സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മാണം ആദ്യഘട്ടം രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കുമെന്ന്
പാലക്കാട്: ഗവ.മെഡിക്കല്‍ കോളജിലെ സിന്തറ്റിക്ക് ട്രാക്കിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം രണ്ടാഴ്ചക്കകം പൂര്‍ത്തീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. 40 മീറ്റര്‍ ട്രാക്കിന്റെയും ഡ്രൈനേജ് സംവിധാനത്തിന്റെയും സ്റ്റീപ്പിള്‍, ചെയ്‌സ്, ത്രോ സെക്ടര്‍ നേരത്തെ പൂര്‍ത്തീകരിച്ചിരുന്നു.
ഭരണാനുമതി ലഭിച്ച പ്രവര്‍ത്തനങ്ങളില്‍ ബാക്കി ആയിരുന്നത് ലോങ് ജമ്പ് പിറ്റിന്റെയും റണ്‍വേയുടേയും നിര്‍മാണമായിരുന്നു. കോണ്‍ട്രാക്ടറുടേയും നിര്‍മാണ ഏജന്‍സിയായ കിറ്റ്‌കോ എന്‍ജിനീയര്‍മാരുടേയും ഒരു അവലോകന യോഗം കഴിഞ്ഞ ഞായറാഴ്ച എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്നിരുന്നു.
ലോങ് ജംപ് പിറ്റിന്റെ പുനര്‍നിര്‍മാണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ രണ്ട് ടേക്ക് ഓഫ് ബോര്‍ഡുകളായിരിക്കും റണ്‍വേയില്‍ സ്ഥാപിക്കുക. ശേഷം കിറ്റ്‌കോ പണം ലഭ്യമാക്കുന്നതിനനുസരിച്ച് രണ്ടെണ്ണം കൂടി സ്ഥാപിക്കും.
പോള്‍വോട്ടിന് ഒരു ജംപിങ് ഏരിയ കൂടി ഉണ്ടാകും. ഹാമര്‍ ത്രോ കേജിന്റെ സ്ലീവ് നിലവില്‍ ഗ്രൗണ്ടില്‍ എത്തിച്ചിട്ടുണ്ട്. ഇതിനാവശ്യമായ കേജിന് അധിക തുക വേണ്ടിവരും. ഈ തുക ലഭ്യമാക്കുവാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനോട് അഭ്യര്‍ഥിക്കും.
ട്രാക്കില്‍ മീറ്റ് നടത്തുന്നതിനും പരിശീലനത്തിനും ആവശ്യമായ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ അത്‌ലറ്റിക് അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റില്‍ ഉപകരണങ്ങള്‍ ലഭ്യമാണോ എന്ന് പരിശോധിക്കും.
രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ സംരക്ഷണ വേലിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും അടുത്തവാരത്തില്‍ ആരംഭിക്കും.
ഇതിനോടൊപ്പം തന്നെ മൂന്നാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കാനും ധാരണയായി. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക ഡ്രസ്സിങ് മുറികള്‍, ടോയ്‌ലറ്റുകള്‍, ട്രാക്കിന് ചുറ്റും നടപ്പാത, അത്യാവശ്യ വൈദ്യുതി വിളക്കുകള്‍ പ്രവര്‍ത്തനങ്ങളാണ് മൂന്നാംഘട്ടത്തില്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിനു ശേഷം ഒരു ദേശീയ മീറ്റോടു കൂടി ഔപചാരിക ഉദ്ഘാടനം പ്രമുഖ രാജ്യാന്തര അത്‌ലറ്റുകളുടെ സാനിധ്യത്തില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്നതായും എം.എല്‍.എ പറഞ്ഞു. ധീരരക്തസാക്ഷി ലഫ്. കേണല്‍ നിരഞ്ജന്റെ നാമകരണവും ഉദ്ഘാടനത്തിനോടനുബന്ധിച്ച് ഔദ്യോഗികമായി നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."