മീന്മുട്ടി വെള്ളച്ചാട്ടം തുറക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങും
മേപ്പാടി: മൂന്ന് വര്‍ഷമായി അടഞ്ഞ് കിടക്കുന്ന മീന്മുട്ടി വെള്ളച്ചാട്ടം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടിവേണമെന്നാവശ്യപ്പെട്ട് മീന്മുട്ടി ആക്ഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഈ മാസം 23ന് മേപ്പാടി ഫോറസ്റ്റ് ഓഫിസ് മാര്‍ച്ചും തുടര്‍ന്ന് ഡി.എഫ്.ഒ ഓഫിസ് മാര്‍ച്ചും നടത്തും.
കഴിഞ്ഞ ദിവസം വടുവഞ്ചാല്‍ ചിത്രഗിരിയില്‍ ചേര്‍ന്ന ആക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രണ്ട് യുവാക്കള്‍ വെള്ളത്തില്‍ മുങ്ങി മരിച്ചതോടെ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനാണ്
മൂന്ന് വര്‍ഷം മുമ്പ് വെള്ളച്ചാട്ടം അടച്ചിട്ടത്. എന്നാല്‍ നാളിതുവരെയായിട്ടും യാതൊരുവിധ നവീകരണ പ്രവൃത്തികള്‍ നടത്തിയിട്ടുമില്ല. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിപ്പമുള്ള രണ്ടാമത്തെ വെള്ളച്ചാട്ടമായിരുന്നു മീന്മുട്ടിയിലേത്. മാസത്തില്‍ ലക്ഷങ്ങളുടെ വരുമാനമായിരുന്നു മീന്മുട്ടിയില് നിന്നും ലഭിച്ചിരുന്നത്. മീന്മുട്ടി അടഞ്ഞ് കിടക്കുന്നതിനാല്‍ വടുവഞ്ചാല്‍ ടൗണിലെ വ്യാപാര മേഖലയെ ബാധിച്ചിരുന്നു.
ചിത്രഗിരിക്ക് സമീപത്ത് നിന്നും ഒന്നര കിലോമീറ്ററോളം ദൂരം റോഡുണ്ട്. 50 മീറ്റര്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തൂടെയാണ് നടക്കേണ്ടത്. വനത്തിനുള്ളിലൂടെയുള്ള സാഹസിക നടത്തവും തുടര്‍ന്ന് കാണുന്ന വെള്ളച്ചാട്ടവും ഏറെ ഹൃദ്യമായ അനുഭവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."