ദേശീയപാതാ വികസനം പുനരധിവാസം ആവശ്യപ്പെട്ട് വ്യാപാരികള്‍ സമരത്തിന്
കോട്ടയം: ദേശീയപാതാ വികസനത്തില്‍ ജീവിതമാര്‍ഗം ഇല്ലാതാകുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കാതെ പൊലിസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ ഒഴിപ്പാക്കാനാണ് നീക്കമെങ്കില്‍ സമിതിയുടെ നേതൃത്വത്തില്‍ ശക്തമായി നേരിടുമെന്നും സംസ്ഥാനം നിശ്ചലമാകുന്ന സമരമാര്‍ഗങ്ങളിലേക്കു കേരളത്തിലെ വ്യാപാരി സമൂഹം ഇറങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതാ വികസനം വളരെ അത്യന്താപേക്ഷിതമാണ്. എന്നാല്‍ വര്‍ഷങ്ങളായി തൊഴിലെടുത്ത് ഉപജീവനം നടത്തിയിരുന്ന വ്യാപാരികള്‍ വികസനത്തിന്റ പേരില്‍ പൊടിയുംതട്ടി ഒഴിഞ്ഞു പോകണമെന്ന് പറയുന്നത് നീതിയല്ല. സര്‍ക്കാരിന്റെ നിരുത്തരവാദപരമായ ഇത്തരം സമീപനങ്ങള്‍ കാരണം കേരളത്തിലെ വ്യാപാരികള്‍ കടക്കെണിയില്‍പ്പെട്ട് പ്രതിസന്ധിയിലാകും. കേരളത്തിലെ വ്യാപാരികളുടെ തൊഴില്‍ സംരക്ഷണവും ഉറപ്പുവരുത്താന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."