സബ്‌രജിസ്ട്രാര്‍ ഓഫിസ് കെട്ടിട നിര്‍മാണം തുടങ്ങിയില്ല വഴിയാധാരമായി ഇടപാടുകാര്‍
ഇരിട്ടി: ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസിന്റെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റി ആറുമാസം പിന്നിട്ടിട്ടും പുതിയ ഓഫിസ് കെട്ടിട നിര്‍മാണം ഇനിയും ആരംഭിച്ചിട്ടില്ല.
പഴയകെട്ടിടംപൂര്‍ണമായും പൊളിച്ചുനീക്കി അത്യാധുനിക കെട്ടിടം നിര്‍മിക്കുന്നതിനു പശ്ചാത്തല സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് ഒന്നര കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യവ്യക്തിയുടെ വാടക കെട്ടിടത്തില്‍ വന്‍തുക വാടകയായി നല്‍കി ഓഫിസ് പ്രവര്‍ത്തനം മാറ്റിയത്. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പഴയ കെട്ടിടം പൊളിച്ചുനീക്കാന്‍ പോലും അധികൃതര്‍ക്കായിട്ടില്ല. ഇതുകാരണം കനത്ത വേനല്‍ ചൂടില്‍ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഇടപാടുകാരും ആധാരമെഴുത്തുകാരുമടക്കം നടന്നുവേണം വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന രജിസ്ട്രാര്‍ ഓഫിസിലെത്താന്‍. 1982 മെയ് 21നാണ് ഇരിട്ടിയില്‍ ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് കീഴൂരിലെ ഇപ്പോഴത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
ആറളം, അയ്യന്‍കുന്ന്, കീഴൂര്‍, ചാവശേരി, പായം, വിളമന എന്നീ വില്ലേജ് പരിധിയില്‍ വരുന്ന ആധാരം ബാങ്ക് ചിട്ടി തുടങ്ങിയവയുടെ രജിസ്‌ട്രേഷന്‍ ഇരിട്ടി പ്രവര്‍ത്തിക്കുന്ന കീഴൂരിലെ ഉളിയില്‍ രജിസ്ട്രാര്‍ ഓഫിസിലാണ് നടക്കാറുള്ളത്. എന്നാല്‍ കെട്ടിടത്തിന് കാലപ്പഴക്കം കാരണം ഓഫിസില്‍ ചോര്‍ച്ചയുള്‍പ്പെടെ യുണ്ടായി ഓഫിസ് ഫയലുകള്‍ ഉള്‍പ്പെടെ നനഞ്ഞും ചിതലരിച്ചും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതുകൂടാതെ ഈ കാലവര്‍ഷത്തില്‍ കെട്ടിടത്തിനുമുകളില്‍ കൂറ്റന്‍ മരവും കടപുഴകി വീണിരുന്നു. ഇതേ തുടര്‍ന്നാണ് സംസ്ഥാനത്തെ 52 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനൊപ്പം കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഉളിയില്‍ സബ് രജിസ്ട്രാര്‍ ഓഫിസ് പ്രവര്‍ത്തിക്കുന്ന ഈ കെട്ടിടവും പുതുക്കിപ്പണിയാന്‍ നിശ്ചയിച്ചത്. കേരള സമസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന് നേരിട്ടായിരുന്നു നിര്‍മാണ ചുമതല.
സബ് രജിസ്റ്റാര്‍ ഉള്‍പെടെ എട്ടു ജീവനക്കാരും 80 ഓളം ആധാരമെഴുത്തുകാരുമാണ് ഉളിയില്‍ രജിസ്റ്റര്‍ ഓഫിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. പ്രതിദിനം ഇരുപത്തിനാലോളം രജിസ്‌ട്രേഷന്‍ ഇവിടെ നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."