റോഡ് മുറിച്ചുകടക്കല്‍ സാഹസികം സീബ്രാലൈന്‍ ഇല്ലാതെ ജില്ലയിലെ റോഡുകള്‍
കല്‍പ്പറ്റ: സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാന്‍ റോഡില്‍ വെള്ളവരകള്‍ ഇല്ലങ്കിലോ..? വാഹനങ്ങള്‍ നിര്‍ത്തി തരുന്നത് വരെ കാത്തിരിക്കുക, അല്ലങ്കില്‍ ജീവന്‍ പണയംവച്ച് റോഡ് മുറിച്ചുകടക്കുക. പരിചിതര്‍ കൈകാട്ടി വാഹനം നിര്‍ത്തിച്ച് അക്കരെ പറ്റുമ്പോള്‍ ഭൂരിഭാഗവും ഡ്രൈവര്‍മാരുടെ കാരുണ്യത്തിനായി റോഡരികില്‍ ഊഴം കാത്തിരിക്കുകയാണ്. ജനത്തിരക്കും വാഹനത്തിരക്കും ഏറെയുള്ള ജില്ലയിലെ പ്രധാന ടൗണുകളായ കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെല്ലാം സീബ്രാലൈനുകള്‍ മാഞ്ഞത് കാല്‍നടയാത്രക്കാര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. സീബ്രാലൈനുകള്‍ വരച്ച് ജില്ലയുടെ വിവിധ പട്ടണങ്ങളിലെ കാല്‍നട യാത്രക്കാരുടെ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബത്തേരിയില്‍ റോഡ് മുറിച്ച് കടക്കല്‍ ഞാണിന്മേല്‍ കള
സുല്‍ത്താന്‍ ബത്തേരി: ബത്തേരി ടൗണില്‍ ഒരിടത്തും സീബ്രാലൈനുകള്‍ ഇല്ലാതായതോടെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം റോഡ് മുറിച്ച് കടകുന്നത് ജീവന്‍ പണയം വച്ച്. ജില്ലയില്‍ എറ്റവും തിരക്കേറിയ ഒരു നഗരത്തിലെ അവസ്ഥയാണിത്.
ആവശ്യമായ സ്ഥലങ്ങളില്‍ എല്ലാം തന്നെ സീബ്രാലൈനുകള്‍ ഉണ്ടായിരുന്നെങ്കിലും ഒരു വര്‍ഷം മുമ്പ് ഇവയെല്ലാം മാഞ്ഞുപോയി. ഇതോടെ കാല്‍നട യാത്രക്കാരുടെയും വാഹനഡ്രൈവര്‍മാരുടെയും ദുരിതവും തുടങ്ങി. ദേശീയപാത 766 കടന്നുപോകുന്ന ടൗണായിട്ടുകൂടി മാഞ്ഞുപോയ സീബ്രാലൈനുകള്‍ വീണ്ടും വരയ്ക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല.
ഇത് കാരണം തിരക്കേറിയ ടൗണില്‍ വാഹനങ്ങള്‍ ചീറിപായുമ്പോള്‍ റോഡ് മുറിച്ച് കടക്കുന്നവര്‍ അപകടത്തില്‍ നിന്നും പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ദിനംപ്രതി നൂറ് കണക്കിന് വിദ്യാര്‍ഥികളടക്കം ആയിരക്കണക്കിന് ആളുകളാണ് ബത്തേരി ടൗണില്‍ എത്തി മടങ്ങുന്നത്. അസംപ്ന്‍ ജംഗ്ഷന്‍, വിനായക ഹോസ്പിറ്റലിലേക്ക് തിരിയുന്നിടം, ട്രാഫിക് ജംഗ്ഷനില്‍ രണ്ട് സ്ഥലത്ത്, ചുങ്കത്ത് രണ്ടിടത്ത്, ചുള്ളിയോട് റോഡില്‍ ബസ്റ്റാന്‍ഡിനു മുന്നിലും, ഗാന്ധിജംഗ്ഷനില്‍, റഹിം മെമ്മോറിയല്‍ റോഡില്‍ തുടങ്ങി 10ഓളം സ്ഥലങ്ങളിലെ സീബ്രാലൈനുകള്‍ മാഞ്ഞുപോയിട്ട് ഒരു വര്‍ഷം കഴിഞ്ഞു.
ഇവിടങ്ങളില്‍ സീബ്രാലൈനുകള്‍ ഉണ്ടായിരുന്ന സ്ഥലമാണ് എന്നതിനാല്‍ സ്ഥിരമായി ടൗണില്‍ എത്തുന്നവര്‍ ഈ ഭാഗത്ത്കൂടെ റോഡ് മുറിച്ച് കടക്കും.
പക്ഷേ ഇത് അറിയാത്ത അതിര്‍ത്തി സംസ്ഥാനത്തുനിന്നും അന്യ ജില്ലകളില്‍ നിന്നും വരുന്ന വാഹന ഡ്രൈവര്‍മാര്‍ ദുരിതത്തിലാവുകയാണ്. പലപ്പോഴും അപകടത്തിന്ന് കാരണമാവുകയാണ് ഇവിടെയുള്ള റോഡ് ക്രോസിങ്. ഈ സാഹചര്യത്തില്‍ അടിയന്തരമായി ടൗണില്‍ ആവശ്യമായ സ്ഥലങ്ങലില്‍ എല്ലാം തന്നെ സീബ്രാലൈനുകള്‍ വരയ്ക്കണമെന്നാണ് പൊതുജനത്തിന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."