ദലിതനായ മേല്‍ശാന്തിയെ തന്ത്രി ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന്
പാലക്കാട്: പട്ടികജാതി പറയസമുദായാംഗമായ ക്ഷേത്രം മേല്‍ശാന്തിയെ അമ്പലത്തിലെ പ്രതിഷ്ഠാചടങ്ങുകളില്‍നിന്ന് വിലക്കിയതായി ഗോപി തിരുമേനി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു.
തച്ചമ്പാറ തൃക്കള്ളൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായ ഗോപി തിരുമേനിയെയാണ് അവിടത്തെ തന്ത്രിയായ കൂനത്തറ തിയ്യന്നൂര്‍മന കൃഷ്ണചന്ദ്രന്‍ ജാതിപേര് വിളിച്ച് ആക്ഷേപിച്ചത്.
ക്ഷേത്രത്തിലെ ഉത്സവ ദിവസമായ മേയ് എട്ടിന് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും തന്ത്രിയും ക്ഷേത്രകമ്മിറ്റിക്കാരും വിലക്കിയതായും ഗോപി പറഞ്ഞു. ഇതിനെതിരേ മണ്ണാര്‍ക്കാട് മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി സമര്‍പിച്ചിട്ടുണ്ട്. 25 വര്‍ഷത്തിലധികമായി ധാരാളം ക്ഷേത്രങ്ങളില്‍ ശാന്തിയായി ജോലി ചെയ്തിട്ടുണ്ടെന്നും അവിടെനിന്നൊന്നും ഇത്തരത്തിലുള്ള പരാമര്‍ശം കേള്‍ക്കേണ്ടി വന്നിട്ടില്ലെന്നുംപറഞ്ഞു.
കുളപ്പുള്ളി ത്രിപുരാശ്രമത്തില്‍നിന്നാണ് പൂജാദികര്‍മങ്ങള്‍ ചെയ്യാന്‍ ഗോപി പഠിച്ചത്. കഴിഞ്ഞ ഡിസംബര്‍ നാലു മുതലാണ് ഇദ്ദേഹം തൃക്കള്ളൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ജോലിചേര്‍ന്നത്.
അതിനുശേഷം വന്ന തൈപ്പൂയത്തിലെ പൂജാദികര്‍മങ്ങള്‍ക്ക് ഇദ്ദേഹമാണ് നേതൃത്വം നല്‍കിയത്. അന്നൊന്നും തന്ത്രി തിയ്യന്നൂര്‍മന കൃഷ്ണചന്ദ്രന് പ്രശ്‌നം ഉണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് തന്ത്രിയോട് ചോദിച്ചപ്പോള്‍ എന്റെ കൂടെ വരുന്നവര്‍ക്കാണ് പ്രശ്‌നം എന്നാണ് തന്ത്രി പറഞ്ഞതെന്നും പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് തൊഴില്‍ മേഖലയില്‍ മാത്രമല്ല, ഒരു മേഖലയിലും നീതിയും തുല്യതയും ഇല്ലെന്നും ഗോപി തിരുമേനി കൂട്ടിച്ചേര്‍ത്തു.
സ്വന്തം മതത്തില്‍നിന്നുമാണ് ഏറ്റവും കൂടുതല്‍ അപമാനവും, അവഹേളനവും, അകറ്റിനിര്‍ത്തലും, അനീതിയും ഉണ്ടാവുന്നതെന്നും സമൂഹത്തില്‍നിന്ന് തുല്യപരിഗണന നല്‍കേണ്ടതില്‍നിന്നും പട്ടികജാതി-വര്‍ഗ വിഭാഗത്തെ അകറ്റിനിര്‍ത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിച്ചുകെണ്ടിരിക്കുന്നത് ഹിന്ദുമതത്തിലെ സവര്‍ണരാണെന്നും, ഇതിനെതിരേ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ പ്രതികരിക്കണമെന്നും ഗോപി വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."