ഉപഭോക്താക്കളെ കൊള്ളയടിച്ച് ടിപ്പറുകള്‍
മീനങ്ങാടി: സാധാരണക്കാരന് ഒരു വീട് നിര്‍മിക്കണമെങ്കില്‍ കെട്ടിട നിര്‍മാണങ്ങള്‍ക്കാവശ്യമായ മണല്‍, മെറ്റല്‍, ബോളര്‍ തുടങ്ങിയവക്ക് തോന്നിയ വില നല്‍കേണ്ടി വരും. 150 അടി മണലും, മെറ്റലും ആവശ്യപ്പെടുന്നവര്‍ക്കു അളവില്‍ കൃത്രിമം കാട്ടി ടിപ്പറുകള്‍ ഇറക്കിക്കൊടുക്കുന്നത് 135ഉം, 140ഉം അടി നിര്‍മാണ വസ്തുക്കള്‍.
ഇതിനായി വാഹനത്തിന്റെ ബോഡി കെട്ടുമ്പോള്‍ നൂറ്റി മുപ്പത്തഞ്ചോ, നൂറ്റി നാല്‍പ്പതോ അടി സാധനങ്ങള്‍ കൊള്ളുന്ന രീതിയില്‍ ബോഡി നിര്‍മിക്കുകയാണ് ജില്ലയിലെ വാഹന ഉടമകള്‍. പെരുമ്പാവൂര്‍, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹന ഉടമയുടെ ആവശ്യമനുസരിച്ച് ബോഡി നിര്‍മിച്ച് കൊടുക്കുന്നത്. ഒരു ടിപ്പര്‍ സാധനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ വലിപ്പ വ്യത്യാസവും അളവും ആരും ശ്രദ്ധിക്കാറില്ല. മണല്‍, മെറ്റല്‍ വിലയില്‍ ഒരു അടി മണലിന് ഇപ്പോള്‍ 36 രൂപയാണെന്നിരിക്കെ ഒരു ലോഡ് മണലിന് 360-540 വരെ ആവശ്യക്കാരന്റെ കയ്യില്‍ നിന്നും നഷ്ടമാവുകയാണ്. സീസണില്‍ അടിക്ക് 50 രൂപക്ക് മുകളില്‍ വരെ വില വരുമ്പോള്‍ ഇവരുടെ ലാഭം ഇരട്ടിയാകും.
മണല്‍, മെറ്റല്‍, ബോളര്‍ തുടങ്ങിയവക്ക് ആവശ്യക്കാരെ കണ്ടെത്തി ടിപ്പര്‍ ഉടമകളില്‍ നിന്നും കമ്മീഷന്‍ കൈപ്പറ്റുന്ന ഏജന്റുമാര്‍ വരെ ഇത്തരത്തില്‍ അളവ് കുറച്ച് ആവശ്യക്കാരെ പിഴിയുകയാണ്. 150 അടി മണലിന്റെ യാഥാര്‍ഥ വിലയായ 5400 രൂപയും വാഹന വാടകയും ഉള്‍പ്പടെ നല്ലൊരു തുകയാണ് ആവശ്യക്കാരന് നല്‍കേണ്ടിവരുന്നത്. വാഹന വാടക 10 കിലോമീറ്ററിന് മിനിമം ചാര്‍ജ് 800 രൂപയും പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 60 രൂപയുമാണ് ഇപ്പോള്‍ ഈടാക്കുന്നത്. എന്നാല്‍ 150 അടി ബോഡി കെട്ടിയ ടിപ്പറുകളില്‍ കൃത്യമായി അളവനുസരിച്ച് ലോഡ് ചെയ്യുന്ന വാഹനങ്ങളെക്കാള്‍ അവശ്യ സാധനങ്ങളുടെ അളവ് കുറച്ചു കിട്ടുന്ന ലാഭത്തില്‍ നിന്നും വാടക കുറച്ച് മത്സരിക്കുന്ന ടിപ്പറുടമകളുടെയും, ജീവനക്കാരുടെയും, ഏജന്റുമാരുടെയും വലയില്‍ സാധാരണക്കാരാണ് കൂടുതലായും അകപ്പെടുന്നത്. ഇതിനിടയില്‍ 150 അടി കൃത്യമായി നല്‍കുന്ന വാഹനങ്ങള്‍ അമിത ചാര്‍ജ് ഈടാക്കുന്നെന്നു പറഞ്ഞു മാറ്റി നിര്‍ത്തി സ്വയം പരിഹാസ്യരാവുകയാണ് മറ്റൊരു കൂട്ടര്‍.
അളവ് കുറച്ച് കിട്ടുന്ന ലാഭം പാര്‍ട്ടിക്ക് കുറച്ച് കൊടുത്ത് കൂടുതല്‍ ഓര്‍ഡറുകള്‍ കൈപ്പറ്റുന്ന വിരുതന്‍മാര്‍ 150 അടി ബോഡി ലെവലില്‍ ലോഡ് ചെയ്യുന്നവര്‍ക്ക് വിലങ്ങു തടിയാവുന്നെന്ന് ഒരു വിഭാഗം ടിപ്പര്‍ ഉടമകളും ആരോപിക്കുന്നു. മലബാറില്‍ നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ടിപ്പര്‍ പോലെയുള്ള വാഹനങ്ങളുമായി ബന്ധപ്പെട്ടവര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രധിഷേധവും ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."