HOME
DETAILS
MAL
എന്നാലും ബെയിലിനോടിത് വേണ്ടായിരുന്നു
backup
July 20 2020 | 03:07 AM
മാഡ്രിഡ്: ലാലിഗയില്‍ റയല്‍ മാഡ്രിഡ് കിരീടം ചൂടിയപ്പോള്‍ നമ്മളെല്ലാവരും ശ്രദ്ധിച്ചൊരു കാര്യമുണ്ടായിരുന്നു. കിരീട നേട്ടത്തില്‍ ആഘോഷിക്കാതെ സൈഡിലേക്ക് മാറി നില്‍ക്കുന്ന ബെയിലിനെ. അവസാന പല മത്സരങ്ങളിലും സബ്സ്റ്റിറ്റിയൂട്ട് ബെഞ്ചിലിരിക്കുന്ന ബെയിലിന്റെ ചിത്രവും നമ്മള്‍ കണ്ടിരുന്നു. പരിശീലകന്‍ സിനദിന്‍ സിദാനുമായും റയല്‍ മാനേജ്‌മെന്റുമായുമുള്ള ഉടക്കിന്റെ പേരില്‍ ടീമില്‍ നിന്ന് തഴയപ്പെട്ടത് ബെയിലിനോട് ചെയ്ത ക്രൂരതയാണെന്നേ പറയാന്‍ കഴിയൂ. രണ്ട് സീസണ്‍ മുമ്പ് ബെയിലിന് കാര്യമായ പരുക്കേറ്റിരുന്നു. ഇതിന് ശേഷം താരം പതുക്കെ കളത്തിലേക്ക് തിരിച്ച് വന്നതായിരുന്നു. എന്നാല്‍ പിന്നീടൊരിക്കലും റയല്‍ മാഡ്രിഡിലെ സ്ഥിര സാന്നിധ്യമാകാന്‍ ബെയിലിന് കഴിഞ്ഞിട്ടില്ല. റയലിന്റെ അറ്റാക്കിങ് മിഡില്‍ കളിക്കുന്ന ബെയില്‍ 171 മത്സരത്തില്‍ നിന്നായി 80 ഗോളുകളാണ് റയല്‍ മാഡ്രിഡിന് വേണ്ടി നേടിയിട്ടുള്ളത്. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ താരത്തെ തഴഞ്ഞത് ശരിയായില്ലെന്നാണ് വിലയിരുത്തലുകള്‍. 2013 ല്‍ റെക്കോര്‍ഡ് തുകയായ 100 മില്യന്‍ യൂറോക്ക് ടോട്ടനത്തില്‍ നിന്നായിരുന്നു ബെയിലിനെ സാന്റിയാഗോ ബെര്‍ണബ്യൂവിലെത്തിച്ചത്. ഈ അവഗണന കാരണം ബെയില്‍ ക്ലബ് വിടുന്നുവെന്ന വാര്‍ത്ത പലപ്പോഴായി വന്നിരുന്നു. എന്നാല്‍ താരത്തിന്റെ മൂല്യം കാരണം ക്ലബുകള്‍ താരത്തെ സ്വീകരിക്കാത്ത അവസ്ഥയാണുള്ളത്. ഇപ്പോള്‍ കൊവിഡ് കാരണം പല ക്ലബുകളും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ്. ഈ അവസരത്തില്‍ താരത്തിന്റെ ഭാവി എന്താണെന്ന് കാത്തിരുന്ന് കാണാം. റയല്‍ മാഡ്രിഡുമായി താരത്തിന് രണ്ട് വര്‍ഷത്തെ കരാര്‍ കൂടിയുണ്ട്. ബെയില്‍ വീണ്ടും പ്രീമിയര്‍ ലീഗിലേക്ക് തിരിച്ച് പോകുമെന്നാണ് വിവരം. എന്നാല്‍ ട്രാന്‍സ്ഫര്‍ തുകയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. പ്രീമിയര്‍ ലീഗ് ക്ലബുകളായ ടോട്ടനവും ന്യൂ കാസില്‍ യുനൈറ്റഡുമാണ് ബെയിലിനെ സ്വന്തമാക്കണമെന്ന മോഹവുമായി രംഗത്തുള്ളത്. ലാലിഗയിലെ അവസാന മത്സരത്തിലും ഇടമില്ലാതെയാണ് ബെയിലിന്റെ ലാലിഗ സീസണ്‍ അവസാനിക്കുന്നത്. ബെയിലിന്റെ നിര്‍ദേശപ്രകാരമാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. കളിക്കാന്‍ ഇല്ലെന്ന നിലപാടില്‍ ബെയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഞാന്‍ കളിച്ചാലും ഇല്ലെങ്കിലും എനിക്ക് തരാനുള്ള പണം ക്ലബ് കൃത്യമായി തന്നാല്‍ മതിയെന്നായിരന്നു ബെയിലിന്റെ നിലപാട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."