കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തി, കേസ് അട്ടിമറിക്കാനും സമൂഹമധ്യത്തില്‍ അപമാനിക്കാനും ശ്രമം: ഐ.ജി ശ്രീജിത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പാലത്തായി പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി
കണ്ണൂര്‍: പാലത്തായിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജനെ ജാമ്യത്തില്‍ വിട്ടതിനു പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വോയിസ് സന്ദേശത്തിനെതിരെ പരാതിയുമായി കുട്ടിയുടെ മാതാവ്. പീഡനത്തിന് ഇരയായ തന്റെ കുട്ടിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും തങ്ങളെ സമൂഹമധ്യത്തില്‍ അപമാനിക്കാനാണ് ശ്രമമെന്നും മതാവ് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച പരാതി ഇന്നു വൈകിട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മാതാവ് നല്‍കും.
കേസുമായി ഒരു തരത്തിലും ബന്ധമില്ലാത്ത മൂന്നാം കക്ഷിയുമായി ഏകദേശം 20 മിനിറ്റോളം നേരം ഐ.ജി ശ്രീജിത്ത് സംസാരിക്കുകയും വെളിപ്പെടുത്താന്‍ പാടില്ലാത്ത കാര്യങ്ങള്‍ വിളിച്ച ആളോട് പറയുന്നതായും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ സാക്ഷിയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന രീതിയില്‍ കേസിലെ ഒരു സാക്ഷിയുടെ പേരും വെളിപ്പെടുത്തുന്നുണ്ട്. ഇത് പോക്‌സോ ആക്ടിലെ 24 (5) വകുപ്പ് പ്രകാരം പാടില്ലാത്തതും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 223 (എ) പ്രകാരം ശിക്ഷാര്‍ഹവുമാണ്.
കേസന്വേഷണ ഘട്ടത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ മകളെ യൂനിഫോമിലെത്തിയ പൊലിസ് ചോദ്യംചെയ്തിട്ടുണ്ടെന്നും മാതാവ് പറഞ്ഞു. തലശ്ശേരി ഡി.വൈ.എസ്.പി വേണുഗോപാലിന്റെ ഓഫിസിലേക്കും വിളിപ്പിച്ചിട്ടുണ്ട്. അന്നും യൂനിഫോം അണിഞ്ഞ പൊലിസുകാര്‍ തന്നെയാണ് ചോദ്യം ചെയ്തത്. കുട്ടിയുടെ മാനസിക നില പരിശോധിക്കാനെന്ന പേരില്‍ കോഴിക്കോട്ട് കൊണ്ടുപോയപ്പോള്‍, പാനൂരില്‍ നിന്ന് സ്ഥലംമാറ്റപ്പെട്ട സി.ഐ ശ്രീജിത്ത് എത്തുകയും കുട്ടിയെ ചോദ്യംചെയ്യുകയുമുണ്ടായെന്നും മാതാവ് പറഞ്ഞു.
പ്രതിഭാഗം ഉന്നയിക്കുന്നതും വസ്തുതകള്‍ക്ക് നിരക്കാത്തതുമായ പല കാര്യങ്ങളും ഐ.ജി ശ്രീജിത്തിന്റെ ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ഇതുകാരണം സമൂഹമധ്യത്തില്‍ മകള്‍ തെറ്റായ രീതിയില്‍ ചിത്രീകരിക്കപ്പെടാനും പ്രതിക്ക് സഹാകരമാവാനും കാരണമായിട്ടുണ്ടെന്നും മാതാവ് ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."