HOME
DETAILS
MAL
ഓണ്‍ലൈന്‍ ഓഫ്‌ലൈനില്‍; തദ്ദേശ സ്ഥാപനങ്ങളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോഴും നേരിട്ട്
backup
July 20 2020 | 05:07 AM
കൊണ്ടോട്ടി: കൊവിഡ് 19 നിയന്ത്രണത്തിനിടയില്‍ ഓഫിസുകള്‍ മുഴുവന്‍ ഓണ്‍ലൈനിലേക്ക് മാറുമ്പോഴും തദ്ദേശ സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കേണ്ട അവശ്യ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇപ്പോഴും നേരിട്ട് അപേക്ഷകള്‍ നല്‍കി കാത്തിരിക്കണം.
പൊതുജനങ്ങള്‍ക്ക് ഏറെ ആവശ്യമായ റേഷന്‍കാര്‍ഡ്, ഗ്യാസ് കണക്ഷന്‍ അടക്കമുളളവയ്ക്കുളള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന വീടുകളുടെ സര്‍ട്ടിഫിക്കറ്റ്, എസ്.ഇ വിവാഹ ധനസഹായം മുതല്‍ വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റിന് വരെ തദ്ദേശ സ്ഥാപനങ്ങളില്‍ നേരിട്ട് അപേക്ഷ നല്‍കി കൈപ്പറ്റേണ്ട ഗതികേടാണ്.
ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ്, ജനന-മരണ സര്‍ട്ടിഫിക്കറ്റുകളടക്കമുളളവയാണ് ഓണ്‍ലൈനില്‍ സ്വീകരിക്കുന്നത്. മറ്റുളളവക്കെല്ലാം അഞ്ച് രൂപയുടെ സ്റ്റാമ്പ് പതിച്ച് പ്രത്യേക അപേക്ഷകള്‍ നേരിട്ട് നല്‍കണം. കൊവിഡ് 19 നെ തുടര്‍ന്ന് തദ്ദേശസ്ഥാപനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗേറ്റിന് പുറത്തു നിന്ന് അപേക്ഷകള്‍ ബോക്‌സില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. അപേക്ഷകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കണമെങ്കില്‍ ഏറെ നേരം കാത്തിരിക്കുകയും വേണം. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ പിന്നീട് എത്താനാണ് നിര്‍ദേശം.
കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ അകത്തേക്ക് ഒരു അപേക്ഷകനേയും പ്രവേശിപ്പിക്കുന്നില്ല. പഞ്ചായത്ത് അംഗങ്ങള്‍ക്കു പോലും ഫ്രണ്ട് ഓഫിസ് വരെയാണ് പ്രവേശന അനുമതി.
ഫ്രണ്ട് ഓഫിസില്‍ ലഭിക്കുന്ന രേഖകള്‍ ബാക്ക് ഓഫിസിലേക്ക് സ്‌കാന്‍ ചെയ്താണ് നല്‍കുന്നത്. പ്രവേശന കാവടത്തില്‍ വെച്ച് രസീതിക്ക് പകരം അപേക്ഷകന്റെ ഫോണ്‍ നമ്പര്‍ വാങ്ങി എസ്.എം.എസ് നല്‍കുമെന്നറിയിച്ച് തിരിച്ചയക്കുകയാണ്.
അപേക്ഷകള്‍ പരമാവധി ഓണ്‍ലൈനായി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും നേരിട്ട് അപേക്ഷകളുമായി ഗ്രാമപഞ്ചായത്ത് ഓഫിസുകള്‍ കയറി ഇറങ്ങേണ്ട അവസ്ഥയാണ് സാധാരണക്കാര്‍ക്കുളളത്. നിലവിലില്‍ അപേക്ഷകള്‍ വര്‍ധിച്ചതോടെ ഹെല്‍പ്പ് ഡെസ്‌ക് ഒരുക്കാനുളള തയാറെടുപ്പിലാണ് തദ്ദേശ സ്ഥാപനങ്ങള്‍. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിച്ചാല്‍ സാധാരണക്കാരുടെ നെട്ടോട്ടത്തിന് അറുതിയാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."