വിളയൂര്‍ പഞ്ചായത്ത് മുസ്‌ലിംലീഗില്‍ വിമത പ്രവര്‍ത്തനങ്ങള്‍ ശക്തമാവുന്നു
കൊപ്പം: വിളയൂര്‍ പഞ്ചായത്തിലെ മുസ്‌ലിം ലീഗ് ഇരു ചേരികളിലായി നീങ്ങുന്നതില്‍ സാധാരണ പ്രവര്‍ത്തകര്‍ നിരാശരാവുന്നു. ഇരു ചേരികളിലെയും നേതാക്കന്‍മാര്‍ക്ക് ഓശാനപാടാന്‍ മണ്ഡലം ജില്ലാ കമ്മിറ്റികളിലെ ഉന്നതന്‍മാരുമുണ്ടെന്നതാണ് പ്രവര്‍ത്തകരെ നിരാശരാക്കുന്നത്. കഴിഞ്ഞകുറേ കാലങ്ങളായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മറനീക്കി പുറത്ത് വന്നത് കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റി തെരഞ്ഞടുപ്പോടെയാണ്.
ഇരുപക്ഷവും വെവ്വേറെ പാനലുകള്‍ അവതരിപ്പിച്ച് ശക്തി തെളിയിക്കാന്‍ ശ്രമിച്ചെങ്കിലും ഔദ്യോഗിക പാനലിനാണ് അംഗീകാരം ലഭിച്ചത്. ഇതിന് ശേഷം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കൂരാച്ചിപ്പടിയില്‍ നടന്ന മുസ്‌ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികള്‍ക്കും ജില്ലയില്‍നിന്ന് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞടുക്കപ്പെട്ട എം.എ സമദ്, പി.പി അന്‍വര്‍ സാദത്ത് എന്നിവര്‍ക്കുമുള്ള സ്വീകരണ സമ്മേളനത്തില്‍നിന്ന് വിമത വിഭാഗം വിട്ടുനിന്നു എന്ന് മാത്രമല്ല യൂത്ത് ലീഗ് നേതാക്കള്‍ക്ക് സമാന്തര സ്വീകരണവും നല്‍കി. ഈ സ്വീകരണ പരിപാടിയോടുകൂടി സാധാരണ പ്രവര്‍ത്തകരും പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കങ്ങള്‍ അറിയാന്‍ തുടങ്ങി.
നിലവിലെ പഞ്ചായത്ത് ജന.സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഔദ്യോഗിക വിഭാഗവും മുന്‍ മണ്ഡലം ഭാരവാഹിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗവും തങ്ങളുടെ വാദങ്ങളില്‍ ഉറച്ച് നിന്ന്പരസ്പരം പഴി ചാരല്‍ തുടരുന്നതിനിടെ നിരാശരായ പാര്‍ട്ടി അണികളില്‍ പലരും പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തി. വിമത വിഭാഗത്തോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ ശാഖ, പഞ്ചായത്ത് തലങ്ങളിലുള്ള ഭാരവാഹിത്വങ്ങള്‍ രാജിവെച്ചു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ മേല്‍ നോട്ടത്തിലുള്ള തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന് സമാന്തരമായി ശിഹാബ് തങ്ങളുടെ പേരില്‍ ഒരു ട്രസ്റ്റ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഈ അസംതൃപ്ത വിഭാഗം. അതിന്റെ രൂപീകരണ കണ്‍വന്‍ഷന്‍ ശനിയാഴ്ച്ച നടത്താനുള്ള ഒരുക്കത്തിലുമാണ്.
യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ പി.പി അന്‍വര്‍ സാദത്തും എം.എ സമദും വിമത വിഭാഗത്തിന്റെ സ്വീകരണം ഏറ്റു വാങ്ങിയതാണ് വിളയൂരിലെ ലീഗിനെ ഇത്ര പ്രതിസന്ധിയിലേക്ക് നയിക്കാന്‍ ആക്കംകൂട്ടിയതെന്നാണ് സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.
ഔദ്യോഗിക സ്വീകരണത്തിന്റെ അതേ ദിവസം തന്നെ മറ്റൊരു സ്വീകരണം ഒരുക്കിയപ്പോള്‍ അത് തിരിച്ചറിയാനുള്ള വിവേകം പോലും ഈ നേതാക്കല്‍ക്കുണ്ടായില്ലെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു. എന്നാല്‍ നിരന്തരം പാര്‍ട്ടിക്ക് ദോശമായ പ്രവര്‍ത്തനങ്ങളാണ് നിലവിലെ നേതൃത്വത്തില്‍ നിന്നുണ്ടാകുന്നതെന്നാണ് വിമത വിഭാഗം ആരോപിക്കുന്നത്.
കാലിന്‍ ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് തടയാനോ ജനകീയ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടാനോ പ്രവര്‍ത്തകരുടെ വികാരങ്ങളറിയാനോ നേതൃത്വം തയ്യാറാവുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
വിളയൂര്‍ പഞ്ചായത്തില്‍ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തോടും പ്രവര്‍ത്തനങ്ങളോടും കിടപിടിക്കാന്‍ സമീപ കാലത്ത് മുസ്‌ലിം ലീഗിന് കഴിഞ്ഞിരുന്നു.
സി.പി മുഹമ്മദ് എന്ന മുതിര്‍ന്ന നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിളയൂരില്‍ സജീവമാണെങ്കിലും സി.പി.എം എല്ലാകാലത്തും ഭയപ്പെട്ടിരുന്നത് പഞ്ചായത്തിലെ ലീഗിന്റെ വളര്‍ച്ചെയെയും സംഘടനാ ഭദ്രതയെയും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ സജീവ സാനിദ്ധ്യത്തെയുമായിരുന്നു. കഴിഞ്ഞ തദ്ധേശ തെരഞ്ഞടുപ്പില്‍ അത് സി.പി.എം അനുഭവിച്ചതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."