുകിണറുകളാണ്. രണ്ടുവര്‍ഷം മുന്‍പ് വരെ കിണറുകള്‍ ശുചീകരിക്കാന്‍ ഫണ്ട് അനുവദിക്കാറുണ്ടെങ്കിലും ഇപ്പോള്‍ കുടിവെള്ളം ലഭ്യമാവാത്ത അവസ്ഥയില്‍ അതുമുണ്ടായില്ല.
കിണറുകളില്‍ ആഴം കൂട്ടി കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് പഞ്ചായത്ത് അധികാരികളോട് പലതവണ പരാതിപെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
പഞ്ചായത്തിലെ മിക്കയിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായിട്ടും പൈപ്പ് വഴി വെള്ളം എത്തിക്കാനായി ഒരു പ്രവര്‍ത്തനവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."